ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതതിരായ പീഡനക്കേസിലെ കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ അനിശ്ചിതികാല സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്‍റെ നടപടി.
2014നും 16നും ഇടയില്‍ നാടുക്കുന്ന് മഠത്തില്‍വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നുപരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. ഇരുപത്തിയഞ്ച് ദിവസം ജയിലില്‍ കിടന്ന ബിഷപിന് പിന്നീട് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കേസിന്‍റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഒരുമാസം മുന്‍പ് അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കിയെങ്കിലും ഡിജിപിയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാനായില്ല. ഇതോടെ പ്രതിഷധവും ശക്തമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരില്‍ കണ്ട് പരാതി അറിയിച്ചു.
ഒടുവില്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കിയത്. ഏറെ വിവാദമായ കേസായതിനാല്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വിശദമായി പരിശോധിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശങ്ങളും പരിഗണിച്ച് തിരുത്തലുകള്‍ വരുത്തിയ ശേഷമായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. എണ്‍പത് പേജിലേറെയുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍. എന്നിവയ്ക്ക് പുറമെ മുപ്പതിലധികം രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബിഷപുമാര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 90പേരുടെ സാക്ഷിമൊഴികളും ഉള്‍പ്പെടും. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും കുറ്റപത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായി. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം എതിരാകുമെന്ന സാധ്യതകണ്ടാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.
Leave a Reply