ദിനേശ് വെള്ളാപ്പള്ളി

അര്‍ഹിക്കുന്ന കൈയ്യില്‍ സഹായമെത്തുമ്പോഴാണ് അതിന് പൂര്‍ണ്ണത കൈവരുക. അത്തരത്തില്‍ സേവനം യുകെ നല്‍കുന്ന സഹായം പൂര്‍ണ്ണമായും അര്‍ഹിക്കുന്ന കൈകളിലെത്തുന്നുവെന്ന കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം. ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒഴിവാക്കപ്പെടുന്ന സമൂഹത്തിന് സഹായഹസ്തം നീട്ടുമ്പോഴാണ് അത് മഹത്വപൂര്‍ണമാകുന്നത്. കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിന് (കുതിരവട്ടം) സേവനം യുകെ നല്‍കിയ സഹായം അതിനാല്‍ തന്നെ മികവേറിയതാണ്. സേവനം യുകെയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ന് 11 മണിക്ക് മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനില്‍ നിന്നും ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ കെ. സി. രമേശന്‍ ആശുപത്രി ഉപകരണങ്ങള്‍ ഏറ്റുവാങ്ങി.

ആരും തുണയില്ലാതെ നാലു ചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് സഹായം എത്തിക്കുക എന്ന ദൗത്യം ആണ് സേവനം യുകെ നിര്‍വഹിച്ചത്. സേവനം യുകെ ഏപ്രില്‍ 14ന് ഗ്ലോസ്റ്ററില്‍ വച്ചു നടത്തിയ വിഷു നിലാവ് എന്ന പരിപാടിയില്‍ നിന്നും സമാഹരിച്ച തുകയുടെ ഒരു ഭാഗമാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. വിഷു നിലാവ് എന്ന മികച്ച പരിപാടിയുടെ ഭാഗമായി ഇതോടെ സേവന രംഗത്തിനും ഒരു സഹായ ഹസ്തമായി മാറിയ ഏവരും ഈ നന്മയുടെ ഭാഗം തന്നെയാണ്.

ഇന്ത്യയിലെ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ പുരോഗമിച്ച ഒരു സംസ്ഥാനമാണ് കേരളം. അതിന് പ്രവാസി സമൂഹം നല്‍കിയ സംഭാവന വളരെ വലുതാണ്. എന്നാല്‍ കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ കണ്ടറിഞ്ഞ സേവനം യുകെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് ഓരോ പ്രവാസികള്‍ക്കും അഭിമാനിക്കാവുന്ന പ്രവര്‍ത്തനമാണ്.

ആരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും അകന്നു കഴിയുന്ന ഇവരുടെ ജീവിതത്തിലേക്ക് കൈത്തിരി വെളിച്ചമായി കടന്നു ചെല്ലാനുള്ള ദൗത്യമാണ് സേവനം യു കെ ഏറ്റെടുത്തത്. ശ്രീനാരായണീയ ഭക്തരെന്ന നിലയില്‍ ശ്രീനാരായ ഗുരു ദേവന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോള്‍ നാം എന്നും സേവന സന്നദ്ധരായിരിക്കണം.’അവനവനാത്മ സുഖത്തിനായി ആചരിക്കുന്നവ അപരന് സുഖത്തിനായി വരേണം’, ഗുരുദേവന്റെ ഈ വാക്കുകള്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജമായി മാറ്റിക്കൊണ്ടാണ് സേവനം യുകെ പ്രവര്‍ത്തനപഥം തെളിയിക്കുന്നത്.


കേരളം പ്രളയദുരന്തത്തില്‍ ആയിരുന്നതിനാലാണ് ഇതു വരെ ഈ വാര്‍ത്ത നിങ്ങളെ അറിയിക്കുന്നത് വൈകിപ്പിച്ചത്. സംഭാവന നല്‍കിയ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു.

ചെയര്‍മാന്‍
ബിജു പെരിങ്ങത്തറ. സേവനം യു കെ.

നമുക്കു നല്‍കാം ഹാരോ കുടുംബ യൂണിറ്റ് കണ്‍വീനര്‍ സുരേഷ് മോഹന് ഒരു ബിഗ് സല്യൂട്ട്. തന്റെ അവധിക്കാലം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടില്‍ പോയ സുരേഷ് തന്റെ സമയത്തിന്റെ മുക്കാല്‍ ഭാഗവും ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിനു വേണ്ടി മാറ്റിവച്ചു. കോഴിക്കോട്ട് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്നു. സുരേഷിന്റെ ഈ പ്രവര്‍ത്തനം പ്രശംസനീയമാണ്.