കോഴിക്കോടന്‍ ഭാഷ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ ഹാസ്യതാരമാണ് ഹരീഷ് കണാരന്‍. താന്‍ ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായിരുന്നെന്നും ഇപ്പോഴും ദിലീപേട്ടന്റെ ഫാനാണെന്നും ഹരീഷ് കണാരന്‍ പറഞ്ഞു.
‘ഞാന്‍ ദിലീപേട്ടന്റെ ഫാന്‍സ് അസോസിയേഷനിലൊക്കെ ഉണ്ടായിരുന്നു. ദിലീപേട്ടന്റെ സിനിമകള്‍ ഇറങ്ങുമ്പോള്‍ തിയേറ്റര്‍ അലങ്കരിക്കുക, പോസ്റ്റര്‍, ഒട്ടിക്കുക, ശിങ്കാരിമേളം അറേഞ്ച് ചെയ്യുക തുടങ്ങി ആഘോഷപരിപാടികള്‍ നടത്തുകയായിരുന്നു പ്രധാനപരിപാടി. ഇന്നും ദിലീപേട്ടന്‍ ഫാന്‍ തന്നെയാണ്. അതില്‍ മാറ്റമില്ല. 2 കണ്‍ട്രീസിന്റെ സെറ്റില്‍വെച്ച് ദിലീപേട്ടനോട് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് അറിയാം ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ഫാനാണെന്ന്. ഞാന്‍ ഓട്ടോ ഓടിച്ചിരുന്നപ്പോള്‍ എന്റെ വണ്ടിയുടെ പേര് കൊച്ചി രാജാവ് എന്നായിരുന്നു’- ഹരീഷ് കണാരന്‍ പറഞ്ഞു.
‘പത്താം ക്ലാസില്‍ തോറ്റപ്പോള്‍ രണ്ടാമത് എഴുതാന്‍ എല്ലാവരും നിര്‍ബന്ധിച്ചു. അങ്ങനെ 17ാം വയസ്സില്‍ ടൂട്ടോറിയല്‍ കോളജില്‍ പോയി ചേര്‍ന്നു. അവിടെ വെച്ച് കണ്ടുമുട്ടിയ പെണ്‍കുട്ടി ഇപ്പോള്‍ എന്റെ ഭാര്യയാണ്. നാട്ടിന്‍പുറത്ത് ഞാന്‍ ഇപ്പോഴും സിനിമ താരമല്ല. മുണ്ടുടുത്ത് സാധാരണക്കാരനായി ജീവിക്കുകയാണ്. ഇവിടെ ഷൂട്ടിംഗിനിടെ ഒരു ദിവസം ഗ്യാപ് കിട്ടിയാല്‍ ഞാന്‍ നേരെ നാട്ടിലേക്ക് പോകും’ ഹരീഷ് പറഞ്ഞു.
‘സിനിമയില്‍ എത്തുന്നതിന് മുന്‍പ് മിമിക്രി പരിപാടികളും സ്‌കിറ്റുമായി നാടിന്റെ പുറത്ത് പോകും. നാട്ടില്‍ ഓട്ടോ ഓടിച്ചും പെയിന്റ് പണിക്ക് പോയും കല്ലുപണിക്ക് പോയുമൊക്കെയാണ് ജീവിച്ചുകൊണ്ടിരുന്നത്. നാലാം ക്ലാസില്‍വെച്ച് ടീച്ചര്‍ എന്താകണമെന്ന് ചോദിച്ചപ്പോള്‍ സിനിമാ നടന്‍ എന്ന് തട്ടിവിട്ടതാണ്. ഒന്നും ആലോചിച്ച് അല്ല പറഞ്ഞത്. ഹരീഷ് കണാരന്‍, ബാബുവേട്ടന്‍ സ്‌കിറ്റുകളാണ് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്’-ഹരീഷ് പറഞ്ഞു.
Leave a Reply