ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചൈനയിൽ നിർമ്മിക്കുന്ന ഇ- ബൈക്കുകൾ യുകെ വിപണി പിടിച്ചടക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയിലേയ്ക്ക് കയറ്റി അയക്കുന്ന ചൈനീസ് ഇലക്ട്രിക് ബൈക്കുകളുടെ താരിഫ് ഒഴിവാക്കാനുള്ള തീരുമാനം സർക്കാർ തലത്തിൽ കൈകൊണ്ടിരുന്നു. നേരത്തെ ബ്രെക്സിറ്റിനെ തുടർന്ന് ചൈനീസ് ഇ- ബൈക്കുകൾക്ക് ബോർഡർ ടാക്സ് ചുമത്തിയിരുന്നു. എന്നാൽ വെള്ളിയാഴ്ച മുതൽ നോൺ ഫോൾഡിങ് ഇ- ബൈക്കുകൾക്കുള്ള താരീഫ് എടുത്തു കളയാനുള്ള ശുപാർശ ബിസിനസ് സെക്രട്ടറി ജോനാഥൻ റെയ്‌നോൾഡ്‌സ് അംഗീകരിച്ചു.
ചൈനീസ് ഇ ബൈക്കുകളുടെ ഇറക്കുമതിയുടെ താരിഫ് ഒഴിവാക്കിയതിലൂടെ ഉപഭോക്താക്കൾക്ക് 200 പൗണ്ട് ലാഭിക്കാമെന്ന് താരിഫുകൾ അവലോകനം ചെയ്യുന്ന ട്രേഡ് റെമഡീസ് അതോറിറ്റി പറഞ്ഞു. എന്നാൽ നടപടികളിൽ ഇ ബൈക്കുകൾ നിർമ്മിക്കുന്ന ബ്രിട്ടീഷ് കമ്പനികൾ സന്തുഷ്ടരല്ല. നിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങൾ ബ്രിട്ടീഷ് മാർക്കറ്റിൽ വിറ്റഴിക്കുന്നതിന് ഈ നടപടി കാരണമാകുമെന്ന ആക്ഷേപം ശക്തമാണ്. യുകെയിൽ സമാനമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളുടെ മരണമണി മുഴക്കുമെന്നാണ് ഇത്തരം കമ്പനികളുടെ പ്രതിനിധികൾ അഭിപ്രായപ്പെടുന്നത്.
ഇ – ബൈക്ക് നിർമ്മിക്കുന്ന ചൈനീസ് കമ്പനികളുടെ ബ്രിട്ടീഷ് മാർക്കറ്റിലേക്കുള്ള അധിനിവേശത്തിന് സർക്കാർ നടപടി കാരണമാകുമെന്ന് നിർമ്മാണ കമ്പനി നടത്തുന്ന സഹോദരങ്ങളായ ജെയിംസ് മെറ്റ് കാഫും ലൈലും പറഞ്ഞു. നേരത്തെ ഇവർ പോളണ്ടിലായിരുന്നു നിർമ്മാണ ഫാക്ടറി നടത്തിയിരുന്നത്. ബ്രെക്സിറ്റിന് ശേഷമാണ് ഇവർ നിർമ്മാണ പ്രവർത്തനങ്ങൾ യുകെയിലേക്ക് മാറ്റിയത്. നിലവാരം കുറഞ്ഞ ചൈനീസ് ഇ ബൈക്കുകൾ വിപണി കൈയ്യടക്കിയതു കൊണ്ട് തങ്ങളുടെ കമ്പനി പൂട്ടേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്.
നിലവാരമില്ലാത്ത ഇ ബൈക്കുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ യുകെയിൽ കൂടി വരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ചാർജ് ചെയ്യുന്ന സമയത്ത് തീപിടുത്തമുണ്ടായി ലണ്ടനിൽ രണ്ട് വീടുകൾ കത്തി നശിച്ചിരുന്നു. 2023 മുതൽ ഇതുവരെ ഇ – ബൈക്കുകളുടെയും സ്കൂട്ടറുകളുടെയും ബാറ്ററിക്ക് തീ പിടിച്ച് ലണ്ടനിൽ മാത്രം മൂന്ന് പേർ മരിക്കുകയും 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം തീപിടുത്തത്തിൻ്റെ പ്രധാന കാരണം പരിവർത്തനം ചെയ്ത ഇലക്ട്രിക് വാഹനങ്ങൾ ആണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഓരോ തീപിടുത്തവും ഉണ്ടാക്കുന്ന നാശത്തിന്റെ തോത് കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് ലണ്ടൻ ഫയർ ബ്രിഗേഡിലെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ റിച്ചാർഡ് ഫീൽഡ് പറഞ്ഞു.
Leave a Reply