ലണ്ടന്‍: വെളുത്തവരുടെ മേല്‍കോയ്മയില്‍ അഹങ്കാരം കൊള്ളുന്നവര്‍ക്ക് തിരിച്ചടിയായി ശാസ്ത്രീയ പഠനം. ബ്രിട്ടീഷ് വംശത്തിലുള്ളവരുടെ പൂര്‍വികര്‍ ഇരുണ്ട നിറമുള്ളവരായിരുന്നെന്ന് ലണ്ടന്‍ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. 1903ല്‍ സോമര്‍സെറ്റിലെ ചെഡാര്‍ ജോര്‍ജില്‍ നിന്ന് ലഭിച്ച ചരിത്രാതീത കാലത്തെ മനുഷ്യന്റെ തലയോട്ടിയില്‍ നടത്തിയ ശാസ്ത്രീയ പഠനങ്ങളാണ് ഇതേക്കുറിച്ചുള്ള സൂചന നല്‍കുന്നത്. തലയോട്ടിയില്‍ മുഖം പുനര്‍നിര്‍മിച്ചും ഡിഎന്‍എ വേര്‍തിരിച്ചും നടത്തിയ പഠനങ്ങളിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്.

ഇതനുസരിച്ച് യൂറോപ്യന്‍മാര്‍ക്ക് വെളുത്ത നിറമുണ്ടായതിന് അധികം കാലപ്പഴക്കമില്ല. ഏറ്റവുമൊടുവിലുണ്ടായ ഹിമയുഗത്തിനു ശേഷം ബ്രിട്ടനില്‍ താമസമാരംഭിച്ച മനുഷ്യവംശത്തിന്റെ പ്രതിനിധിയാണ് ചെഡാര്‍ മാന്‍ എന്ന് അറിയപ്പെടുന്ന ഈ തലയോട്ടിയുടെ ഉടമ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളപ്പോളാണ് ഇയാള്‍ മരിച്ചതെന്നാണ് സൂചന. നിലവിലുള്ള യൂറോപ്യന്‍മാരേക്കാള്‍ പൊക്കം കുറഞ്ഞ ഇയാള്‍ക്ക് 5 അടി അഞ്ച് ഇഞ്ചായിരുന്നത്രേ ഉയരം. ഏകദേശം 10,000 വര്‍ഷങ്ങള്‍ പഴക്കമാണ് തലയോട്ടിക്ക് കണക്കാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

115 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് ലഭിച്ചത്. കഴിഞ്ഞ 40 വര്‍ഷത്തോളമായി ഈ തലയോട്ടിയില്‍ ഗവേഷണങ്ങള്‍ നടത്തുന്ന പ്രൊഫ.ക്രിസ് സ്ട്രിങ്ങറാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. കേടുപാടുകളില്ലാത്ത ഡിഎന്‍എ സാമ്പിളുകള്‍ ഈ തലയോട്ടിയില്‍ നിന്ന് ലഭിച്ചത് ഗവേഷണത്തിന് ഊര്‍ജ്ജം നല്‍കി. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടന്റെ സഹകരണത്തോടെ നടത്തിയ വിശകലനങ്ങളില്‍ തലമുടി, കണ്ണ്, ത്വക്ക് എന്നിവയുടെ നിറമുള്‍പ്പെടെയുള്ള വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കാനായി.

മീസോലിത്തിക്, അഥവാ മധ്യ ശിലായുഗത്തില്‍ ജീവിച്ചിരുന്നുവെന്ന് കരുതുന്ന ഈ മനുഷ്യന് കറുത്ത തലമുടിയും നീല നിറമുള്ള കണ്ണുകളും തവിട്ട് അല്ലെങ്കില്‍ ഇരുണ്ട നിറവുമായിരിക്കാം ഉണ്ടായിരുന്നതെന്നാണ് വ്യക്തമായത്. 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മിഡില്‍ ഈസ്റ്റില്‍ നിന്ന് കുടിയേറിയ ജനതയായിരിക്കാം ചെഡാര്‍ മാന്റെ വംശത്തിലുള്ളവരെന്നും അവരുടെ പ്രത്യേകതകളാണ് ത്വക്കിന്റെയും തലമുടിയുടെയും ഈ നിറമെന്നും ഗവേഷകര്‍ പറയുന്നു. പഠനത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ബിബിസി ചാനല്‍ 4 സംപ്രേഷണം ചെയ്യും.