ലണ്ടന്‍: ആരെങ്കിലും വാതിലില്‍ മുട്ടി വിളിച്ചാല്‍ നാം എന്താണ് ചെയ്യുക? ഡോര്‍ ക്യാമറയില്‍ നോക്കി വാതില്‍ തുറന്നുകൊടുക്കും എന്നതായിരിക്കും എല്ലാവരുടെയും മറുപടി. എന്നാല്‍ സതാംപ്ടണില്‍ താമസിക്കുന്ന ബ്രയാന്‍ എന്ന യുവാവ് ചെയ്തത് കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. പ്രത്യേകിച്ച് വാതിലില്‍ മുട്ടിയത് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയാകുമ്പോള്‍. ഡോര്‍ ക്യാമറയില്‍ പ്രധാനമന്ത്രിയെ കണ്ട് ഞെട്ടിയ യുവാവ് പക്ഷേ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തനിക്ക് ഭയമായിരുന്നു എന്നാണ് ഇയാള്‍ പിന്നീട് പ്രതികരിച്ചത്.
തനിക്ക് അവരോട് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം. അവരുടെ സമയം മെനക്കെടുത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് വാതില്‍ തുറക്കാതിരുന്നതെന്നും ബ്രയാന്‍ വ്യക്തമാക്കി. സാധാരണ രാഷ്ട്രീയക്കാര്‍ വന്നാല്‍ അവരുമായി സംസാരിക്കുന്നതില്‍ താന്‍ അത്ര താല്‍പര്യം കാണിക്കാറില്ല. പക്ഷേ പ്രധാനമന്ത്രി എത്തിയപ്പോള്‍ അല്‍പം ഭയന്നുപോയതായി ബ്രയാന്‍ പറയുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ താന്‍ വോട്ട് ചെയ്തിട്ടില്ല. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന് അനുകൂലമായാണ് വോട്ട് ചെയ്തത്.
രാഷ്ട്രീയത്തില്‍ തനിക്ക് വലിയ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ അത്തരം ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് പതിവ്. എന്നാല്‍ ജെറമി കോര്‍ബിനുമായി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട്. അത് തെരേസ മേയേക്കാള്‍ കോര്‍ബിനെ ഇഷ്ടപ്പെടുന്നതുകൊണ്ടോ പിന്തുണയ്ക്കുന്നതുകൊണ്ടോ അല്ലെന്നും ഈ യുവാവ് പറഞ്ഞു. തെരേസ മേയ്ക്ക് വലിയ പ്രശസ്തിയുണ്ട്. അതുകൊണ്ടുതന്നെ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങള്‍ ഒട്ടേറെ അവര്‍ ചോദിക്കും. അത് ഒഴിവാക്കാനും കൂടിയാണ് വാതില്‍ തുറക്കാതിരുന്നതെന്നും ബ്രയാന്‍ പറഞ്ഞു.
എന്നാല്‍ ബ്രയാന്‍ മാത്രമായിരുന്നില്ല ഈ വിധത്തില്‍ പ്രതികരിച്ചത്. തെരേസ മേയ് ഒട്ടേറെ വീടുകളില്‍ തട്ടി വിളിച്ചിട്ടും പലരും വാതില്‍ തുറക്കാനോ സംസാരിക്കാനോ തയ്യാറായില്ലെന്ന് സ്‌കൈ ന്യൂസ് വാര്‍ത്താ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. അണികളുടെയും മാധ്യമങ്ങളുടെയും അകമ്പടിയോടെയാണ് മേയ് ഭവന സന്ദര്‍ശനത്തിന് ഇറങ്ങിയത്.
Leave a Reply