തൃശൂര്‍ ചേലക്കരയിലെ കൊലപാതകത്തില്‍ പ്രതികളുടെ ലക്ഷ്യം കല്യാണി അണിഞ്ഞിരുന്ന ആഭരണം. മദ്യപിക്കാനുള്ള പണം കിട്ടാന്‍ ആരെങ്കിലും വയോധികയുടെ ആഭരണങ്ങളില്‍ കണ്ണുവച്ചോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ചേലക്കര ഗ്രാമം മുഴുവന്‍ ഈ അരുംകൊലയുടെ ഞെട്ടലിലാണ്.
കൊലപാതകം നടന്ന ചേലക്കര പുലാക്കോട് ഗ്രാമത്തെചുറ്റിപ്പറ്റിയാണ് അന്വേഷണം. ഇതരസംസ്ഥാന തൊഴിലാളികള്‍ നിരവധി പേര്‍ താമസിക്കുന്ന മേഖലയാണിത്. പക്ഷേ, കൊലപാതകത്തില്‍ ഇതരസംസ്ഥാനക്കാര്‍ പങ്കില്ലെന്നാണ് പൊലീസിന്റെ ആദ്യനിഗമനം. ആഭരണം കൈക്കലാക്കിയാല്‍ പിന്നെ, മൃതദേഹം ഉപേക്ഷിക്കാന്‍ ഇക്കൂട്ടത്തിലെ ക്രിമിനലുകള്‍ നില്‍ക്കില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കൊല്ലണമെന്ന ഉദ്ദേശത്തോടെതന്നെ ആക്രമിച്ചതിന്റെ സൂചനകളാണ് ഇന്‍ക്വസ്റ്റില്‍ പൊലീസ് കണ്ടെത്തിയത്.
മോഷണശ്രമത്തിനിടെയുള്ള കയ്യബദ്ധമല്ല സംഭവിച്ചതെന്ന് പൊലീസ് കരുതുന്നു. കല്യാണി ജീവിച്ചിരുന്നാല്‍ ആഭരണം തട്ടിയെടുത്തത് ആരാണെന്ന് പുറംലോകമറിയും. വീടുമായും നാടുമായും അടുപ്പമുള്ളവര്‍ തന്നെയാകാം കൊല നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. മാത്രവുമല്ല, മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതിന്റെ കാരണമായി കരുതുന്നത് പിന്നീടൊരു അന്വേഷണം നടക്കാതിരിക്കാന്‍ കൂടിയാകാം.
ദീര്‍ഘദൂരങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ പതിവായി ദര്‍ശനത്തിന് പോകുമ്പോള്‍ രണ്ടും മൂന്നും ദിവസം വീട്ടില്‍ നിന്ന് കല്യാണി മാറിനില്‍ക്കാറുണ്ട്. കാണാതാകുമ്പോള്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള യാത്രയ്ക്കിടെ എന്തെങ്കിലും സംഭവിച്ചെന്ന ധാരണയില്‍ അന്വേഷണം അവസാനിക്കുമെന്നും കൊലയാളി കരുതിയിരിക്കാം. പക്ഷേ, ചാക്കില്‍ കെട്ടിയ മൃതദേഹം പൊന്തക്കാട്ടില്‍ കണ്ടെത്തിയതോടെ കൊലയാളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പരമ്പരാഗത രീതിയിലാണ് പൊലീസിന്റെ അന്വേഷണം.
നാട്ടിലെ സ്ഥിരം മദ്യപാനികള്‍ , സ്ഥിരം പ്രശ്നക്കാര്‍ തുടങ്ങി വിവിധ പട്ടികകള്‍ തയാറാക്കിയാണ് അന്വേഷണം. ഒപ്പം, ആരെങ്കിലും സ്ഥലംവിട്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്ഥിരമായി മദ്യപിക്കുന്ന ചിലരെ കേന്ദ്രീകരിച്ചാണ് പ്രാഥമിക അന്വേഷണം. മദ്യപിക്കാന്‍ കൈവശം പണമില്ലാതെ നട്ടംതിരിയുന്ന ആരെങ്കിലും നാട്ടിലുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിട്ടുണ്ടെങ്കിലും ആരും കുറ്റം സമ്മതിച്ചിട്ടില്ല.
Leave a Reply