ദേശാന്തരങ്ങൾ കടന്നു ജീവിതം കെട്ടി പടുക്കുവാൻ മറുനാട്ടിലെത്തിയ യുകെ മലയാളികൾ ഓരോരുത്തരും എന്നും നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒന്നാണ് നാടിന്റെ ഓർമ്മകളും ചിന്തകളും.അത്തരം ജന്മ നാടിന്റെ ഓർമ്മകളും പേറി , മറുനാട്ടിൽ നാടൻ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ യു കെയിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സംഗമം വർണ്ണാഭമായി ജൂൺ 29-ാംതീയതി ശനിയാഴ്ച കൊവെൻട്രിയിൽ വെച്ച് നടന്നു . കോവിഡിനുശേഷം സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും, നാട്ടു വിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു .

പ്രഡിഡന്റ് ആൻഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആറാമത് ചേർത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോക്ടടർ പ്രേംചന്ദ് ഉത്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. നിലവിലെ പ്രസിഡന്റ് ആൻഡ്രൂസ് മൈക്കിൾ, സെക്രട്ടറി ജോസ് പീറ്റർ , ചാരിറ്റി കോർഡിനേറ്റർ ലിനി പോൾ എന്നിവർ വേദിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി . തുടർന്ന് നടന്ന 2024 -25 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചേർത്തല സംഗമം പ്രസിഡന്റ് ആയി വർഗീസ് ജോണിനെയും സെക്രെട്ടറി ആയി പ്രെസെന്ന ഷൈനെയും, ട്രഷററായി സജിബെന്നിനെയും , ചാരിറ്റി കോർഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയെയും, എക്സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റർ ,സാജൻ മാടമന , മനോജ് ജേക്കബ് ,ലിനി പോൾ എന്നിവരെയും ഐക്യകണ്ഡേന തിരഞ്ഞെടുത്തു .

ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് . സംഗമ വേദിയിൽ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കണ്ടെത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ,അടുത്ത വർഷം യു കെ യിലെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ചേർത്തലക്കാരെ കണ്ടെത്തി കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തു കൊണ്ടാണ് ആറാമത് ചേർത്തല സംഗമത്തിന് തിരശീല വീണത് !