റിയാദ്: ചെസ്സ് കളി ഇസ്ലാമിന് വിരുദ്ധമാണെന്ന് സൗദി ഗ്രാന്‍ഡ് മുഫ്തി ഷെയ്ഖ് അബ്ദുള്‍ അസീസ് അല്‍ ഷെയ്ഖ്. ചെസ് ചൂതാട്ടം പ്രോത്സാഹിപ്പിക്കുമെന്നും സമയം കളയുന്ന വിനോദമാണെന്നും മുഫ്തി വ്യക്തമാക്കിയതായി ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മതപരമായ വിഷയങ്ങളില്‍ ഫത്വകള്‍ പുറപ്പെടുവിക്കുന്ന ടെലിവിഷന്‍ പരിപാടിയില്‍ ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഫ്തി.
ചെസ്സ് ചൂതുകളിയില്‍ ഉള്‍പ്പെട്ട ഒന്നാണ്. ഏറെ സമയവും പണവും ഇതിനായി ചെലവഴിക്കപ്പെടേണ്ടി വരുന്നു. കളിക്കാര്‍ക്കിയില്‍ വെറുപ്പും ശത്രുതയും വളര്‍ത്തുന്ന വിനോദമാണ് ഇതെന്ന കുറ്റവും ചെസിനെതിരേ മുഫ്തി ഉന്നയിക്കുന്നുണ്ട്. ലഹരി, ചൂതാട്ടം, വിഗ്രഹാരാധന, ഭാവി പ്രവചനം തുടങ്ങിയവ വിലക്കുന്ന ഖുറാന്‍ വചനത്തെ ഉദ്ധരിച്ചാണ് തന്റെ വാദങ്ങളെ മുഫ്തി ന്യായീകരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇറാഖിലെ ഷിയാ മുഖ്യ പുരോഹിതനായ അയത്തൊള്ള അലി അല്‍ സിസ്താനി മുമ്പ് ചെസ് വിലക്കിക്കൊണ്ട് ഫത്വ പുറപ്പെടുവിച്ചിരുന്നു. 1979ലെ ഇസ്ലാമിക് വിപ്ലവത്തിനു ശേഷം ഇറാനില്‍ ചെസ് ഹറാമാണെന്ന് പ്രഖ്യാപിച്ചിരുന്നു. പരസ്യമായി ചെസ് കളിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയിരുന്നു. ചൂതാട്ടമാണ് ഇതെന്ന കാരണം പറഞ്ഞാണ് കളി വിലക്കാന്‍ പുരോഹിതര്‍ തീരുമാനിച്ചത്. എന്നാല്‍ 1988 അയത്തൊള്ള ഖൊമേനി ഈ വിലക്ക് എടുത്തുകളയുകയും ചൂതാട്ടത്തിന്റഎ പരിധിയില്‍ ചെസ് പെടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.