ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്തെ മുൻഗാമിയും Xavier Institute of Management and Entrepreneurship (XIME) സ്ഥാപകനുമായ പ്രൊഫ. ജെ. ഫിലിപ്പ് (89) അന്തരിച്ചു. 1936-ൽ ചങ്ങനാശേരി അതിരൂപതയിലെ പുളിങ്കുന്ന് ഫൊറോനാ ഇടവകയിൽ ജനിച്ച അദ്ദേഹം ആറു ദശാബ്ദത്തിലേറെക്കാലം വിദ്യാഭ്യാസരംഗത്ത് തനതായ മുദ്ര പതിപ്പിച്ചു. XLRI Jamshedpur-ൽ അധ്യാപകനായും പിന്നീട് ആദ്യ ഡീനായും സേവനമനുഷ്ഠിച്ച അദ്ദേഹം, തുടർന്ന് Indian Institute of Management Bangalore-യുടെ ഡയറക്ടറായി ചുമതലയേറ്റു. ഐഐഎം- ബാംഗളൂരിന്റെ ആദ്യ കത്തോലിക്ക ഡയറക്ടറായിരുന്ന അദ്ദേഹം മൂല്യാധിഷ്ഠിത നേതൃത്വത്തിന് പേരുകേട്ട വ്യക്തിയായിരുന്നു. മാനേജ്മെൻ്റ് വിദ്യാഭ്യാസരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പ്രൊഫ.ജെ. ഫിലിപ്പിനെ ലിയോ പതിനാലാമൻ മാർപാപ്പ ഷെവലിയർ പദവി നൽകി ആദരിച്ചിരുന്നു .

1986-ൽ മകൾ മരിയയുടെ അകാല വിയോഗത്തിന് ശേഷം, അവളുടെ സ്വപ്നമായ ഒരു ബിസിനസ് സ്കൂൾ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ 1991-ൽ ബാംഗ്ലൂരിൽ XIME ആരംഭിച്ചു. പിന്നീട് കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലേക്കും സ്ഥാപനം വ്യാപിച്ചു. ഇന്ത്യൻ മാനേജ്‌മെന്റ് സ്ഥാപനങ്ങളെ ഏകോപിപ്പിക്കുന്ന അസോസിയേഷൻ ഓഫ് ഇന്ത്യൻ മാനേജ്‌മെന്റ് സ്കൂൾസ് (AIMS) രൂപീകരിച്ചതും, ബ്രിക്സ് രാജ്യങ്ങളിലെ ബിസിനസ് സ്കൂളുകളെ ബന്ധിപ്പിക്കുന്ന അസോസിയേഷൻ ഓഫ് BRICS ബിസിനസ് സ്കൂൾസ് (ABBS) സ്ഥാപിച്ചതും അദ്ദേഹത്തിന്റെ ദൂരദർശിത്വത്തിന്റെ തെളിവുകളാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സീറോ-മലബാർ കത്തോലിക്ക സഭയുടെ മൂല്യങ്ങളിൽ ആഴമായി പതിഞ്ഞിരുന്ന പ്രൊഫ. ഫിലിപ്പ് വിദ്യാഭ്യാസത്തെ ഒരു ദൈവിക ദൗത്യമായി കണ്ടു. നിരവധി ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സാമൂഹിക സംരംഭങ്ങൾക്കും പിന്തുണ നൽകിയ അദ്ദേഹം ജീവിതത്തിന്റെ അവസാനംവരെ സേവനപഥത്തിൽ സജീവനായിരുന്നു. വിശ്വാസം, സത്യനിഷ്ഠ, മനുഷ്യസ്നേഹം എന്നിവയുടെ സമന്വയമായ അദ്ദേഹത്തിന്റെ ജീവിതം വിദ്യാഭ്യാസ ലോകത്തിന് അനശ്വരമായ പൈതൃകമായി തുടരുന്നു.

ക്രൈസ്തവ വിശ്വാസത്തിലും മൂല്യങ്ങളിലും അടിയുറച്ച സമഗ്രമായ വിദ്യാഭ്യാസദർശനം രൂപപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുകയും തലമുറകൾക്കു മാർഗനിദർശനം നൽകുകയും ചെയ്ത വ്യക്തിയാണ് ഷെവലിയർ ജെ. ഫിലിപ്പ് . മാനേജുമെൻ്റ് വിദ്യാഭ്യാസരംഗത്തു നൽകിയ നിസ്തുല സംഭാവനകൾ പരിഗണിച്ച് നിരവധി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയുടെ പരമോന്നത ബഹുമതിയായ അതിരൂപതാ എക്സലൻസ് അവാർഡിന് 2019 ൽ അദ്ദേഹം അർഹനായി.