ലീലാമ്മ മാത്യൂ, വടക്കേപുതുശ്ശേരി.

പേരില്‍ തന്നെ അതിശയം തോന്നിപ്പിക്കുന്ന ചിക്കന്‍ എസ്തപ്പാന്‍ കോട്ടയം ജില്ലയിലെ പുരാതന കത്തോലിക്കാ കുടുംബങ്ങള്‍ക്ക് സുപരിചിതമാണ്. സാധാരണയായി ഇടവക മധ്യസ്ഥന്റെ തിരുന്നാളിനും വിവാഹമുറപ്പിക്കല്‍ ചടങ്ങിലുമാണ് ഈ വിഭവം പ്രധാനമായും ഉണ്ടാക്കാറുള്ളത്.

മുറ്റത്തു വളരുന്ന നാടന്‍ കോഴിയെ മണ്‍ചട്ടിയില്‍ പാകം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ശാസ്ത്രീയമായ ചേരുവകകള്‍ ഒന്നുമില്ലാതെ അറബിക്കടലിലെ ഉപ്പും മലനിരകളിലെ മസാലകളും ചേര്‍ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ അല്പം കറിവേപ്പിലയും ചേര്‍ത്ത് ഉലര്‍ത്തിയെടുക്കുന്ന ചിക്കന്‍ എസ്തപ്പാന്‍ ലീലാമ്മ മാത്യൂ വടക്കേ പുതുശ്ശേരിയും ഭര്‍ത്താവ് മാത്യൂ തോമസ്സും ചേര്‍ന്ന് പരിചയപ്പെടുത്തുന്നു.
ആവശ്യമായ സാധനങ്ങള്‍.

images

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1.സാമാന്യം വലിപ്പമുളള മണ്‍ചട്ടി.
2.ഏകദേശം ഒന്നേകാല്‍ കിലയോളും തൂക്കമുള്ള നാടന്‍കോഴി ഒന്നര ഇഞ്ചോളം വലുപ്പത്തില്‍ കഷണങ്ങളാക്കിയത്.
3.അല്പം പച്ച വെള്ളം ചേര്‍ത്ത് ചതച്ചെടുത്ത പച്ച മല്ലി 150 ഗ്രാം.
4. ചുവന്ന വറ്റല്‍ മുളക് നടുവേ കീറിയത് 8 എണ്ണം.
5. ചുവന്നുള്ളി കീറിയത് 150 ഗ്രാം.
6. ചെറുതായി അരിഞ്ഞ ഇഞ്ചി 40 ഗ്രാം.
7. വെളുത്തുള്ളി ചതച്ചത് 8 അല്ലി.
8. ഉപ്പ് പാകത്തിന്.
9. പെരുംജീരകം, ഗ്രാമ്പു, കറുവാപ്പട്ട എന്നിവ സമമായി പൊടിച്ചത് ഒരു ടേബിള്‍ സ്പൂണ്‍.
10. കവിവേപ്പില 5 ഇതള്‍.
11. പച്ച വെള്ളം രണ്ടര കപ്പ്.
12. ശുദ്ധമായ പച്ച വെളിച്ചെണ്ണ 60 മില്ലി.

പാകം ചെയ്യേണ്ട വിധം….
രണ്ടു മുതല്‍ പതിനൊന്നുവരെയുള്ള ചേരുവകള്‍ മണ്‍ചട്ടിയിലാക്കി നന്നായി ഇളക്കി അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുക. മണ്‍ചട്ടിയിലെ വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ കോഴി വെന്തോ എന്നു നോക്കുക. വെന്തില്ലെങ്കില്‍ അല്പം കൂടി തിളച്ച വെളളം ചേര്‍ത്ത് വീണ്ടും വേവിക്കുക. കോഴി പൊടിഞ്ഞു പോവാതെ നോക്കണം. ചട്ടിയിലെ വെള്ളം നന്നായി വറ്റിക്കഴിയുമ്പോള്‍ പച്ച വെളിച്ചെണ്ണ ഒഴിക്കുക. ചെറുതീയില്‍ മണ്‍ചട്ടി തുറന്നു വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. വെള്ളം നന്നായി വറ്റിച്ച് നല്ല ബ്രൗണ്‍ കളറില്‍ ചിക്കിത്തോര്‍ത്തിയെടുക്കുക.
ചിക്കന്‍ എസ്തപ്പാന്‍ റെഡിയായി.
നന്നായി തണുത്തതിനു ശേഷം മാത്രമേ മൂടിവെയ്ക്കാവൂ.
നാടന്‍ കുത്തരിച്ചോറും പുളിശ്ശേരിയും തുണ്ടന്‍ മീന്‍ വറ്റിച്ചതും കാബേജ് തോരനുമൊക്കെ വിളമ്പുന്നതിന്റെയിടെയില്‍ ചിക്കന്‍ എസ്തപ്പാന്റെ വരവും കൂടിയാകുമ്പോള്‍ സദ്യ അതി ഗംഭീരമായി.