യുകെയിലെ ഏറ്റവും വലിയ ചിക്കന്‍ പ്രോഡക്ട്‌സ് വിതരണക്കാരായ 2 സിസ്റ്റേഴ്സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ രഞ്ജിത്ത് സിങ് ബോപാരന്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുടെ സ്ഥാനത്ത് നിന്ന പുറത്തേക്ക്. സ്ഥാപനത്തില്‍ ഏതാണ്ട് 25 വര്‍ഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തിയാണ് രഞ്ജിത്ത് സിങ്. കഴിഞ്ഞ വര്‍ഷം കമ്പനി സംബന്ധിച്ചിടത്തോളം ഏറ്റവും ശ്രമകരമായതായിരുന്നു. ഗാര്‍ഡിയന്‍ ഐടിവി എന്നിവര്‍ നടത്തിയ രഹസ്യ അന്വേഷണത്തില്‍ സ്ഥാപനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഇറച്ചി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് തെളിഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനിയുടെ വെസ്റ്റ് ബ്രോംവിച്ചിലെ പ്ലാന്റ് ഏതാണ്ട് അഞ്ച് ആഴ്ച്ചകളോളം പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരുന്നു. സ്ഥാപന മേധാവിയെ പുറത്താക്കാനുള്ള പുതിയ നീക്കം ഇതിനെ പിന്‍പറ്റിയാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2 സിസ്റ്റേഴ്സ് ഹോള്‍ഡിംഗ്സ് കമ്പനിയുടെ പ്രസിഡന്റായി ബോപാരന്‍ സ്ഥാനമേല്‍ക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഒഴിവു വന്നിരിക്കുന്ന 2 സിസ്റ്റേഴ്സ് ഫുഡ് ഗ്രൂപ്പിന്റെ തലവന്‍ പദവിയിലേക്ക് പുതിയ നിയമനം നടത്താനുള്ള ശ്രമത്തിലാണ് കമ്പനിയെന്നും അധികൃതര്‍ പറയുന്നു.

വളരെ സുതാര്യവും കൃത്യതയും സൂക്ഷിക്കുന്ന വ്യവസായിക സംരഭങ്ങള്‍ നിര്‍മ്മിക്കുന്നതിന് സ്വയം അര്‍പ്പിച്ചിരിക്കുന്ന വ്യക്തിയാണ് ഞാന്‍. കമ്പനി പരമാവധി ആധുനികവല്‍ക്കരിക്കുകയും പ്രവര്‍ത്തനങ്ങളെ ലളിതമാക്കുകയുമാണ് എന്റെ ശ്രമം. വലിയ വ്യാവസായിക സംരഭങ്ങളുടെ നേതൃത്വത്തിലേക്ക് എത്തുകയും അവിടെയുള്ള പ്രശ്‌നങ്ങള്‍ പഠിക്കുകയും പരിഹാര നടപടികള്‍ നിര്‍മ്മിക്കുകയും ചെയ്യുകയെന്നത് എന്റെ ലക്ഷ്യങ്ങളിലൊന്നാണ്. വ്യാവസായിക പ്രശ്‌നങ്ങള്‍ മാത്രമല്ല് ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ബോപാരന്‍ പറഞ്ഞു. സാമൂഹിക ഉത്തരവാദിത്വവും സുസ്ഥിരതയുമാണ് പ്രവര്‍ത്തന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോപാരന്‍ സംസാരിച്ച കാര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ മീറ്റ് ഫാക്ടറി സ്‌കാഡലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2 സിസ്റ്റേഴ്‌സ് മീറ്റ് ഫാക്ടറിയില്‍ ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിയുടെ ഭക്ഷ്യ സുരക്ഷയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതെത്തുടര്‍ന്ന് ബോപാരന്‍ പാര്‍ലമെന്ററി സെലക്ട് കമ്മറ്റിക്ക് മുന്നില്‍ ഹാജരായി വിഷയത്തില്‍ മറുപടി നല്‍കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഗാര്‍ഡിയനും ഐടിവിയും ചേര്‍ന്ന് നടത്തിയ രഹസ്യ അന്വേഷണം കമ്പനിക്കുള്ളില്‍ തൊഴിലാളികള്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കോഴിയിറച്ചി പാക്ക് ചെയ്യുന്നതും നിലത്തുവീണ ഇറച്ചിയടക്കം വീണ്ടും ഉപയോഗിക്കുന്നതുമായുള്ള ദൃശ്യങ്ങള്‍ പുറത്തുകൊണ്ടു വന്നിരുന്നു. കമ്പനിയുടെ നിലനില്‍പ്പ് തന്നെ ഭീഷണിയുണ്ടാക്കുന്ന വിധത്തിലായിരുന്ന കഴിഞ്ഞ വര്‍ഷം പുറത്തുവന്ന റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് കമ്പനി അന്വേഷണം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വന്നിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.