പതിനാലു വയസ്സുകാരനായ ബാലൻ വെള്ളം കുടിക്കാൻ കയറിയതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ ഗാസിയാബാദ് ദാസ്നാ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ കടുത്ത വർഗീയ പരാമർശങ്ങളോടെ വീണ്ടും രംഗത്ത്. ‘ എന്റെ അനുയായികളാണ് അത് ചെയ്തത്. ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പത്രക്കാരോ സർക്കാരുദ്യോഗസ്ഥരോ ആരുമാകട്ടെ ഒരു മുസ്ലിമിനെ പ്രവേശിക്കാൻ അനുവദിക്കുന്നതല്ല ‘ എന്നാണ് ‘ദി ക്വിൻറ് ‘ ന് അനുവദിച്ച അഭിമുഖത്തിൽ യതി നരസിംഹാനന്ദ സരസ്വതി പറഞ്ഞത്. ഹിന്ദു സ്വാഭിമാൻ എന്ന സംഘടനയുടെ നേതാവും അഖില ഭാരതീയ സന്ത് പരിഷത്തിന്റെ പ്രസിഡന്റുമാണ് നരസിംഹനാന്ദ.
‘ഞാൻ അതിലേ നടന്നു പോകുമ്പോൾ വല്ലാതെ ദാഹിച്ചു. ടാപ്പ് കണ്ടപ്പോൾ കയറി വെള്ളം കുടിച്ചു മടങ്ങുകയായിരുന്നു. രണ്ടുപേർ വന്നു തടഞ്ഞിട്ട് എന്റെ പേരും പേരും പിതാവിന്റെ പേരും ചോദിച്ചു. അതിനു ശേഷം മർദ്ദിച്ചു. ഒരാൾ വീഡിയോ എടുക്കുന്നുണ്ടായിരുന്നു. അവിടെ മുസ്ലിങ്ങൾക്ക് പ്രവേശനമില്ല എന്ന ബോർഡുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. സ്വകാര്യഭാഗത്തു മർദ്ദനമേൽക്കുമ്പോൾ എന്നെ അവർ കൊല്ലുമെന്ന് പറയുന്നതു കേട്ടു. ഒരുവിധത്തിൽ ഞാൻ ഓടി രക്ഷപ്പെട്ടു. വഴിയിൽ രണ്ടു പൊലീസുകാരെ കണ്ടപ്പോൾ സഹായമം അഭ്യർത്ഥിച്ചിട്ടും അവർ ഇടപെട്ടില്ല. പൊലീസ് ചൗക്കിയിൽ പോകാൻ പറഞ്ഞു. ‘ മർദ്ദനത്തിനിരയായ ബാലൻ പറഞ്ഞു. അവന് വായിക്കാനറിയില്ല. അറിയുമായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നാണ് കുട്ടിയുടെ പിതാവിന്റെ പ്രതികരണം.
‘വെള്ളം കുടിക്കാൻ കയറിയ കുട്ടിയോട് മതം ചോദിച്ചതു തന്നെ തെറ്റാണ്. ഇങ്ങനെ കുറച്ചാളുകളേ ഉള്ളൂ. ഞങ്ങൾ ഇവിടെ ക്ഷേത്രപരിസരങ്ങളിൽ ഹിന്ദുമുസ്ലിം വ്യത്യാസമില്ലാതെ ഒരുമിച്ച് കളിച്ചു വളർന്നവരാണ്. ക്ഷേത്രത്തിലെ ബാബാ വളരെ സ്നേഹത്തോടെ ഞങ്ങളെ അവിടെ ഇരുത്തുകയുമെല്ലാം ചെയ്തിരുന്നു. അടുത്തകാലത്തു മാത്രമാണ് ഇങ്ങനെയൊക്കെ കാണുന്നത്’ ക്ഷേത്ര സമീപവാസിയായ ഫാറൂക്ക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സംസാരിക്കാൻ ചെന്ന മാധ്യമ പ്രവർത്തകരോട് അവരുടെ കൂട്ടത്തിൽ മുസ്ലിം ആരെങ്കിലുമുണ്ടോ എന്ന് പലവട്ടം ചോദിച്ച് ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് പുരോഹിതൻ സംസാരിക്കാൻ തയ്യാറായത്. ഏതാനും കൊല്ലങ്ങളായി നരസിംഹാനന്ദിന്റെ വിദ്വേഷ പ്രചാരണം മൂലം തങ്ങൾ അപകടാവസ്ഥയെ അഭിമുഖീകരിക്കുകയാണെന്ന് പരിസരവാസികൾ പറഞ്ഞു. ഹിന്ദു ഏകതാ സംഘ് എന്ന ഓൺലൈൻ ഗ്രൂപ്പു വഴി വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്.
Leave a Reply