ന്യൂസ് ഡെസ്ക്, മലയാളം യുകെ
കുട്ടികളെ ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യുന്ന നടപടികൾക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിൽ തുടക്കം കുറിക്കും. കുട്ടികളെ ക്രിമിനൽ മാർഗങ്ങൾക്കായി ചൂഷണം ചെയ്യാൻ സാധ്യതയുള്ള ആളുകൾക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിർദ്ദേശങ്ങൾ ക്രൈം ആൻഡ് പോലീസിംഗ് ബില്ലിൽ ഉൾപ്പെടുത്തും. മയക്കുമരുന്ന് ഇടപാടുകൾ പോലെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിർമാണത്തിൻ്റെ പ്രധാന ലക്ഷ്യമാണ്.
കുട്ടികളെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നതും ചൂഷണം ചെയ്യുന്നതും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമായി മാറുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങൾ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങൾ നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തിൽനിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകൾ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവർ കൂട്ടിച്ചേർത്തു.
പുതിയ നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാർമിക പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞവർഷം സമാനമായ നിയമ നിർമ്മാണത്തിന് മുൻ സർക്കാർ തുടക്കമിട്ടിരുന്നു. എന്നാൽ പൊതുതെരഞ്ഞെടുപ്പിനായി പാർലമെന്റ് പിരിച്ചുവിട്ടപ്പോൾ ഈ നിയമനിർമ്മാണം കൂടുതൽ പുരോഗതി കൈവരിച്ചില്ല. മയക്കുമരുന്ന് ഇടപാടുകൾ, സംഘടിത കവർച്ച ഉൾപ്പെടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളർത്തുന്ന ആളുകളെയാണ് പുതിയ നിയമ നിർമ്മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്. 2023 – 24 വർഷങ്ങളിൽ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാനുള്ള വകുപ്പുകളാണ് നിയമനിർമ്മാണത്തിലൂടെ നടപ്പിലാക്കുന്നത്.
Leave a Reply