ലണ്ടന്‍: യുകെയില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്നതായി കണ്ടെത്തല്‍. പ്രമുഖ ചാരിറ്റി ഓര്‍ഗനൈസേഷനായ കര്‍മ്മ നിര്‍വാണ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. പെണ്‍കുട്ടികളെ നിര്‍ബന്ധിത വിവാഹത്തിനായി വിദേശത്തേക്ക് കടത്തുന്നതായും ചാരിറ്റി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് കര്‍മ നിര്‍വാണ ചൂണ്ടിക്കാണിക്കുന്നു. സര്‍ക്കാര്‍ സംവിധാനത്തിലെ പാളിച്ചയാണ് ഇത്തരം വിവാഹങ്ങള്‍ പെരുകുന്നതിന് കാരണമാകുന്നതെന്നും ചാരിറ്റി ആരോപിക്കുന്നു.

സമ്മര്‍ വെക്കേഷന്‍ സമയങ്ങളിലാണ് ഇത്തരം വിവാഹങ്ങള്‍ മിക്കതും നടക്കുന്നത്. വെക്കേഷന് ശേഷം പല പെണ്‍കുട്ടികളും സ്‌കൂളിലേക്ക് തിരികെയെത്തുന്നില്ലെന്നും ചാരിറ്റി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികളുടെ പഠനവും ഇതര മാനസിക വളര്‍ച്ചയൊന്നും കണക്കിലെടുക്കാതെയുള്ള വിവാഹങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സമീപ വര്‍ഷങ്ങളില്‍ നിര്‍ബന്ധിത വിവാഹങ്ങളുടെ നിരക്ക് ഏതാണ്ട് മൂന്നിരട്ടിയോളം വര്‍ദ്ധിച്ചിട്ടുണ്ട്. സമ്മര്‍ വെക്കേഷന്‍ കഴിയുമ്പോള്‍ പുറത്തുവരുന്ന മാത്രം കണക്കുകള്‍ വെച്ചാണ് റിപ്പോര്‍ട്ട് തയ്യറാക്കിയിരിക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി കേസുകളുമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

രാജ്യത്തിന് പുറത്തേക്ക് പെണ്‍കുട്ടികളെ കൊണ്ടുപോയി നിര്‍ബന്ധ വിഹാത്തിന് ഇരയാക്കുന്നത് തടയിടാന്‍ ഹോം ഓഫീസിന് കഴിയുന്നില്ലെന്ന് ചാരിറ്റി ആരോപിക്കുന്നു. ഈ വര്‍ഷം മെയ് മുതല്‍ ജൂലൈ വരെയുള്ള കാലഘട്ടങ്ങളില്‍ 150 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സര്‍ക്കാരിന്റെ കീഴിലുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയില്ലെങ്കില്‍ ഗുരുതരമായ രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്ന് ചാരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ പോലീസ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് നിര്‍ബന്ധിത വിവാഹത്തിനെതിരെ ക്യാംപെയിനുകള്‍ നടക്കുന്നുണ്ട്.