ലണ്ടന്‍: കുട്ടികള്‍ മെബൈല്‍ ഫോണുകളും ടാബ്ലറ്റുകളും ഉപയോഗിക്കുന്നത് മിക്ക രക്ഷിതാക്കളും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുകയാണ്. പുതിയ സാങ്കേതികതയോട് കുട്ടികള്‍ അടുക്കാന്‍ അത് ഉപകരിക്കപ്പെടുമെന്നതാണ് കാരണം. എന്നാല്‍ ഇതിന് ഒരു മറുവശം കൂടിയുണ്ട്. പുസ്തകങ്ങളുമായി അവര്‍ക്കുള്ള ബന്ധം കുറയുന്നു എന്നതാണ് അത്. അതിലും കഷ്ടമാണ് കാര്യങ്ങള്‍ എന്നാണ് അധ്യാപകര്‍ പറയുന്ന ചില കാര്യങ്ങള്‍ നല്‍കുന്ന സൂചന. പുസ്തകങ്ങള്‍ കയ്യിലെടുത്താല്‍ അവയുടെ പേജുകള്‍ മറിക്കാനായി കുട്ടികള്‍ സ്വൈപ്പ് ചെയ്യുകയാണത്രേ! നഴ്‌സറി സ്‌കൂള്‍ കുട്ടികളാണ് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ എടുത്ത ശേഷം പേജ് മറിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുന്നത്.

നാഷണല്‍ യൂണിയന്‍ ഓഫ് ടീച്ചേഴ്‌സിന്റെ ബ്രൈറ്റണില്‍ വെച്ച് നടന്ന വാര്‍ഷിക കോണ്‍ഫറന്‍സിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നോര്‍ത്ത് സോമര്‍സെറ്റില്‍ നിന്നുള്ള പ്രതിനിധിയായ ജെനിഫര്‍ ഭാംബ്രി ലൈറ്റ് ആണ് തന്റെ അനുഭവം കോണ്‍ഫറന്‍സില്‍ പറഞ്ഞത്. നഴ്‌സറിയിലും റിസപ്ഷനിലും പഠിപ്പിച്ചിട്ടുള്ള താന്‍ ഒരു കുട്ടി പുസ്തകത്തിന്റെ പേജ് മറിക്കാനായി ഇടത്തേക്ക് സ്വൈപ്പ് ചെയ്യുന്നത് കണ്ടുവെന്ന് അവര്‍ പറഞ്ഞു. കിന്‍ഡില്‍, ഐപാഡ് എന്നിവ മഹത്തായ കാര്യങ്ങളാണെങ്കിലും പുസ്തകത്തിന്റെ മണവും അവയ്ക്കുള്ളില്‍ നിന്ന് ടിക്കറ്റുകളും റെസിപ്റ്റുകളും കണ്ടെത്തുന്നതിനെക്കുറിച്ചൊക്കെയാണ് നമ്മുടെ സുഹൃത്തുക്കള്‍ സംസാരിച്ചിട്ടുള്ളതെന്നും അവര്‍ ഓര്‍മിച്ചു.

പുസ്തകങ്ങള്‍ ഇപ്പോള്‍ ഒരു ആഢംബര സാമഗ്രികളായി മാറിയിട്ടുണ്ട്. പല കുടുംബങ്ങള്‍ക്കും അവ താങ്ങാനാകാത്ത വസ്തുക്കളായി മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കുട്ടികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി ഐപാഡുകളിലേക്കും കിന്‍ഡില്‍ പോലെയുള്ള ബുക്ക് റീഡറുകളിലേക്കും തിരിയണമെന്ന് നാഷണല്‍ ലിറ്ററസി ട്രസ്റ്റ് നേരത്തേ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ടച്ച് സ്‌ക്രീനുകളില്‍ വായിക്കാന്‍ കുട്ടികള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു.