ന്യൂസ് ഡെസ്ക്, മലയാളം യുകെ
12 വയസുവരെ പ്രായമുള്ള കുട്ടികൾ പോലും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി കത്തികൾ വാങ്ങി വിൽക്കുന്ന പ്രവണത വർധിക്കുന്നതായി ബ്രിട്ടൻ പൊലീസ്-ക്രൈം മന്ത്രി സാറ ജോൺസ് വ്യക്തമാക്കി. ലണ്ടനിലെ ബ്ലൂംസ്‌ബെറിയിൽ ആരംഭിച്ച നാഷണൽ നൈഫ് ക്രൈം സെന്ററിന്റെ ഉദ്ഘാടന വേളയിലാണ് ആശങ്കാജനകമായ വിവരങ്ങൾ മന്ത്രി പറഞ്ഞത് . വസ്ത്രങ്ങൾ പോലുള്ള സാധനങ്ങൾ ഓൺലൈനിൽ വാങ്ങി ലാഭത്തോടെ വിറ്റഴിക്കുന്ന രീതിയിൽ തന്നെ ചിലർ കത്തികളും വ്യാപാരവസ്തുവാക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് അവർ വ്യകത്മാക്കി .

രാജ്യത്ത് കത്തി വാങ്ങാനും വിൽക്കാനും ഉള്ള നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ലൈസൻസ് സംവിധാനം കൊണ്ടുവരാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നുണ്ട് . ആർക്കെല്ലാം കത്തികൾ വിൽക്കാം, എന്ത് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ നിയന്ത്രണങ്ങൾ വേണമെന്നതാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത് . അടുത്ത 10 വർഷത്തിനുള്ളിൽ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ പകുതിയായി കുറയ്ക്കാനാണ് സർക്കാരിന്റെ പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കായികപരമായോ മറ്റു നിയമാനുസൃത ആവശ്യങ്ങൾക്കായോ കത്തി ഉപയോഗിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അവർ ഉറപ്പ് നൽകി.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ കത്തി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളിൽ 9% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ഓൺലൈൻ വഴി ആയുധങ്ങൾ ലഭ്യമാകുന്നത് വലിയ ഭീഷണിയായി തുടരുകയാണ് . 2022ൽ ഓൺലൈനിൽ വാങ്ങിയ ആയുധം ഉപയോഗിച്ച് കൊല്ലപ്പെട്ട 16കാരന്റെ സഹോദരി നികിത കന്ദ, ഇത്തരം വിൽപനകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചു. പാർലമെന്റിൽ അന്തിമഘട്ടത്തിലിരിക്കുന്ന പുതിയ ക്രൈം ബിൽ, നൈഫ് ക്രൈം ഉൾപ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികൾക്ക് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് .











Leave a Reply