നോട്ടിങ്ഹാമിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരുന്നുവെന്ന് റിപ്പോർട്ടുകൾ. ദി ഇൻഡിപെൻഡന്റ് എൻക്വയറി ഇൻടു ചൈൽഡ് സെക്ഷ്വൽ അബ്യൂസ് (ഐ ഐ സി എസ് എ ) ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ഫോസ്റ്റർ കെയറിൽ നിൽക്കുന്ന കുട്ടികളാണ് പലപ്പോഴും ഉദ്യോഗസ്ഥരുടെ ലൈംഗിക പീഡനങ്ങൾക്ക് ഇരയായത്. ഇത് സഹിക്കുകയും കണ്ടില്ലെന്ന് നടിച്ചു മിണ്ടാതിരിക്കുകയുമാണ് പതിവ്. ഇത്തരം ലൈംഗിക അതിക്രമങ്ങൾ വ്യാപകമാണെന്ന് ഐഐസിഎസ്എ അഭിപ്രായപ്പെട്ടു. 5 പതിറ്റാണ്ടുകളായി നോട്ടിങ്ഹാംസിറ്റിയും നോട്ടിങ്ഹാംഷെയർ കൺട്രി കൗൺസിലും കുട്ടികളെ സംരക്ഷിക്കുന്ന കാര്യത്തിൽ പരാജയപ്പെടുന്നു. കടുത്ത ബാല്യകാല അനുഭവങ്ങൾ ഉണ്ടാകുന്ന കുട്ടികളെയാണ് ഫോസ്റ്റർ കെയറിൽ അയക്കുന്നത്. കുട്ടികളെ വളർത്തുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് അവരുടെ ഉത്തരവാദിത്തം. എന്നാൽ സംരക്ഷികേണ്ടവർ തന്നെ കുട്ടികളെ പീഡിപ്പിക്കുന്നത് നീചമായ പ്രവ്യത്തി ആണ്.
1960 മുതൽ ഇതുവരെ 350ഓളം പീഡനപരാതികൾ ലഭിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിലുമേറെ പീഡനങ്ങൾ നടന്നിട്ടുണ്ട്. 1970നും 2019നും ഇടയിൽ 16ഓളം റെസിഡൻഷ്യൽ സ്റ്റാഫുകൾ കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഒപ്പം 10 പരിചാരകരും കുറ്റവാളികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. പീഡനങ്ങൾ പരാതിപ്പെടാൻ കുട്ടികൾക്ക് ഭയമായിരുന്നുവെന്ന് ബീച്ച്വുഡ് കമ്മ്യൂണിറ്റി ഹോമിലെ പഴയ താമസക്കാരി പറയുകയുണ്ടായി. 1980കളുടെ അവസാനത്തിലും 1990കളുടെ ആരംഭത്തിലും താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ , ക്ലെയർ ബ്ലെയിക് എന്ന സ്ത്രീ വിവരിക്കുകയുണ്ടായി. പീഡനത്തിനിരയാകേണ്ടിവന്ന കരോളിൻ നോളൻ തന്റെ അനുഭവവും തുറന്നുപറഞ്ഞു. “ഇത് വർഷങ്ങൾക്ക് മുമ്പേ പുറത്തുകൊണ്ടുവരേണ്ട കേസ് ആയിരുന്നു. ” പീഡനത്തിനിരയായ ഡേവിഡ് റോബിൻസൺ അഭിപ്രായപ്പെട്ടു.
അന്വേഷണത്തിന് നേതൃത്വം നൽകിയ ജോൺ ഒബ്രിൻ പറഞ്ഞു ” നോട്ടിങ്ഹാംഷെയറിലെ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്. ” ഉദ്യോഗസ്ഥർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നു എന്ന് അറിഞ്ഞിട്ടും അത് തടയാൻ ശ്രമിക്കാതിരുന്ന ഫോസ്റ്റർ കെയറിലെ ചുമതലക്കാരെ ഐഐസിഎസ്എ കുറ്റപ്പെടുത്തി. ഒപ്പം പീഡനങ്ങളെ പറ്റി ഗൗരവമായി അന്വേഷിക്കാതിരുന്ന നോട്ടിങ്ഹാംഷെയർ പോലീസിനെയും അവർ വിമർശിച്ചു. ബീച്ച്വുഡ് ലൈംഗികാരോപണം ഉന്നയിച്ചപ്പോൾ 2 അച്ചടക്ക നടപടികൾ മാത്രമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ കണ്ടെത്തി. ഇവ രണ്ടും അപര്യാപ്തമാണ്. ” ഈ റിപ്പോർട്ടുകൾ ഞെട്ടിപ്പിക്കുന്നു. സംഭവിച്ച പീഡനങ്ങളിൽ എനിക്ക് തീർത്തും ലജ്ജ തോന്നുന്നു. ഇതിനെതിരെ ശക്തമായ നിയമനടപടികൾ കൊണ്ടുവരും.” കൺട്രി കൗൺസിൽ നേതാവ് കേ കട്ട്സ് ഉറപ്പുനൽകുകയുണ്ടായി.
Leave a Reply