ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ചെറിയ കുട്ടികളെ ലൈംഗികാതിക്രമ കുറ്റവാളികൾ ലക്ഷ്യമിടുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം 11 മുതൽ 13 വയസ്സ് വരെയുള്ള പിഞ്ചു കുട്ടികളെയാണ് ഇത്തരം കുറ്റവാളികൾ ചൂഷണം ചെയ്യുന്നത്. ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ പുറത്തുവിട്ട റിപ്പോർട്ടുകളിലാണ് സമൂഹത്തെ ആകെ ആശങ്കപ്പെടുത്തുന്ന ഈ വിവരങ്ങൾ അടങ്ങിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ആണ് പല കുറ്റവാളികളും കുട്ടികളെ ചൂഷണം ചെയ്യുന്നതിനായി വല വീശുന്നത്. സോഷ്യൽ മീഡിയയും സന്ദേശം അയക്കാനുള്ള ആപ്പുകളാണ് കുറ്റവാളികൾ കൂടുതലായി ഉപയോഗിക്കുന്നത്. ഇത്തരത്തിൽ കെണിയിൽ പെടുത്തിയ ഇരകളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്നതായും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.


ഈ പ്രായപരിധിയിൽ ഉള്ള കുട്ടികൾക്ക് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയമപരമായ സാധ്യത ഇല്ല . എന്നാലും മുതിർന്നവരുടെ ഫോണുകൾ കൈകാര്യം ചെയ്ത് ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്നതാണ് പ്രശ്നങ്ങൾ ഇത്രയും ഗുരുതരമാകാൻ കാരണമാകുന്നതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. യുകെ ആസ്ഥാനമായുള്ള ഇൻ്റർനെറ്റ് സേഫ്റ്റി വാച്ച്‌ഡോഗിൻ്റെ കണക്കുകൾ പ്രകാരം 11 മുതൽ 13 വയസ്സുവരെ പ്രായമായ കുട്ടികൾ ഇത്തരം ആക്രമങ്ങൾക്ക് ഇരയാകുന്നതിന്റെ 5 റിപ്പോർട്ടുകൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത് . 17 വയസ്സിൽ താഴെയുള്ളവർ ഉൾപ്പെട്ട 175 സംഭവങ്ങൾ സ്ഥിരീകരിച്ചതായും അവർ അറിയിച്ചു. മുൻവർഷം രേഖപ്പെടുത്തിയ 176 സംഭവങ്ങളിൽ നേരിയ കുറവുണ്ടെങ്കിലും ലൈംഗിക ചൂഷണം ആശങ്കപ്പെടുത്തുന്ന വസ്തുതയായി നിലനിൽക്കുന്നുവെന്ന് ഇന്റർനെറ്റ് ഫൗണ്ടേഷൻ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എഡിൻബറോയിലെ ഒരു പ്രൈമറി സ്കൂളിലെ രക്ഷിതാക്കൾക്ക് അവരുടെ കുട്ടികളുടെ ഉപകരണങ്ങൾ പരിശോധിക്കാൻ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ തിരച്ചിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. അന്ന് എട്ട് വയസ്സുകാരിയായ ഒരു പെൺകുട്ടി ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. റിപ്പോർട്ട് ചെയ്യപ്പെട്ട ഇത്തരം സംഭവങ്ങളേക്കാൾ വളരെ കൂടുതലായിരിക്കും പുറത്തു വരാനിരിക്കുന്ന കുറ്റകൃത്യങ്ങൾ എന്ന വസ്തുത കടുത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.