ന്യൂസ് ഡെസ്ക്, മലയാളം യുകെ
മെഡിക്കൽ അശ്രദ്ധ മൂലം പരിക്കേറ്റ കുട്ടികൾക്ക് ജീവിതകാലത്തെ മുഴുവൻ വരുമാന നഷ്ടത്തിനും നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് സുപ്രീം കോർട്ട് ഓഫ് ദി യുണൈറ്റഡ് കിങ്ഡം വിധിച്ചു. ഇതുവരെ കുട്ടികൾക്ക് പ്രതീക്ഷിക്കപ്പെട്ട ആയുസ് പരിധിവരെ മാത്രം ആണ് നഷ്ടപരിഹാരം അനുവദിച്ചിരുന്നത്. എന്നാൽ 2015-ൽ ഷെഫീൽഡ് ടീച്ചിംഗ് ഹോസ്പിറ്റൽസ് എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ജനനസമയത്ത് ഓക്സിജൻ കുറവിനെ തുടർന്ന് ഗുരുതര മസ്തിഷ്‌ക ക്ഷതം സംഭവിച്ച പെൺകുട്ടിയുടെ കേസിൽ, പരിക്ക് ഉണ്ടായിരുന്നില്ലെങ്കിൽ അവൾക്ക് ലഭിക്കുമായിരുന്ന പൂർണ്ണ ജോലി ജീവിതവും പെൻഷനും ഉൾപ്പെടുത്തി നഷ്ടപരിഹാരം കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ ചികിത്സയിൽ വീഴ്ച സംഭവിച്ചതായി ട്രസ്റ്റ് സമ്മതിച്ചിരുന്നു.

ഗുരുതര സെറിബ്രൽ പാൾസി, കാഴ്ചക്കുറവ്, എപ്പിലപ്സി എന്നിവയുള്ള കുട്ടിക്ക് 24 മണിക്കൂറും പരിചരണം ആവശ്യമാണ്. 2023-ൽ ഹൈക്കോടതി £68.6 ലക്ഷം ലംപ്സം തുകയും വർഷംതോറും £3.94 ലക്ഷം അനുവദിച്ചിരുന്നു. എന്നാൽ പുതിയ വിധിയോടെ 68-ാം വയസ്സുവരെയുള്ള പൂർണ്ണ ജോലി ജീവിതത്തിലെ വരുമാനനഷ്ടവും പെൻഷനും പരിഗണിക്കേണ്ടതാണെന്ന് സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി. കുടുംബത്തിന്റെ അഭിഭാഷകർ അധിക നഷ്ടപരിഹാരം £8 ലക്ഷം കവിഞ്ഞേക്കാമെന്ന് അറിയിച്ചു. “എന്റെ കുഞ്ഞ് നിയമം മാറ്റി എന്നാണ് കുട്ടിയുടെ അമ്മ വിധിയോട് പ്രതികരിച്ചത് .

ഇത് എൻഎച്ച്എസിന് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കാനിടയുണ്ട്. നിലവിൽ എൻഎച്ച്എസിന്റെ ക്ലിനിക്കൽ നെഗ്ലിജൻസ് ബാധ്യത £60 ബില്ല്യൺ ആയി ആണ് കണക്കാക്കപ്പെടുന്നത് . അതിൽ രണ്ടിൽ മൂന്നും പ്രസവവുമായി ബന്ധപ്പെട്ട ചികിത്സ പിഴവുകളുടെ നഷ്ടപരിഹാരത്തിനാണ് . ഇംഗ്ലണ്ടിൽ പ്രതിവർഷം ഏകദേശം 250 പ്രസവമസ്തിഷ്‌ക ക്ഷത കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . പരാതികൾ കോടതി വഴിയല്ലാതെ മധ്യസ്ഥതയിലൂടെ വേഗത്തിൽ തീർക്കാനും, പിഴവുകളിൽ നിന്ന് ഗൗരവമായി പാഠം പഠിക്കാനും എൻഎച്ച്എസ് ശ്രമിക്കണമെന്ന് പബ്ലിക് അക്കൗണ്ട് കമ്മറ്റി അധ്യക്ഷൻ സർ ജെഫ്രി ക്ലിഫ്റ്റൺ-ബ്രൗൺ അഭിപ്രായപ്പെട്ടു.











Leave a Reply