ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നീണ്ട നാൽപത് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ലോകം കാത്തിരുന്ന സന്തോഷ വാർത്ത. വിമാനം തകർന്ന് കൊളംബിയയിലെ ആമസോൺ കാട്ടിൽ അകപ്പെട്ട നാല് കുട്ടികളെയും രക്ഷപെടുത്തി. മഴക്കാടുകളിലെ ചെളിയിൽ ചെറിയ മനുഷ്യപല്ലുകളുടെ കടിയേറ്റ പഴങ്ങളുടെയും മറ്റും അവശിഷ്ടങ്ങളാണ് രക്ഷാപ്രവർത്തകരെ മുന്നോട്ടു നയിച്ചിരുന്നത്. അമ്മയും പൈലറ്റും വിമാനത്തിൽ ഉണ്ടായിരുന്ന മുതിർന്ന യാത്രക്കാരനും കൊല്ലപ്പെട്ട അപകടത്തിൽ അത്ഭുതകരമായ രക്ഷപ്പെട്ട ഈ നാല് സഹോദരങ്ങൾ ജീവിതത്തിലും അതിജീവിക്കും എന്ന പ്രതീക്ഷയിലാണ് ലോകം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെക്കൻ കൊളംബിയയിൽ മെയ് 1 ന് വിമാനം തകർന്നപ്പോൾ ഇതിൽ മൂത്ത കുട്ടിക്ക്13 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്. ആമസോൺ കാടുകൾ മരങ്ങളുടെയും സസ്യജാലങ്ങളുടെയും ജാഗ്വാറുകൾ, വിഷപ്പാമ്പുകൾ മറ്റു കീടങ്ങൾ എന്നിവയ്ക്ക് പേരുകേട്ടതാണ്. ഇവിടെയാണ് 40 ദിവസം വലിയ പരിക്കുകൾ ഒന്നും തന്നെ ഇല്ലാതെ കുട്ടികൾ അതിജീവിച്ചത്.

ലെസ്ലി ജേക്കബ് ബോൺബെയർ (13) സോലെക്‌നി റനോക്ക് മുകുതുയ് (9), ടിയാൻ നോറിയൽ റൊണോക് മുകുതുയ്(4) ക്രിസ്റ്റ്യൻ നെറിമാൻ റനോക്ക് (1) എന്നിവരെയാണ് രക്ഷപെടുത്തിയത്. ഇതിൽ ഏറ്റവും ഇളയ കുട്ടിയുടെ ഒന്നാം പിറന്നാൾ ആമസോൺ കാട്ടിൽ ആയിരുന്നു. വിമാനം തകർന്ന് രണ്ടാഴ്ചയ്ക്കുശേഷം ആയിരുന്നു അപകടത്തിൽപ്പെട്ട വിമാനത്തിൻെറ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇതിൽ കുട്ടികളുടെ ‘അമ്മ മഗ്‌ദലീന ഉൾപ്പെടെ മൂന്ന് മുതിർന്നവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. അപകടം നടന്നതിന് മൂന്ന് കിലോമീറ്റർ അകലെയായി കമ്പുകളും ഇലകളും ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച എന്ന് കരുതുന്ന ഒരു ചെറിയ കുടിലും ഭക്ഷണസാധനങ്ങളും കണ്ടു കിട്ടിയതാണ് രക്ഷാപ്രവർത്തകർക്ക് ശുഭ സൂചനയേകിയത്.
നിർജലീകരണവും പ്രാണികളുടെ കടിയേറ്റതുമായ പാടുകളും ഒഴിച്ചാൽ കുട്ടികൾക്ക് മറ്റു കാര്യമായ പ്രശ്നങ്ങളില്ല. കുട്ടികളുടെ പിതാവായ മാനുവലിനെ കാണാനായി അമ്മയോടൊപ്പം നടത്തിയ യാത്രയിലാണ് വിമാനം അപകടത്തിൽപ്പെട്ടത്.