കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനായി നിലകൊള്ളുന്ന സംഘടനയായ എൻ എസ് പി സി സിയുടെ റിപ്പോർട്ടുകൾ പ്രകാരം, വംശീയധിക്ഷേപം നേരിടുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. 2015 മുതൽ 2018 വരെയുള്ള കാലത്തിനിടയിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നേരെയുള്ള ഈ ക്രൂരത ഏതാണ്ട് 22 ശതമാനത്തിൽ അധികം വർധിച്ചിരിക്കുന്നു. വംശീയാധിക്ഷേപം മൂലം സൗന്ദര്യ വസ്തുക്കൾ ഉപയോഗിച്ച് നിറം മാറ്റുന്ന കുട്ടികളുടെ എണ്ണവും ഉയർന്നു വരികയാണ്. പോലീസ് റിപ്പോർട്ടുകൾ പ്രകാരം, 2015 മുതൽ 2018 വരെ മുപ്പതിനായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരാവകാശ നിയമത്തിലൂടെ യുകെയിലെ എല്ലാ പോലീസ് ആസ്ഥാനത്തു നിന്നും ലഭിച്ച കണക്കുകൾ പ്രകാരം നടത്തിയ പഠനത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്. വർഷങ്ങൾ കഴിയുംതോറും അതിക്രമങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നത് ഏവരെയും ആശങ്കപ്പെടുത്തുന്നു.

എൻ എസ് പി സി സിയുടെ ചൈൽഡ് ലൈൻ വഴി വിളിച്ച കുട്ടികളെല്ലാം അവരുടെ സങ്കടങ്ങൾ തുറന്നു പറയുകയുണ്ടായി. ദിവസങ്ങൾക്കുമുമ്പ് 11 വയസ്സുള്ള കുട്ടി തന്റെ സ്കൂളിൽ വംശീയ അധിക്ഷേപത്തിന് ഇരയായിരുന്നു . ഈ കുട്ടിയെ ഒരു “അടിമ” എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. 10 വയസ്സുള്ള കുട്ടി ഇപ്രകാരം വെളിപ്പെടുത്തുന്നു ” എന്റെ കൂട്ടുകാർ എന്നോടൊപ്പം നടക്കുവാൻ മടിക്കുന്നു. ഞാൻ യുകെയിൽ ജനിച്ചവൻ ആണെങ്കിലും അവർ എന്നോട് മറ്റൊരു രാജ്യത്തേക്ക് പോകുവാൻ പറയുന്നു. അവരിലൊരാൾ ആകുവാൻ വേണ്ടി ഞാൻ സൗന്ദര്യവസ്തുക്കൾ ഉപയോഗിക്കുന്നു. അത് എനിക്ക് പഠിക്കുവാനും സ്കൂളിൽ പോകുവാനും വേണ്ടിയാണ്.” 16 വയസ്സുള്ള മുസ്ലിം കുട്ടിയെ തീവ്രവാദി എന്നാണ് സഹപാഠികൾ വിളിച്ചിരുന്നത്. ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പോലും ഈ അതിക്രമങ്ങൾക്ക് ഇരയാകുന്നു എന്നത് ഭീതിപ്പെടുത്തുന്നതാണ്.

12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് പ്രധാനമായും വംശീയ അധിക്ഷേപത്തിന് ഇരയാകുന്നത്. അതിൽ പെൺകുട്ടികളാണ് ചൈൽഡ് ലൈനുമായി ബന്ധപ്പെട്ടത്. ചൈൽഡ്‌ലൈൻ തലവനായ ജോൺ കാമറൂൺ ഇപ്രകാരം പറയുന്നു. “കുട്ടികൾക്കെതിരെയുള്ള വംശീയ അധിക്ഷേപം സമൂഹത്തെ തന്നെ താറുമാറാക്കുന്നു. ഇത് സമൂഹത്തിന്റെ നിലനിൽപ്പിനെ രൂക്ഷമായി ബാധിക്കും.” 2016ലെ ബ്രക്സിറ്റ് പ്രശ്നത്തിനിടയിലും 2017ലെ ലണ്ടൻ ബ്രിഡ്ജ് അക്രമത്തിനും ഇടയിലാണ് ഏറ്റവും കൂടുതൽ വംശീയാധിക്ഷേപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭാവിയുടെ വാഗ്ദാനം ആവേണ്ട കുട്ടികൾ വളരെയധികം മാനസിക സമ്മർദമാണ് നേരിടുന്നത്. ഇത് അവരുടെ പഠനത്തെയും ജീവിതത്തെയും ബാധിക്കുന്നു. ഇതുവഴി അവർ തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ