ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
വാഷിംഗ്ടൺ: ചൈനയിൽ നടന്ന ഈസ്റ്റേൺ എയർലൈൻസ് വിമാനാപകടം മനഃപൂർവ്വം സൃഷ്ടിച്ചതാണെന്ന് യുഎസ് റിപ്പോർട്ടുകൾ. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്‌സിൽ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തിയത്. വാൾ സ്ട്രീറ്റ് ജേണലാണ് ഇത് റിപ്പോർട്ട് ചെയ്തത്. കോക്‌പിറ്റിലുണ്ടായിരുന്ന ആരോ ഒരാളാണ് അപകടത്തിന് പിന്നിലെന്ന് റിപ്പോർട്ടിൽ പറയുന്നു. പൈലറ്റുമാരുടെ പങ്കും സംശയിക്കുന്നു.
ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമായിരുന്നു തകര്‍ന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11നാണ് അപകടമുണ്ടായത്. 132 പേരായിരുന്നു ഈ അപകടത്തിൽ മരണപ്പെട്ടത്. കുന്‍മിങ്ങില്‍ നിന്നും പറന്നുയര്‍ന്ന വിമാനം ഗ്വാങ്ഷുവില്‍ ഇറങ്ങേണ്ടതായിരുന്നു. എന്നാല്‍, ഇടക്ക് വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗുവാങ്സിയില്‍ ഗ്രാമപ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്.
അപകടത്തിനു തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോൾ റൂമുകളിൽനിന്നുള്ള കോളുകളോട് പൈലറ്റുമാർ പ്രതികരിച്ചില്ലെന്നും വിമാനാപകടം ബോധപൂർവമാണോയെന്നു പരിശോധിക്കുകയാണെന്നും ചൈനീസ് അധികൃതരെ ഉദ്ധരിച്ച് നേരത്തെ തന്നെ റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിമാനത്തിന് യന്ത്രത്തകരാറില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതാണ്. വിമാനം റാഞ്ചപ്പെട്ടോ എന്ന കാര്യങ്ങള്‍ അടക്കം ഇനി കൂടുതല്‍ അന്വേഷിക്കേണ്ടി വരും. അതേ സമയം പുതിയ വെളിപ്പെടുത്തലിനോട് ചൈന പ്രതികരിച്ചിട്ടില്ല.
Leave a Reply