ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏപ്രിൽ 2-ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ താരിഫുകൾക്ക് എതിരെ ശക്തമായി പ്രതികരിച്ച് ചൈന. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34% അധിക നികുതിയാണ് ഏപ്രിൽ 10 മുതൽ ചൈന ഏർപ്പെടുത്തുക. ഇത് ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും സാമ്പത്തിക വിപണികളിൽ കോളിളക്കമുണ്ടാക്കുകയും ചെയ്‌തു കഴിഞ്ഞു. ബുധനാഴ്ച ട്രംപ് നടത്തിയ പ്രഖ്യാപനത്തിനു പിന്നാലെ ആഗോള ഓഹരി വിപണിയിൽ ഏകദേശം 5 ട്രില്യൺ ഡോളറിൻെറ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ എഫ്‌ടി‌എസ്‌ഇ 100 തിങ്കളാഴ്ച മുതൽ 7% ത്തിലധികം ഇടിഞ്ഞു. കോവിഡ് -19 പ്രതിസന്ധിയുടെ ആദ്യ ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും ഇടിവ് ഉണ്ടാകുന്നത്. യുഎസും ചൈനയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷം ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വ്യാപാര യുദ്ധം, ഉയർന്ന പണപ്പെരുപ്പത്തിനും മന്ദഗതിയിലുള്ള വളർച്ചയ്ക്കും കാരണമാകുമെന്ന് യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവൽ മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ ദുർബലമായ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഇത് ഗുരുതരമായ അപകടസാധ്യത സൃഷ്ടിക്കുമെന്ന് ഐ‌എം‌എഫ് ആശങ്ക പ്രകടിപ്പിച്ചു.

ചൈനയ്ക്ക് പുറമെ വിയറ്റ്നാം, കംബോഡിയ, തായ്‌ലൻഡ് തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കും ട്രംപ് തീരുവ ചുമത്തി. യുകെ കയറ്റുമതിയിലെ 10% താരിഫ് നീക്കം ചെയ്യുന്നതിനായി യുകെ സർക്കാർ യുഎസുമായി ചർച്ച തുടരുമെന്ന് യുകെ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു. ചർച്ചകളുടെ ഭാഗമായി, പ്രധാന ടെക് കമ്പനികൾ പ്രതിവർഷം അടയ്‌ക്കേണ്ടതായി വരുന്ന £1 ബില്യൺ ഡിജിറ്റൽ സേവന നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള ഇളവുകൾ യുകെ വാഗ്ദാനം ചെയ്യുന്നുണ്ട്.