ബെയ്ജിങ്: ചരിത്രം സൃഷ്ടിച്ച് ചൈനയുടെ ചാങ്ഇ4 പേടകം ചന്ദ്രന്റെ വിദൂരഭാഗത്തേക്ക് വിജയകരമായി ഇറങ്ങി. ഭൂമിയില്‍ നിന്നും ദൃശ്യമാകാത്ത ചന്ദ്രന്റെ വിദൂര ഭാഗത്ത് (ഫാര്‍ സൈഡ്) ഇതുവരെ പേടകങ്ങളൊന്നും ഇറങ്ങിയിട്ടില്ല. ചന്ദ്രനു ചുറ്റും കറങ്ങുന്ന വിവിധ ഉപഗ്രഹങ്ങള്‍ ചിത്രങ്ങളെടുത്തിട്ടുണ്ടെങ്കിലും ഈ ഭാഗത്ത് ആദ്യമായാണ് പേടകം ഇറങ്ങുന്നത്. ലോകത്തിലാകമാനം നടക്കുന്ന പര്യവേഷണ ഗവേഷണങ്ങളില്‍ നാഴികല്ലാകും ചാങ്ഇ4 പേടകം എന്നാണ് കരുതുന്നത്. ചാങ്ഇ4 പേടകം അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പേടകത്തില്‍ നിന്നുള്ള ആദ്യ ചിത്രവും ഇതിനോടകം ലഭ്യമായി കഴിഞ്ഞു. ഡിസംബര്‍ 8 നു വിക്ഷേപിച്ച പേടകം 12നു ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി. തുടര്‍ന്നു 18 ദിവസത്തെ യാത്രയ്ക്കു ശേഷം ലക്ഷ്യത്തിലെത്തിയത്.

ഭൂമിയെ ഭ്രമണം ചെയ്യുന്ന അതേ തോതിലാണു ചന്ദ്രന്‍ സ്വയം കറങ്ങുന്നതും. ‘ടൈഡല്‍ ലോക്കിങ്’ എന്ന ഈ പ്രത്യേകത മൂലം ചന്ദ്രന്റെ വിദൂരഭാഗം ഭൂമിക്ക് അഭിമുഖമായി ഒരിക്കലും വരില്ല. മനുഷ്യര്‍ക്കു ദൃശ്യമല്ലാത്തതിനാല്‍ ഇരുണ്ട ഭാഗം എന്നും ഇത് അറിയപ്പെടുന്ന ഫാര്‍ സൈഡില്‍ വലിയ ഗവേഷണങ്ങളൊന്നും നടത്താന്‍ മനുഷ്യര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ ചാങ്ഇ4 പേടകം വിജയകരമായി ഇറങ്ങിയതോടെ ഫാര്‍ സൈഡിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ചന്ദ്രനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചാങ്ഇ4 പേടകത്തിന് ഭൂമിയിലേക്ക് നേരിട്ട് വിവരങ്ങള്‍ കൈമാറുക സാധ്യമല്ല. അതിനാല്‍ ബഹിരാകാശത്തുള്ള മറ്റൊരു ഉപഗ്രഹം വഴിയാവും വിവരങ്ങള്‍ ഭൂമിയിലേക്ക് എത്തിക്കുക.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്യാമറകള്‍, റഡാര്‍, സ്‌പെക്ട്രോമീറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളുമായാണ് പേടകം ചന്ദ്രനിലിറങ്ങിയിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണഭാഗത്തുള്ള അതിപ്രാചീനമായ ഐയ്റ്റ്കന്‍ മേഖലയിലെ ഉപരിതല, ധാതു ഘടനകള്‍ പഠിക്കുകയാണു പ്രധാനലക്ഷ്യം. ദൗത്യം വിജയിച്ചതോടെ രാജ്യാന്തര ബഹിരാകാശ മത്സരത്തില്‍ ചൈനയ്ക്ക് വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഫാര്‍ സൈഡില്‍ നിന്ന് ഭൂമിയിലേക്ക് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കില്ലെന്നതായിരുന്നു ദൗത്യത്തിന്റെ പ്രധാന പ്രതിസന്ധി. എന്നാല്‍ മറ്റൊരു ഉപഗ്രഹം വഴി ഇത് സാധ്യമായതോടെ കാര്യങ്ങള്‍ എളുപ്പമായി.