സ്വന്തം ലേഖകൻ
ലണ്ടൻ : കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളിൽ പടർന്നുപിടിച്ചുകഴിഞ്ഞു. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്ക് തുല്യമായ സ്ഥിതിയിലാണ്. കൊറോണ വൈറസ് ബാധയുടെ 370 ലധികം കേസുകൾ യുകെയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം ആറ് മരണങ്ങളും ഇതുവരെ ഉണ്ടായിക്കഴിഞ്ഞു. ഏകദേശം 26,000 പേരിൽ വൈറസ് പരിശോധന നടത്തി. ഹെർട്ട്‌ഫോർഡ്ഷയറിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ലണ്ടനിൽ 91 കേസുകൾ. ഇറ്റലി പോലുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഈ സംഖ്യ വളരെ കുറവാണ്. ജർമ്മനിയിലും ഫ്രാൻസിലും കേസുകളുടെ എണ്ണം കൂടിവരുന്നു. വൈറസിനെ തുരത്താൻ ബ്രിട്ടീഷ് സർക്കാർ എല്ലാവിധ നടപടികളും സ്വീകരിക്കാൻ ഒരുങ്ങുന്നു. ആഗോളതലത്തിൽ കൊറോണ വൈറസ് ബാധിച്ച് 4,000 ത്തിലധികം മരണങ്ങളും 113,000ത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വൈറസിനെ നേരിടാനുള്ള സർക്കാർ കർമപദ്ധതിയിൽ മൂന്നു ഘട്ടങ്ങളാണുള്ളത്. നിലവിൽ ഊന്നൽ നൽകുന്നത് ഗവേഷണ ഘട്ടങ്ങളിലാണ്. സ്കൂളുകൾ അടച്ചിടുക, വലിയ പൊതുപരിപാടികൾ റദ്ദാക്കുക, വീട്ടിൽ ഇരുന്ന് ജോലി ചെയ്യുക തുടങ്ങിയ നടപടികൾ സർക്കാർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിനങ്ങളിലെ വ്യാപനം സംബന്ധിച്ചിരിക്കും തീരുമാനങ്ങൾ. രോഗപ്രതിരോധത്തിനായി ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ഏഴു ദിവസത്തേക്ക് സ്വയം ഒറ്റപ്പെടണമെന്നും അധികൃതർ അറിയിച്ചു. വൈറസ് വ്യാപകമാവുകയാണെങ്കിൽ വിരമിച്ച എൻഎച്ച്എസ് ഉദ്യോഗസ്ഥരോട് ജോലിയിലേക്ക് മടങ്ങാൻ ആവശ്യപ്പെടും. രോഗലക്ഷണങ്ങൾ ഉള്ളവർ 111 എന്ന നമ്പറിൽ ബന്ധപ്പെടണം. പ്രധാന രോഗബാധിത പ്രദേശങ്ങളിൽ നിന്നും മറ്റ് ചില രാജ്യങ്ങളിൽ നിന്നും യുകെയിലേക്ക് മടങ്ങിയെത്തിയ ആളുകൾക്കുള്ള ഉപദേശം സർക്കാർ നൽകിയിട്ടുണ്ട്. ചൈന, ഇറ്റലി, ഫ്രാൻസ്, ഇറാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ ബ്രിട്ടീഷുകാരിലാണ് രോഗം കൂടുതലായി കണ്ടെത്തിയത്.
ചൈനയ്ക്ക് ശേഷം ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. 463 മരണങ്ങൾ ഇതിനകം സംഭവിച്ചുകഴിഞ്ഞു. ഒപ്പം 9000ത്തിലധികം കേസുകളും. ഇറ്റാലിയൻ പ്രധാനമന്ത്രി രാജ്യമെമ്പാടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം ബ്രിട്ടീഷ് എയർവേയ്‌സും റയാനെയറും ഇറ്റലിയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിർത്തിവയ്ക്കുന്നു. ഇറ്റലിയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. അതേസമയം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണത്തിൽ കുറവുണ്ടായി. തിങ്കളാഴ്ച 40 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രോഗം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞതിനു ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കാണിത്. ഇത് ആശ്വാസം പകരുന്ന വസ്തുതയാണ്. പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ ക്രമേണ കുറവുണ്ടായതായി ചൈന പറയുന്നു.
Leave a Reply