ന്യൂസ് ഡെസ്ക് മലയാളം യുകെ

ബെയ്​ജിങ്​: ചൈനീസ്​ പ്രവിശ്യയായ സിൻജിയാങ്ങിലെ ഉയ്​ഗൂ​ർ വംശഹത്യയിൽ പ്രതിഷേധിച്ച്​ നടപടി സ്വീകരിച്ച ബ്രിട്ടനെതിരെ പ്രതികാരവുമായി ചൈന. ബ്രിട്ടനിലെ 4 സംഘടനകൾക്കും 9 വ്യക്​തികൾക്കും ഉപരോധമേർപ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. കൺസർവേറ്റീവ്​ പാർട്ടി മുൻ നേതാവ്​ ഇയാൻ ഡങ്കൻ സ്​മിത്ത് ഉൾപ്പെടെ ഉള്ള രാഷ്ട്രീയ നേതാക്കൾ ഉപരോധ പട്ടികയിലുണ്ട്. എംപിമാരായ ടോം തുഗെൻ‌ഹാത്ത്, ലോർഡ് ആൾട്ടൺ, നീൽ ഓബ്രിയൻ, ടിം ലോഫ്റ്റൻ, നുസ്രത്ത് ഘാനി എന്നീ പ്രമുഖരും പട്ടികയിലുണ്ട്. നാലു ചൈനീസ്​ ഉദ്യോഗസ്​ഥരെ രാജ്യത്ത് വിലക്കിയ ബ്രിട്ടീഷ് നടപടിക്ക് പകരമായാണ് ചൈനയുടെ ഈ നീക്കം.

മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സത്യം പരിശോധിക്കാൻ സിൻജിയാങ്ങിലേക്ക് അന്താരാഷ്ട്ര പ്രവേശനം അനുവദിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. സിൻജിയാങ്ങിലുടനീളം സ്​ഥാപിച്ച തടവറകളിൽ 10 ലക്ഷത്തിലേറെ ഉയ്​ഗൂർ മുസ്​ലിംകളെ താമസിപ്പിച്ചിട്ടുണ്ടെന്നാണ് കണക്ക്. തടവറയിലെ വനിതകൾ കൂട്ട ബലാൽസംഗത്തിനിരയാകുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. എന്നാൽ തീവ്രവാദികൾക്ക്​ പുനർവിദ്യാഭ്യാസമാണ്​ ഈ കേ​ന്ദ്രങ്ങളിൽ നടക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഈ വർഷം ഇതുവരെ, യുഎസ്, കാനഡ, നെതർലാന്റ്സ് എന്നിവർ സിൻജിയാങ്ങിലെ നടപടികൾ വംശഹത്യയ്ക്ക് തുല്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഉപരോധ പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളെയും അവരുടെ അടുത്ത കുടുംബാംഗങ്ങളെയും ചൈനയിലേക്ക് പ്രവേശിപ്പിക്കില്ല. ചൈനയിലെ അവരുടെ ആസ്തികളെല്ലാം മരവിപ്പിക്കും. ചൈനീസ് പൗരന്മാർക്കും സ്ഥാപനങ്ങൾക്കും അവരുമായി ബിസിനസ്സ് നടത്തുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.