നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാംഗോംഗ്-1 ആഴ്ചകള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിക്കും. അപ്രകാരമുണ്ടായാല്‍ മാരക വിഷപദാര്‍ത്ഥങ്ങളായിരിക്കും ഭൂമിയിലേക്ക് ഇത് വര്‍ഷിക്കുകയെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. എട്ട് ടണ്‍ ഭാരമുള്ള വമ്പന്‍ ബഹിരാകാശ നിലയം 2016 മാര്‍ച്ചിലാണ് ചൈനയുടെ നിയന്ത്രണത്തില്‍ നിന്ന് വഴുതിപ്പോയത്. പിന്നീട് ഏറെക്കാലം കാണാമറയത്ത് നിന്നിരുന്ന ടിയാംഗോംഗിനെ കണ്ടെത്തിയപ്പോള്‍ ഈ മാസം അവസാനത്തോടെ ഭൂമിയില്‍ ഇടിച്ചിറങ്ങുന്ന വിധത്തിലാണ് ഇതിന്റെ ഭ്രമണപഥമെന്ന് വ്യക്തമാകുകയായിരുന്നു.
ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിച്ചാല്‍ വായു ഘര്‍ഷണത്താല്‍ നിലയത്തിന്റെ ഭൂരിഭാഗവും കത്തിച്ചാമ്പലാകുമെങ്കിലും 100 കിലോ വരെ ഭാരമുള്ള ഭാഗങ്ങള്‍ ഭൂമിയില്‍ പതിച്ചേക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ അതുമാത്രമല്ല ടിയാംഗോംഗ് കൊണ്ടുവരുന്ന ദുരന്തം. ഹൈഡ്രസീന്‍ എന്ന റോക്കറ്റ് ഇന്ധനം നിലയത്തില്‍ നിറച്ചിട്ടുണ്ട്. മനുഷ്യന് ഈ ഇന്ധനവുമായി സമ്പര്‍ക്കമുണ്ടായാല്‍ കരളിന്റെയും നാഡികളുടെയും പ്രവര്‍ത്തനം നിലയ്ക്കും. ടിയാംഗോംഗിന്റെ ചെറിയൊരു ശതമാനം അവശിഷ്ടങ്ങള്‍ ഭൂമിയില്‍ പതിക്കുമെന്നാണ് നാസയുടെ ടെക്‌നിക്കല്‍ ആന്‍ഡ് സയന്റിഫിക് റിസര്‍ച്ച് ഡെവലപ്‌മെന്റ് സഹായിയായ എയ്‌റോസ്‌പേസ് കരുതുന്നത്.
നൂറുകണക്കിന് കിലോമീറ്റര്‍ പ്രദേശത്തായി ഈ അവശിഷ്ടങ്ങള്‍ വീഴാന്‍ സാധ്യതയുണ്ട്. ഉപഗ്രഹം വീഴാന്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പും തയ്യാറാക്കിയിട്ടുണ്ട്. കടലില്‍ വീഴാനാണ് ഏറ്റവും സാധ്യതയെങ്കിലും വടക്കന്‍ അര്‍ദ്ധഗോളത്തില്‍ അമേരിക്കയും യൂറോപ്പിന്റെ തെക്കന്‍ ഭാഗങ്ങളും പെടുന്നുണ്ട്. തെക്കന്‍ അര്‍ദ്ധഗോളത്തില്‍ അര്‍ജന്റീന, ചിലി, ന്യൂസിലാന്‍ഡ് എന്നിവയാണ് സാധ്യതാ പ്രദേശങ്ങള്‍. എന്നാല്‍ അവശിഷ്ടങ്ങള്‍ മനുഷ്യര്‍ക്ക് നാശമുണ്ടാക്കാനുള്ള സാധ്യതകളെ എയ്‌റോസ്‌പേസ് തള്ളിക്കളയുന്നു. 2011ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം കടലില്‍ തകര്‍ന്നു വീഴുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരുന്നതെങ്കിലും നിയന്ത്രണം വിട്ടതിനാല്‍ എവിടെ വീഴുമെന്നതില്‍ ആശങ്കകള്‍ ഏറെയാണ്.
Leave a Reply