കാന്‍ബറ: ഓസ്‌ട്രേലിയന്‍ വ്യോമസേനയുടെ വിമാനത്തിനു നേരേ ചൈനീസ് യുദ്ധക്കപ്പലില്‍നിന്നു ലേസര്‍ ആക്രമണമുണ്ടായതായി ഓസ്‌ട്രേലിയന്‍ പ്രതിരോധ വകുപ്പിന്റെ വെളിപ്പെടുത്തല്‍. റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ അത്യാധുനിക നിരീക്ഷണ വിമാനമായ പി-8 പോസിഡോണിനു നേരേയാണ് ചൈനീസ് നാവികസേനയുടെ കപ്പല്‍നിന്ന് ലേസര്‍ ലൈറ്റ് തെളിച്ചത്.

വിമാനത്തിലുണ്ടായിരുന്ന പത്തോളം ഓസ്ട്രേലിയന്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന വിധമുള്ള ലേസര്‍ ആക്രമണമാണ് ഉണ്ടായതെന്ന് ഓസ്ട്രേലിയന്‍ പ്രതിരോധ വകുപ്പ് പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. ഓസ്ട്രേലിയയുടെ വടക്കന്‍ മേഖലയിലൂടെ പറക്കുമ്പോഴാണ് ലേസര്‍ രശ്മി പ്രയോഗം വ്യോമസേനാംഗങ്ങളുടെ ശ്രദ്ധയില്‍പെട്ടത്്. വിമാനം പറക്കുന്നതിനിടെ ഇത്തരം ലേസര്‍ ആക്രമണമുണ്ടായാല്‍ വിമാനം പ്രവര്‍ത്തനരഹിതമാവാനും വന്‍ ദുരന്തം സംഭവിക്കാനും സാധ്യതയുണ്ട്. പൈലറ്റ് ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് അന്ധത ബാധിക്കാനും വിമാനത്തിലെ ഉപകരണങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനും സാധ്യതയേറെയാണ്.

‘ചൈനീസ് കപ്പല്‍ ലേസര്‍ രശ്മികള്‍ പ്രകാശിപ്പിക്കുന്നത് അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് ഉയര്‍ത്തുന്നത്. പ്രൊഫഷണല്‍ അല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഇത്തരം സൈനിക നടപടികളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രവൃത്തികള്‍ പ്രതിരോധ സേനാംഗങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാമെന്നും പ്രതിരോധ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവസമയത്ത് രണ്ട് ചൈനീസ് നാവിക സേനാ കപ്പലുകള്‍ ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള അറഫുറ കടലിലൂടെ സഞ്ചരിക്കുകയായിരുന്നു.നയതന്ത്ര-വാണിജ്യ ബന്ധങ്ങളില്‍ ചൈനയും ഓസ്‌ട്രേലിയയും തമ്മില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.

വിമാനത്തിനു നേരെയുണ്ടായ ലേസര്‍ രശ്മി പ്രയോഗത്തെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ചൈനീസ് യുദ്ധക്കപ്പലിന്റേത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത, അശ്രദ്ധവും നിരുത്തരവാദപരവുമായ പ്രവൃത്തിയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

‘സംഭവം ഓസ്‌ട്രേലിയയ്ക്കു നേരേയുള്ള ചൈനയുടെ ഭീഷണിയാണ്. നയതന്ത്ര മാര്‍ഗങ്ങളിലൂടെ വിഷയം ചൈനയ്ക്കു മുന്നില്‍ ഉന്നയിക്കും. ഓസ്ട്രേലിയയുടെ കാഴ്ചപ്പാടുകള്‍ ചൈനീസ് സര്‍ക്കാരിനെ കൃത്യമായി അറിയിക്കുമെന്ന് സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. ഇത്തരമൊരു അപകടകരമായ പ്രവൃത്തി ചൈനീസ് യുദ്ധകപ്പലില്‍നിന്നുണ്ടായതിനെക്കുറിച്ച് ചൈന വിശദീകരണം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു പ്രകോപനവുമില്ലാത്തയുള്ള അനാവശ്യ ഭീഷണികളെ ഓസ്ട്രേലിയ ഒരിക്കലും അംഗീകരിക്കില്ല. ചൈനയുടെ ഭീഷണിപ്പെടുത്തല്‍ എന്ന നിലയില്ലാതെ ഈ പ്രവൃത്തിയെ കാണാനാകില്ലെന്ന് സ്‌കോട്ട് മോറിസണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ചൈനീസ് കപ്പലിന്റേത് അതിരുകടന്ന ആക്രമണമാണെന്നും പ്രതിപക്ഷം സംഭവത്തെ ശക്തമായി അപലപിക്കുന്നതായും പ്രതിപക്ഷ നേതാവ് ആന്റണി അല്‍ബനീസ് പറഞ്ഞു. സംഭവത്തില്‍ ഫെഡറല്‍ സര്‍ക്കാര്‍ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.