മലയാളം യുകെ ന്യൂസ് ടീം
ബെര്‍മ്മിംഗ്ഹാം : 2017 ജൂണ്‍ 15 വ്യാഴാഴ്ച്ച… ഓരോ യുകെ മലയാളിക്കും അഭിമാനിക്കാവുന്ന സുദിനം. കാരുണ്യത്തിന്റെ ലോകത്തേയ്ക്ക് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ആദ്യ കാല്‍വെയ്പ്പ്. അക്ഷരങ്ങളോട് പൊരുതി ജനങ്ങളോടൊപ്പം സഞ്ചരിച്ച ഞങ്ങള്‍ വായനക്കാരുടെ പ്രയാസങ്ങളിലും പങ്ക് ചേരുകയാണ്. ഡേവിസ് ചിറമേലച്ചന്‍ സ്‌നേഹം കൊടുക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റിനാണ് മലയാളം യുകെയുടെ ആദ്യ സഹായഹസ്തം എത്തിച്ച് കൊടുക്കുന്നത്. ഇരുപത്തഞ്ച് ഡയാലിസ്സിസ് മെഷീനുകളുമായി മലയാളം യുകെയുടെ ചാരിറ്റി വഹിച്ചുകൊണ്ടുള്ള കപ്പല്‍ ഇന്ന് ലണ്ടനില്‍ നിന്ന് കേരളത്തിലേയ്ക്ക് യാത്ര ആരംഭിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളില്‍ കേരളത്തില്‍ എത്തുന്ന ഈ വിലപ്പെട്ട ഡയാലിസ്സിസ് മെഷീനുകളെ കാത്തിരിക്കുന്നത് ചിറമേലച്ചനും പാവപ്പെട്ട കിഡ്നി രോഗികളും. കിഡ്നി രോഗികള്‍ക്ക് വേണ്ടി ജീവിതം മാറ്റിവച്ച ചിറമേലച്ചന്‍ ” ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു ” എന്ന് ഞങ്ങളോട് പങ്ക് വയ്ക്കുമ്പോള്‍ ഈ ഡയാലിസ്സിസ് മെഷീനുകള്‍ കേരളത്തിലുള്ള പാവപ്പെട്ട ഓരോ കിഡ്നി രോഗികള്‍ക്കും എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് വ്യക്തമാവുകയാണ്.
കേരളത്തിലെ എല്ലാ ജില്ലകളിലും ഈ ഡയാലിസ്സിസ് മെഷീനുകള്‍ എത്തിച്ച് കൊടുത്ത് പാവപ്പെട്ട കിഡ്നി രോഗികള്‍ക്ക് സൌജന്യമായി ഡയാലിസിസ് ചെയ്ത് കൊടുക്കുകയും, അതിലൂടെ അനേകം പാവങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയിലൂടെ നിറവേറ്റപ്പെടുന്നത്. യുകെയില്‍ മറ്റ് ആര്‍ക്കും കഴിയാത്ത ഈ പുണ്യപ്രവര്‍ത്തിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ നിങ്ങളെപ്പോലെ ഞങ്ങളും അഭിമാനിക്കുന്നു. അര്‍ഹിക്കുന്നവര്‍ക്ക് ആശ്രയമാവുക എന്ന ലക്ഷ്യം മാത്രമാണ് ഞങ്ങള്‍ ഇതിലൂടെ നേടിയെടുക്കുന്നത്.
ബെര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജ്ജിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍, എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ പുതിയ ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുന്നതിനെ തുടര്‍ന്ന് മാറ്റപ്പെടുന്ന പഴയ ഡയാലിസിസ് മെഷീനുകള്‍ ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് എത്തിച്ചു കൊടുക്കുകയാണ് ഞങ്ങള്‍ ചെയ്യുന്ന ആദ്യ ഔദ്യോഗിക ചാരിറ്റി പ്രവര്‍ത്തനം. അച്ചനെപ്പോലെ തന്നെ ജീവന്റെ വില തിരിച്ചറിഞ്ഞതുകൊണ്ടാണ് ഈ ചാരിറ്റിക്ക് എല്ലാവിധ സഹായവുമായി ഞങ്ങള്‍ മുന്നോട്ട് വന്നത്.
പത്ത് വര്‍ഷം കൂടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കും എന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന ഡയാലിസിസ് മെഷീനുകളാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നത്. പ്രിന്‍സ് ജോര്‍ജ്ജും സംഘവും ചെയ്യുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എന്‍എച്ച്എസിന്റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ജര്‍മ്മന്‍ നിര്‍മ്മിതമായ ഈ മെഷീനുകള്‍ക്ക് 15 ലക്ഷത്തോളം രൂപ വില വരും. 25 ഡയാലിസിസ് മെഷീനുകളാണ് ഇന്ന് ഷിപ്പ് കാര്‍ഗോ വഴി കേരളത്തിലേയ്ക്ക് കയറ്റി അയച്ചത്. കൂടാതെ കേരളത്തില്‍ ഡയാലിസിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സുമാരെയും, ടെക്നീഷ്യന്‍സ്സിനേയും യുകെയിലെത്തിച്ച് കാലോചിതമായ കൂടുതല്‍ ട്രെയിനിംഗ് നല്‍കുവാനും പ്രിന്‍സ് ജോര്‍ജ്ജും സുഹൃത്തുക്കളും ശ്രമം ആരംഭിച്ചു കഴിഞ്ഞു. അതോടൊപ്പം നാലോളം കിഡ്നി രോഗികളുടെ കിഡ്നി മാറ്റിവയ്ക്കാനുള്ള തുക കണ്ടെത്തുവാനായി ഈ മാസം 25ന് ബെര്‍മ്മിംഗ്ഹാമിലെ സെന്റ് ഗിലസ് ചര്‍ച്ച് ഹാളില്‍ ചാരിറ്റി കൂട്ടായ്മയും സംഘടിപ്പിക്കുന്നുണ്ട്.
യുകെയിലെ എന്‍ എച്ച് എസ് ഹോസ്പിറ്റലുകള്‍ ഇതുപോലെയുള്ള പഴയ മെഷീനുകള്‍ ലേലത്തില്‍ വയ്ക്കുകയും അതിലൂടെ ഹോസ്പിറ്റല്‍ ഫണ്ടിലേയ്ക്ക് തുക സമാഹരിക്കുകയുമായിരുന്നു പതിവ്. എന്നാല്‍ പ്രിന്‍സ് ജോര്‍ജ്ജിലൂടെ ഇങ്ങനെ ഒരു ചാരിറ്റിയെപ്പറ്റി അറിഞ്ഞ എന്‍ എച്ച് എസ് നേതൃത്വം പ്രിന്‍സ് ജോര്‍ജ്ജിന് പൂര്‍ണ്ണ പിന്തുണ നല്‍കി ഈ ചാരിറ്റിയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു. ഈ ചാരിറ്റി ഏറ്റെടുത്തപ്പോള്‍ മുതല്‍ പലവിധ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോയെങ്കിലും ഈ വലിയ ദൌത്യം വിജയിപ്പിച്ചെടുക്കുവാന്‍ പ്രിന്‍സ് ജോര്‍ജ്ജ് കാണിച്ച സന്മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ അവസരത്തില്‍ നിങ്ങള്‍ ഓരോരുത്തര്‍ക്കുമൊപ്പം പ്രിന്‍സ് ജോര്‍ജ്ജിന് മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു
മലയാളം യുകെ ഓണ്‍ലൈന്‍ ന്യുസ് പേപ്പറിന്റെ ജീവകാരുണ്യ സംരംഭമായ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആണ് ഈ മെഷീനുകള്‍ ഷിപ്പ് കാര്‍ഗോയിലൂടെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കണ്ടെത്തിയത്. ബെര്‍മിംഗ്ഹാമില്‍ നിന്നുള്ള മലയാളം യുകെ ഡയറക്ടറും, ചാരിറ്റി കോഡിനേറ്ററുമായ ജിമ്മി മൂലംകുന്നേല്‍ ആണ് ഇതിനാവശ്യമായ ഫണ്ടും മറ്റ് സജ്ജീകരണങ്ങളും ഒരുക്കുന്നതിന് പ്രിന്‍സ് ജോര്‍ജ്ജിനൊപ്പം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്. ആതുരസേവന രംഗത്ത് വളരെ വിപുലമായ ചിന്തകളോടെയാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുന്നോട്ടിറങ്ങുന്നത്. തുടര്‍ന്നുള്ള ഞങ്ങളുടെ ഓരോ പ്രവര്‍ത്തനങ്ങളിലും നിങ്ങള്‍ ഓരോരുത്തരുടേയും നിസ്വാര്‍ത്ഥമായ സഹായം പ്രതീക്ഷിക്കുന്നു.
Leave a Reply