കോട്ടയം: 17ാം വയസ്സില്‍ പ്രണയിച്ചവനൊപ്പം ഇറങ്ങിപ്പോയി വിവാഹിതയാവുകയായിരുന്നു യുവതി. രണ്ടു വര്‍ഷത്തിനിപ്പുറം അയാളുടെ കൈകള്‍ കൊണ്ടുതന്നെ ദാരുണ മരണവും. ചങ്ങനാശേരി കറുകച്ചാലില്‍ യുവതി വാടകവീട്ടില്‍ തലയ്ക്ക് അടിയേറ്റു മരിച്ചു. സംഭവത്തോടനുബന്ധിച്ചു ഭര്‍ത്താവ് കുന്നന്താനം മുക്കട കോളനിയില്‍ 27 വയസ്സുകാരനായ സുബിനെ കറുകച്ചാല്‍ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി ഉതിമൂട് അജേഷ് ഭവനില്‍ അശ്വതിയാണ് (19) ദാരുണമായി കൊല്ലപ്പെട്ടത്. കഞ്ചാവിന്റെ ലഹരിയില്‍ ഭാര്യയെ അടിച്ചു കൊല്ലുകയായിരുന്നുവെന്നാണ് യുവാവിന്റെ മൊഴി. കഴിഞ്ഞദിവസം രാത്രി 11.30 നു ശാന്തിപുരം കാവുങ്കല്‍പടിയിലായിരുന്നു സംഭവം.

വിവാഹശേഷം ചിങ്ങവനത്ത് വാടക വീട്ടില്‍ താമസിച്ച്‌ വരുകയായിരുന്നു ഇവര്‍. സുബിന്‍ പലപ്പോഴും അശ്വതിയെ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. സുബിന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ റാന്നി, ചിങ്ങവനം ചങ്ങാനാശ്ശേരി, തുടങ്ങി വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ ഉണ്ട്. പോക്‌സോ, മോഷണം അടിപിടി കേസുകളില്‍ പ്രതിയായ ഇയാള്‍ കഴിഞ്ഞ വര്‍ഷം അശ്വതിയുടെ അമ്മ കുഞ്ഞുമോളുടെ കൈ ഇരുമ്പവടി കൊണ്ട് അടിച്ചൊടിച്ചിരുന്നു.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ;

 ലഹരിക്ക് അടിമയായ സുബിന്‍ രാത്രി അശ്വതിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ഉപദ്രവിക്കുകയും പല തവണ ഭിത്തിയില്‍ തല ഇടിപ്പിക്കുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന വിറകുകമ്പു കൊണ്ടു തലയില്‍ അടിച്ചു. ബോധം നഷ്ടപ്പെട്ട അശ്വതിയെ ഇയാള്‍ വലിച്ചിഴച്ചു കുളിമുറിയില്‍ കൊണ്ടുപോയി തലയില്‍ വെള്ളം ഒഴിച്ചു. ശബ്ദം കേട്ട് ഉണര്‍ന്ന അയല്‍വാസികള്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അബോധാവസ്ഥയിലായിരുന്ന അശ്വതിയെ പൊലീസ് എത്തിയ ആംബുലന്‍സിലാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ 6.45 നു യുവതി മരിച്ചു. പൊലീസിനെ കണ്ടയുടന്‍ അക്രമാസക്തനായ സുബിനെ ബലം പ്രയോഗിച്ചാണു ജീപ്പില്‍ കയറ്റിയത്. ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ല് പ്രതി തല കൊണ്ട് ഇടിച്ചു തകര്‍ത്തു. പരുക്കേറ്റ സുബിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 6 മാസം മുന്‍പാണ് ഇവര്‍ കറുകച്ചാല്‍ മാമുണ്ട കാവുങ്കല്‍പടിയില്‍ വീടു വാടകയ്‌ക്കെടുത്തു താമസം ആരംഭിച്ചത്.

അശ്വതിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമ്പോള്‍ കേരളം തന്നെ നടുങ്ങുകയാണ്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നവരെ ഇങ്ങനെയും കൊലപ്പെടുത്താനാകുമോ എന്ന ആശങ്കയും ഒപ്പം. അശ്വതിയുടെ ശരീരത്തില്‍ 56 ചതവുകള്‍ ഉള്ളതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാകുന്നത്. ക്രൂരമായ മര്‍ദനവും തലയ്‌ക്കേറ്റ അടിയുമാണ് മരണ കാരണമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

വിറക് കമ്പു കൊണ്ടുള്ള അടിയേറ്റ് തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും ചതവുകളുണ്ട്. വാരിയെല്ലുകള്‍ ഒടിഞ്ഞ് കരളില്‍ തറച്ച നിലയിലായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇന്നലെ രണ്ടരയോടെ ഉതിമൂട്ടിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.