ന്യൂഡൽഹി: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണ്, പെണ് മിശ്രപഠനം സുരക്ഷിതമല്ലെന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്. വൈദ്യനാഥന്റെ വിവാദ പരാമർശത്തിനെതിരേ നിയമജ്ഞർക്കിടയിൽ അന്പരപ്പും ആശങ്കയും. ഒരു കോളജിലെ കേസിന്മേൽ, കേസുമായി പരോക്ഷബന്ധം പോലുമില്ലാത്ത വർഗീയ ആരോപണങ്ങൾ വരെ ഉന്നത ഹൈക്കോടതി ജഡ്ജി തന്റെ വിധിപ്രസ്താവനയിൽ ചേർത്തത് രാജ്യത്തെ നീതിപീഠങ്ങളുടെ ചരിത്രത്തിൽ കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് സുപ്രീംകോടതിയിലെ മുതിർന്ന നിയമജ്ഞൻ പറഞ്ഞു.
ക്രൈസ്തവമതത്തെയും രാജ്യത്ത് നല്ല നിലയിൽ നടക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും അടച്ചാക്ഷേപിക്കാൻ കോടതി വിധിയെ ദുരുപയോഗപ്പെടുത്തിയത് അന്പരപ്പിക്കുന്നതാണെന്ന് വിരമിച്ച ഉന്നത ന്യായാധിപൻ ചൂണ്ടിക്കാട്ടി. ഞെട്ടിക്കുന്നതാണിത്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമാണ്. വിധി പ്രസ്താവന നടത്തിയ മദ്രാസ് ഹൈക്കോടതി ജഡ്ജി തന്നെ വേണ്ട തിരുത്തൽ നടപടി സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയംഭരണാധികാരമുള്ള മദ്രാസ് ക്രിസ്ത്യൻ കോളജിലെ പ്രഫസർക്കെതിരേ കോളജ് അധികൃതർ സ്വീകരിച്ച അച്ചടക്കനടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രഫസറായ പ്രതി നൽകിയ ഹർജി തള്ളിയ വിധിയിലാണ് വിവാദ നിരീക്ഷണങ്ങൾ ജഡ്ജി നടത്തിയത്. വിനോദയാത്രയ്ക്കിടെ അധ്യാപകൻ അപമര്യാദയായി പെരുമാറിയെന്ന 32 പെണ്‍കുട്ടികളുടെ പരാതിയിന്മേൽ ആരോപണ വിധേയനായ പ്രഫസർക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിച്ച പ്രിൻസിപ്പലിന്റെ നീക്കം പ്രശംസനീയമായിരുന്നു.
കോളജ് നടപടിയെ ശരിവച്ചുകൊണ്ടാണ് ആരോപണ വിധേയനായ പ്രഫസറുടെ ഹർജി ഈ ജഡ്ജി തള്ളിയത്.വിദ്യാർഥിനികളുടെ പരാതിയിന്മേൽ ചട്ടപ്രകാരം സമിതിയെ നിയോഗിച്ച് അന്വേഷിച്ച് ആരോപണവിധേയനെ പിരിച്ചുവിടാൻ ഷോകോസ് നോട്ടീസ് നൽകുകയാ ണ് കോളജ് അധികാരികൾ ചെയ്തത്. ഫലത്തിൽ വിദ്യാർഥിനികൾക്ക് സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതായിരുന്നു കോളജിന്റെ നടപടി. കോടതി വിധിയും ഇക്കാര്യം ശരിവച്ചിരിക്കുകയാണ്. എന്നിട്ടും രാജ്യത്തെ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെണ്‍കുട്ടികൾക്ക് സുരക്ഷയില്ലെന്ന പരാമർശം വിധിയിൽ ഉൾപ്പെടുത്തിയതാണ് വിവാദമായത്. കേസുമായി ഒരു ബന്ധവുമില്ലാതെ മതപരിവർത്തന ആരോപണം വരെ നടത്തുകയും ചെയ്ത ജഡ്ജിയുടെ നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് നിയമലോകം വിലയിരുത്തി. ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്നു വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതും അനാവശ്യ തെറ്റിദ്ധാരണ പരത്തുന്നതുമായ പരമാർശം ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടി. വിധിയിലെ പരാമർശം നീക്കാനായി കോളജ് അധികാരികൾ അപേക്ഷ നൽകുന്നതിനു കാത്തുനിൽക്കാതെ ജഡ്ജി സ്വയം വിവാദ പരാമർശങ്ങൾ നീക്കുന്നതാണ് ഉചിതമെന്ന് മറ്റൊരു റിട്ടയേഡ് ജഡ്ജി പറഞ്ഞു.
Leave a Reply