ന്യൂസ് ഡെസ്ക്, മലയാളം യുകെ
ക്രിസ്തുമസിൻ്റെയും പുതുവത്സരത്തിൻ്റെയും നാളുകൾ യുകെയിൽ ആഘോഷത്തിന്റേതാണ്. അവധിയും ബന്ധുക്കളും സുഹൃത്തുക്കളും ആയുള്ള ഒത്തു ചേരലുകളും ഒക്കെയായി സന്തോഷത്തിന്റെ ദിനങ്ങളാണ് ക്രിസ്തുമസ് കാലം സമ്മാനിക്കുന്നത്. ഉറ്റവർക്കുള്ള സമ്മാനങ്ങളും, ഫുഡ്, യാത്ര, വീട് അലങ്കരിക്കൽ തുടങ്ങിയ വിവിധ ഇനങ്ങളിലായി 700 പൗണ്ടിനും 1000 പൗണ്ടിനും ഇടയിൽ ഓരോ കുടുംബവും ഈ കാലഘട്ടത്തിൽ ചിലവഴിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.
ഈ വർഷം ക്രിസ്തുമസ് ഡിന്നർ ആസ്വദിക്കുന്നതിന് ചിലവാകുന്ന തുകയിൽ അൽപം കുറവുണ്ടാകുമെന്ന ആശ്വാസവാർത്ത പുറത്തു വന്നു. ടർക്കിയുടെയും ബ്രസ്സൽസ് സ്പ്രൗട്ടിൻ്റെയും വില കുറഞ്ഞതാണ് ഇതിന് കാരണം. ബ്രസ്സൽസ് സ്പ്രൗട്ടിൻ്റെ വിലയിൽ 12 ശതമാനം കുറവാണ് ഉണ്ടായത്. അതേസമയം 10lb ഭാരമുള്ള ഫ്രോസൺ ടർക്കിയുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.21 പൗണ്ട് കുറവായിരിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ക്രിസ്തുമസിന് ഇംഗ്ലീഷുകാരുടെ തീൻമേശയിലെ ഏറ്റവും പ്രധാന വിഭവങ്ങളിൽ ഒന്നാണ് ടർക്കി റോസ്റ്റ് . പരമ്പരാഗതമായി തുടർന്നു വരുന്ന ആചാരത്തിന്റെ ഭാഗമായാണ് ഇംഗ്ലീഷ് തീൻമേശയിൽ ടർക്കി സ്ഥാനം പിടിക്കുന്നത്.
ടർക്കിയുടെ വില കുറഞ്ഞങ്കിലും മറ്റു ചില ഭക്ഷണ വസ്തുക്കളുടെ വിലയിൽ സാരമായ ഉയർച്ച ഉണ്ടായതായുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. കിഴങ്ങ് വർഗ്ഗങ്ങളുടെ വിലയിലാണ് കുതിച്ചു കയറ്റം ഉണ്ടായത്. കാലാവസ്ഥയിലെ മാറ്റം ആണ് ഇതിന് കാരണമായി ചൂണ്ടി കാണിക്കുന്നത്. കാലം തെറ്റി വന്ന മഴ മൂലം ഈ വിഭാഗത്തിൽപ്പെട്ട പച്ചക്കറികളുടെ നടിലിൽ താമസമുണ്ടായതാണ് ക്രിസ്തുമസ് സീസണിലെ വിളവെടുപ്പ് പ്രതിസന്ധിയിലാക്കിയതിനും വില ഉയരാൻ കാരണമായതിനും പിന്നിൽ.
Leave a Reply