ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്ത
കർത്താവിൽ വാത്സല്യള്ളവരെ,
മലയാളം യുകെയിലൂടെ ‘ നിങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് . വളരെയധികം വ്യത്യസ്തമാർന്ന ഒരു സാഹചര്യത്തിലാണ് നാം ക്രിസ്തുമസ് ആഘോഷിക്കുവാൻ ഒരുങ്ങുന്നത്. ആശങ്കയുടെയും നിരാശയുടെയുമൊക്കെ കാലഘട്ടമാണിതെങ്കിലും ആദ്യ ക്രിസ്തുമസ് സ്നേഹത്തിൻറെ വസന്തവും പ്രത്യാശയുടെ പൂക്കാലവുമായിരുന്നു.ഇരുൾ മൂടിയ ജീവിതങ്ങളെ പ്രകാശപൂരിതമാക്കുവാൻ വെളിച്ചമായി പെയ്തിറങ്ങിയതാണ് ക്രിസ്തുവിൻറെ ജനനം . ഏതു പ്രതിസന്ധിയിലും ക്രിസ്തുമസിൻ്റെ പ്രഭ നഷ്ടപ്പെടുന്നില്ല; ദൈവസ്നേഹത്തിൻറെ ആവിഷ്കാരമാണ് ക്രിസ്തുവിൻറെ ജനനം. പ്രതിസന്ധികൾ എന്നും ലോകയാഥാർത്ഥ്യമാണ്. എങ്കിലും ലോകത്തോടുള്ള ദൈവത്തിൻറെ കരുണ ഒരിക്കലും അസ്തമിക്കുന്നില്ല. പ്രതിസന്ധികളിൽ ദൈവീക ഇടപെടലുകൾക്കായുള്ള തുറവിയാണ് എന്നും ആവശ്യമായിരിക്കുന്നത്. ലോകത്തെ ചേർത്തുപിടിക്കുന്ന ദൈവ സ്നേഹത്തിൻറെ കൈവഴികൾ ആകുവാൻ ക്രിസ്തുമസ് എന്നും നമ്മെ ആഹ്വാനം ചെയ്യുന്നുണ്ട് . ഏത് പ്രതിസന്ധികളിലും ‘ഭയപ്പെടേണ്ട’ എന്നതും ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്നു . ക്രിസ്തുമസ് ഒരു ‘giving’ ൻ്റെ ആഘോഷമാണ് ; ‘getting’ ൻ്റെ ആഘോഷമല്ല. കരുത്തിൻ്റെ ലോകത്തിൽ കരുതലിൻ്റെ വക്താക്കളാകുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നത് . തള്ളപ്പെട്ടവരെയും തഴയപ്പെട്ടവരെയും തേടിവന്ന് ചേർത്തുപിടിക്കുന്ന ദൈവം ഉണ്ട് എന്നത് ക്രിസ്തുമസ് ഓർമപ്പെടുത്തുന്നുണ്ട്. ‘മനുഷ്യനാകുക’ എന്നതാണ് ക്രിസ്തുമസ് നമ്മെ ഓർമ്മിപ്പിക്കുന്ന മറ്റൊരു സന്ദേശം. ദൈവം മനുഷ്യനായി ജഡം ധരിച്ചു എന്നത് അതാണ് വെളിവാക്കുന്നത് . ആന്തരികസത്തയിലും ഉണ്മയിലുമാണ് ഒരാൾ മനുഷ്യനാകേണ്ടത്; വേഷത്തിലും ആകാരത്തിലും മാത്രമല്ല.
2020 ലെ ക്രിസ്തുമസ് അടച്ചിട്ട മുറികളിൽ നിവർത്തി ആകേണ്ട ഒരാഘോഷമല്ല; മറിച്ച് ഈ ലോകത്തോടുള്ള ദൈവീക കരുണയുടെയും കൃപയുടെയും ഇടപെടലിൽ നാമോരോരുത്തരുടെയും പങ്കാളിത്തം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോൾ മാത്രമേ ക്രിസ്തുമസ് ഇന്ന് യാഥാർത്ഥ്യമാകുകയുള്ളു. നമ്മുടെ ജീവന ഇടങ്ങളിൽ ക്രിസ്തുവിനെ കണ്ടെത്തി അവിടെ ക്രിസ്തുവിനെ യാഥാർത്ഥ്യമാക്കണം. അങ്ങനെ ഒരു യഥാർത്ഥ ക്രിസ്തുമസ് നമുക്കിടയിൽ ഉണ്ടാകട്ടെ. ഏവർക്കും സന്തോഷകരമായ ക്രിസ്തുമസും അനുഗ്രഹപൂർണ്ണമായ പുതുവർഷവും ആശംസിക്കുന്നു.
Leave a Reply