ഫാ. ഹാപ്പി ജേക്കബ്
മഹത്വത്തിന്റെ രാജാവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന നാം ത്യാഗത്തിന്റെ അനുസ്മരണ നിര്‍വ്വഹിച്ചു. ഈ ആഴ്ച്ച മറ്റൊരു തലത്തിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ കാലം അസാധ്യമായ അനുഭവങ്ങളുടെ സാധ്യമായ കാലമാണ്. ചില സാഹചര്യങ്ങളും, വ്യക്തികളും ദൈവത്താല്‍ നടത്തപ്പെടുമ്പോള്‍ മാനുഷിക ധാരണകളെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളുടെ കാലമായി രൂപാന്തരപ്പെടുന്നു.
ഒരു നിരയില്‍ ചിത്രീകരിച്ചിരിക്കുന്ന രണ്ട് സംഭവങ്ങളും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുറച്ച് വ്യക്തികളേയും നമുക്ക് ഒര്‍ക്കാം. പൗരോഹിത്യ ക്രമപ്രകാരം ദേവാലയത്തില്‍ധൂപം അര്‍പ്പിക്കുവാന്‍ അവകാശം ലഭിച്ച സഖരിയാവും അവന്റെ ഭാര്യ എലിസബത്തും. അവരെക്കുറിച്ച് വി. വേദപുസ്തകം പരിചയപ്പെടുത്തുന്നത് ”ഇരുവരും ദൈവ സന്നിധിയില്‍ നീതിയുള്ളവരും കര്‍ത്താവിന്റെ സകല കല്‍പ്പനകളിലും, ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. അവര്‍ക്കുണ്ടായിരുന്ന കുറവ് ഇരുവരും വയസ്സു ചെന്നവരും എലിസബത്ത് മച്ചിയും ആയിരുന്നു. ശ്രദ്ധിച്ചാല്‍ നമുക്ക് മനസിലാക്കാം ദൈവസന്നിധിയില്‍ നിറമുള്ളവരും മനുഷ്യരുടെ കാഴ്ച്ചപ്പാടില്‍ കുറവുള്ളവരും ആയിരുന്നു അവര്‍. എന്നാല്‍ സഖരിയാവ് ദൈവസന്നിധിയില്‍ ധൂപാര്‍പ്പണം നടത്തുകയും ജനം പ്രാര്‍ത്ഥനയില്‍ ആയിരിക്കുകയും ചെയ്തപ്പോള്‍ അവരുടെ ഇടയിലെ കുറവ് തീര്‍പ്പാന്‍ ദൈവത്തിന് മനസലിവ് തോന്നി. ദൈവത്തിന്റെ മാലാഖ പ്രത്യക്ഷമായി ദൈവീക സന്തോഷം അവരെ അറിയിക്കുന്നു. സംശയം മനസിലുണ്ടായിരുന്ന സഖരിയാവ് പൈതലിന്റെ ജനനം പൈതലിന്റെ ജനനം വരെയും ഊമയായിരുന്നു. ദൈവികമായ അനുഭവത്തില്‍ നാം ആയിത്തീരുമ്പോള്‍ നമ്മുടെ ഇടയിലും സാധ്യമാകുന്ന അനുഭവങ്ങള്‍ ഉണ്ടാകും.
എന്നാല്‍ ഇന്ന് എന്താണ് നമുക്ക് സംഭവിക്കുന്നത്. നാം എല്ലാവരെയും മനുഷ്യരുടെ ഇടയില്‍ നിറമുള്ളവരും ദൈവ സദസില്‍ കുറവുള്ളവരുമായിരിക്കുന്നു. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും ദൈവാലയത്തില്‍ ചെന്നാലോ പ്രാര്‍ത്ഥനക്കായി ഒരുക്കത്തോടെ നില്‍ക്കുന്നവര്‍ വിരളം.
ഭൗതിക കാര്യങ്ങള്‍ക്കായി ഓടി നടക്കുന്നവരാണ് അധികവും. ഉടുത്തൊരുങ്ങി സ്വയം പ്രദര്‍ശന വസ്തുവായി വരുവാന്‍ ഒരിടം എന്നതിനേക്കാളുപരി ദൈവ സന്നിധിയിലാണ് നില്‍ക്കുന്നതെന്ന് പോലും ബോധ്യമില്ലാത്തവരല്ലേ നമ്മള്‍. ജീവന്റെയും രക്ഷയുടേയും അപ്പമാകുന്ന തിരുശരീര രക്തങ്ങള്‍ വിഭജിച്ച് നല്‍കുന്ന സമയത്തുപ്പോലും ആരാധന കഴിഞ്ഞ് ഒരുക്കുന്ന വിരുന്നിനും കലാപരിപാടികള്‍ക്കുമല്ലേ നമ്മുടെ ശ്രദ്ധ മുഴുവന്‍. പിന്നെ എങ്ങനെ നമ്മുടെ ഇടയില്‍ ദൈവം പ്രവര്‍ത്തിക്കും. പുരോഹിതനും ശുശ്രൂഷകനും ഒപ്പം ജനവും കൂടി വിശുദ്ധമായി വര്‍ത്തിക്കുന്ന ആരാധനയേ ദൈവ സന്നിധിയില്‍ അംഗീകരിക്കപ്പെടുകയുള്ളു. അപ്പോള്‍ നമ്മുടെ സാന്നിധ്യം ആരാധനയില്‍ അനുഗ്രഹത്തിന് വനിഘാതമാകാതിരിപ്പാന്‍ നാം ശ്രദ്ധിക്കണം.
ഈ സംഭവത്തിന് ശേഷം ആറാം മാസത്തില്‍ ദൈവത്തിന്റെ മാലാഖ മറിയം എന്ന യുവതിക്ക് പ്രത്യക്ഷനായി. അവളോ ജോസഫ് എന്ന വ്യക്തിയുമായി വിവാഹം നിശ്ചയിക്കപ്പെട്ടവളായിരുന്നു. അവളോടായി ദൂതന്‍ പറയുകയാണ്. ” കൃപ നിറഞ്ഞവളെ ! നിനക്ക് സമാധാനം. കര്‍ത്താവ് നിന്നോടുകൂടെ” പരിഭ്രമത്തോടെ നിന്ന മറിയമിനോട് മാലാഖ പറയുകയാണ് ” പരിശുദ്ധത്മാവ് നിന്റെ മേല്‍ വരും, അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലാടും” അപ്പോള്‍ മറിയം പൂര്‍ണ വിധേയത്തോടെ കൂടി പ്രതിവചിച്ചു. ” ഇതാ ഞാന്‍ കര്‍ത്താവിന്റെ ദാസി, അവിടുത്തെ ഹിതം എനിക്ക് ഭവിക്കട്ടെ”.
ഈ രണ്ട് സംഭവങ്ങളും വി. ലൂക്കോസിന്റെ സൂവിശേഷം ഒന്നാം അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്നു. സമൂഹം എങ്ങനെ കാണാുമെന്നോ, അധികാരികള്‍ എങ്ങനെ വിലയിരുത്തുമെന്നോയെന്ന് ശങ്കിച്ചിരുന്നെങ്കില്‍ ഈ അത്ഭുതങ്ങളോന്നും നടക്കുമായിരുന്നില്ല. ദൈവം നിന്നോട് കൂടെ എന്ന ആശംസയില്‍ മറിയം ധൈര്യം സംഭരിക്കുന്നു. ഇമ്മാനുവല്‍. ദൈവം നമ്മോടുകൂടെ അതാണെല്ലോ ഈ മുഖ്യമായ ആശയവും. നമ്മുടെ രക്ഷയ്ക്കായും വീണ്ടെടുപ്പിനായും രക്ഷകന്റെ ജനനത്തിനായും വിനയത്തോടെ സമര്‍പ്പണത്തോടെ സമര്‍പ്പിച്ച വി. ദൈവ മാതാവിനെ നാം എല്ലാ ശുശ്രൂഷയിലും അനുസ്മരിക്കുന്നു. ”അവന്‍ തന്റെ ദാസിയുടെ താഴ്മയെ നോക്കി കണ്ടിരിക്കുന്നു. ഇന്നുമുതല്‍ എല്ലാ തലമുറകളും ഭാഗ്യവതിയെന്ന് വാഴ്ത്തും” ലൂക്കോസ് 1:48.
ഈ അത്ഭുതങ്ങളുടെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും പെരുന്നാള്‍ ആഘോഷിക്കാനായി നാം തയ്യാറെടുത്ത് കൊണ്ടിരിക്കുന്ന ഈ ആഴ്ച്ചയില്‍ ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ ആഘോഷങ്ങലില്‍ പ്രധാനം ആണെല്ലോ ക്രിസ്മസ് കരോള്‍. തപ്പും വാദ്യങ്ങളുമായി അലങ്കാരത്തോടും കൂടി നാം വീടുകള്‍ സന്ദര്‍ശിക്കുന്നു. തിരു ജനനത്തിന്റെ സന്തോഷം പങ്കുവെക്കുന്ന അനുഭവം. വി. ലൂക്കോസ് 1:19 പ്രത്യേകം ശ്രദ്ധിക്കുക. സന്തോഷ വര്‍ത്തമാനം അറിയിക്കുന്ന ഗ്ബ്രിയേല്‍ മാലാഖ പറയുന്നു. ” ഞാന്‍ ദൈവ സന്നിധിയില്‍ നില്‍ക്കുന്ന ഗബ്രിയേല്‍ ആകുന്നു, നിന്നോട് സംസാരിപ്പാനും ഈ സദ്‌വര്‍ത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അറിയിച്ചിരിക്കുന്നു”. ഗാനങ്ങളുമായി ഭവനങ്ങള്‍ തോറും പോകുന്ന ഒരോരുത്തരും ഈ വചനം ശ്രദ്ധിക്കുക. ഈ സന്തോഷം പങ്കുവെക്കാനായാണ് താനും നിയോഗിക്കപ്പെട്ടിരിക്കുന്നത്. ദൈവ സന്നിധിയില്‍ നിന്നുകൊണ്ടാണ് ഈ വാര്‍ത്ത പങ്കുവെക്കേണ്ടത്. അത്രമാത്രം വിശുദ്ധമായ ശുശ്രൂഷയാണ് നാം നിര്‍വ്വഹിക്കുന്നതെന്ന് ഓര്‍ക്കുക. ഗാനാലാപനത്തോടപ്പം ഒരു വേദഭാഗം വായിക്കുവാനും ഒരു നിമിഷം പ്രാര്‍ത്ഥിക്കുവാനും നമുക്ക് കഴിയണം. ഗബ്രിയേലിനെപ്പോലെ അയക്കപ്പെട്ടവരാണ് നമ്മളും.
ഇപ്രകാരം ദൈവമുന്‍പില്‍ നിറമുള്ളവരായി, മനുഷ്യരുടെ ഇടയിലുള്ള അപമാനവും ദൈവത്താല്‍ അകറ്റി ഒരുക്കത്തോടെ ലോക രക്ഷകന് സ്വാഗതം അരുളാന്‍ നമുക്ക് ഒരുങ്ങാം.
അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ ദൈവ പ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.
Leave a Reply