ലണ്ടന്‍: മൂന്ന് വര്‍ഷത്തോളം സഹിച്ച കടുത്ത നടുവേദനയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ മുക്തി നേടിയ അനുഭവം വിവരിച്ച് 60കാരന്‍. ചാള്‍സ് സ്ലേറ്റര്‍ എന്നയാളാണ് ആത്മഹത്യയേക്കുറിച്ചു പോലും ചിന്തിച്ച ഘട്ടത്തില്‍ ശസ്ത്രക്രിയ രക്ഷിച്ച അനുഭവം പങ്കുവെക്കുന്നത്. ഇന്ത്യന്‍ വംശജനായ ഡോ.ദേബ് പാല്‍ നടത്തിയ ശസ്ത്രക്രിയയാണ് വിഷമഘട്ടത്തില്‍ നിന്ന് സ്ലേറ്ററിന് മുക്തി നല്‍കിയത്. ശസ്ത്രക്രിയകളും സ്റ്റിറോയ്ഡ് ഇന്‍ജെക്ഷനുകളും മോര്‍ഫീനും കൗണ്‍സലിംഗും കോഗ്നിറ്റീവ് തെറാപ്പിയുമൊക്കെ പൂര്‍ത്തിയാക്കിയിട്ടും ഡോക്ടര്‍മാര്‍ക്ക് സ്ലേറ്ററിന്റെ വേദനയ്ക്ക് ആശ്വാസം നല്‍കാന്‍ ആദ്യം കഴിഞ്ഞിരുന്നില്ല.
2014 ഓഗസ്റ്റില്‍ കിച്ചന്‍ എക്‌സ്‌റ്റെന്‍ഷന്‍ നിര്‍മിക്കുന്നതിനായി സിമന്റ് മിശ്രിതം ഉണ്ടാക്കിയപ്പോളാണ് ഇദ്ദേഹത്തിന് നടുവിന് പരിക്കേറ്റത്. 30 പൗണ്ട് വാടകയുണ്ടായിരുന്ന സിമന്റ് മിക്‌സര്‍ ഒഴിവാക്കാനുള്ള തീരുമാനം സ്ലേറ്ററിന് നല്‍കിയത് കടുത്ത നടുവേദനയും. മോര്‍ഫീന്‍ കുത്തിവെയ്പുകള്‍ പാതിമയങ്ങിയ അവസ്ഥയിലാണ് തന്നെ നടത്തിയത്. തന്റെ ഭാര്യക്ക് ഒരു ഭര്‍ത്താവിന് പകരം ഒരു രോഗിയെയാണ് കിട്ടിയതെന്നും സ്ലേറ്റര്‍ പറയുന്നു. തലയണകളുടെ കൂനയില്‍ ചാരിയിരുന്നാണ് താന്‍ രാത്രികള്‍ കഴിച്ചു കൂട്ടിയത്. പകലുകളില്‍ മിക്കവാറും കിടപ്പ് തന്നെയായിരുന്നു.
സ്പയര്‍ ലീഡ്‌സ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജനായ ദോബ് പാലിനെ കാണുന്നത് വരെ ഇതേ അവസ്ഥയിലായിരുന്നു താന്‍ തുടര്‍ന്നത്. ആന്‍ജിയോഗ്രാം പോലെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം 2016 ഡിസംബറില്‍ ശസ്ത്രക്രിയ ചെയ്യാമെന്ന് ഡോ.പാല്‍ അറിയിച്ചു. നട്ടെല്ലിന്റെ കശേരുക്കളില്‍ ഒന്ന് തെന്നിമാറിയതായിരുന്നു ഇദ്ദേഹത്തിന്റെ നടുവേദനയ്ക്ക് കാരണം. എസ്ട്രീം ലാറ്ററല്‍ ഇന്റര്‍ബോഡി ഫ്യൂഷന്‍ എന്ന ശസ്ത്രക്രിയാ രീതിയാണ് ഡോ.പാല്‍ ഉപയോഗിച്ചത്. യുകെയില്‍ വളരെ കുറച്ച് സര്‍ജന്‍മാര്‍ മാത്രമാണ് ഇത് ചെയ്യാറുള്ളത്.
വെറും മൂന്ന് സെന്റീമീറ്റര്‍ മാത്രമുള്ള മുറിവാണ് ഓപ്പറേഷനായി വേണ്ടി വന്നത്. ഇതിലൂടെ തെന്നിമാറിയ കശേരുവിന്റെ ഡിസ്‌കുകള്‍ എടുത്തു മാറ്റി, പകരം ബോണ്‍ ഗ്രാഫ്റ്റ് നിറച്ച പ്ലാസ്റ്റിക് ചട്ടക്കൂട് സ്ഥാപിച്ചു. ഒരു മണിക്കൂറിനുള്ളില്‍ കഴിയുന്ന ശസ്ത്രക്രിയക്ക് ശേഷം മിക്ക രോഗികള്‍ക്കും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി വിടാലവുന്നതാണ്. കഴിഞ്ഞ മേയിലാണ് സ്ലേറ്ററിന്റെ നട്ടെല്ലില്‍ ആദ്യ ശസ്ത്രക്രിയ നടത്തിയത്. രണ്ടാഴ്ചയ്ക്കു ശേഷം സ്‌ക്രൂകളും റോഡുകളും ഘടിപ്പിക്കുന്നതിനായി വീണ്ടും ആശുപത്രിയിലെത്തി. ഒരു മാസത്തിനുള്ളില്‍ വേദന പൂര്‍ണ്ണമായി മാറുകയും തനിക്ക് സ്വതന്ത്രമായി നടക്കാന്‍ കഴിയുകയും ചെയ്തതായി സ്ലേറ്റര്‍ പറഞ്ഞു.
Leave a Reply