പ്രസവിച്ചതിന്റെ തൊട്ടടുത്ത ദിവസം പെൺകുഞ്ഞിനെ മരുതിമൂട് സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച സംഭവത്തിൽ മാതാവും കാമുകനും അറസ്റ്റിലായി. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.ൃ അജയ് ( 32) കുട്ടിയുടെ മാതാവ് മാരൂർ ഒഴുകുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30ന് പുലർച്ച കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് കുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്.
വിവരമറിഞ്ഞ് പോലീസും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ പ്രഫ. കെ മോഹൻകുമാറും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്ത് അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്കുശേഷം ജില്ല ശിശുക്ഷേമ സമിതിക്ക് കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.
പള്ളിയുടെ മുൻവശത്തെ ക്യാമറ പ്രവർത്തന രഹിതമായത് അന്വേഷണത്തെ ബാധിച്ചെങ്കിലും പത്തനാപുരം മുതൽ അടൂർവരെയുള്ള ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മുന്നിൽ സ്ഥാപിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ഓട്ടോ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ചെന്നെത്തിയത്.
ആദ്യവിവാഹം വേർപിരിഞ്ഞ് നിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ലിജയുടെ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ അനൂപ്, വനിത സീനിയർ സിവിൽ പോലീസ് ഓഫിസർ റഷീദ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ് മുരളീധരൻ, ശരത്, സുരേഷ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.
Leave a Reply