ജിപ്‌സികള്‍ക്കും സഞ്ചാരികള്‍ക്കും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥലസൗകര്യമൊരുക്കണമെന്ന് ജനറല്‍ സിനോഡ്. ഇവരുടെ സാന്നിധ്യം ജനങ്ങളില്‍ ആശങ്കയുണ്ടാക്കുമെന്നും ഇത്തരക്കാര്‍ പ്രശ്‌നക്കാരാണെന്നുമുള്ള ഉത്കണ്ഠകള്‍ നിലനില്‍ക്കെയാണ് ജനറല്‍ സിനോഡിന്റെ നിര്‍ദേശം. കൈവശമുള്ള വലിയ ഭൂസ്വത്തില്‍ നിന്ന് ഒരു ഭാഗം നാടോടികള്‍ക്ക് അനുവദിക്കണമെന്ന നിര്‍ദേശത്തിന് സിനോഡ് അംഗങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. സ്വകാര്യ ഭൂമിയില്‍ അതിക്രമിച്ചു കയറുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് 5 മാസത്തിനുള്ളിലാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ഈ തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ സിനോഡിനുള്ളില്‍ ഇതിനെതിരെയും അഭിപ്രായം ഉയര്‍ന്നിരുന്നു.
തന്റെ പള്ളിയുടെ കാര്‍പാര്‍ക്കില്‍ അടുത്തിടെ എത്തിയ നാടോടികള്‍ അവിടമാകെ ഗ്ലാസ് പൊട്ടിച്ച് ഇടുകയും മലവിസര്‍ജനം നടത്തുകയും ചെയ്തതായി ചെംസ്‌ഫോര്‍ഡ് ഡയോസീസില്‍ നിന്നുള്ള മേരി ഡേളാര്‍ച്ചര്‍ പറഞ്ഞു. പ്രദേശവാസികളില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പ് തിരിച്ചറിയുകയും വേണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പള്ളിയുടെ കാര്‍ പാര്‍ക്ക് നാടോടികളെക്കൊണ്ട് നിറയുകയായിരുന്നു. തങ്ങളോട് അവരെ സമീപിക്കേണ്ടെന്നാണ് പോലീസ് നിര്‍ദേശിച്ചത്. ബാങ്ക് അവധി ദിനമായിരുന്ന ഒരു വെള്ളിയാഴ്ച പള്ളിയില്‍ കുര്‍ബാന പോലും മുടങ്ങി. പള്ളിയിലേക്ക് ജനങ്ങള്‍ക്ക് എത്താന്‍ കഴിയുമായിരുന്നില്ല. സെമിത്തേരിയില്‍ ബന്ധുജനങ്ങളുടെ കല്ലറ കാണാനെത്തിയവര്‍ക്കും അതിന് സാധിച്ചില്ല. ഭീകരാന്തരീക്ഷമായിരുന്നു ആ ദിവസങ്ങളിലുണ്ടായിരുന്നതെന്നും അവര്‍ പറഞ്ഞു.
നാടോടികള്‍ മടങ്ങിയപ്പോള്‍ പ്രദേശം വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ബ്ലാക്ക് ബാഗുകള്‍ എടുത്തു മാറ്റുന്നത് പ്രയാസമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ മനുഷ്യ വിസര്‍ജ്യം എടുത്തു കളയുകയെന്നത് ബുദ്ധിമുട്ടായിരുന്നുവെന്ന് അവര്‍ പരാതിപ്പെട്ടു. ഇവര്‍ എതിര്‍ത്തെങ്കിലും നാടോടികള്‍ക്ക് സ്ഥലം വിട്ടു നല്‍കണമെന്ന നിര്‍ദേശത്തിന് 265 പേരുടെ വോട്ടുകള്‍ ലഭിച്ചു. നാടോടി സമൂഹങ്ങള്‍ക്ക് അനുവദിക്കാനുള്ള സ്ഥലം കണ്ടെത്തുന്നതിനായി കമ്മീഷന്‍ രൂപീകരിക്കണമെന്നും ഈ സമൂഹത്തെ പാര്‍ശ്വവല്‍ക്കരിക്കുന്നതിനെതിരെ ഹൗസ് ഓഫ് ലോര്‍ഡ്‌സിലുള്ള ബിഷപ്പുമാര്‍ ശബ്ദമുയര്‍ത്തണമെന്നും സിനോഡ് ആവശ്യപ്പെട്ടു.
Leave a Reply