15 വയസുകാരനെ പീഡിപ്പിച്ച കേസില്‍ ഇന്ത്യയില്‍ ശിക്ഷിക്കപ്പെട്ട ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വികാരിയെ കാണാനില്ല. ഈ മാസം ആദ്യവാരം ചെന്നൈ ഹൈക്കോടതി വികാരി ജോനാഥന്‍ റോബിണ്‍സണ് 3 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധിയുണ്ടായതിന് ശേഷം ഇയാളെയും ഭാര്യയെയും കാണാനില്ല. ചെന്നൈ എയര്‍പോര്‍ട്ട് വഴി ഇയാള്‍ ലണ്ടനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു. ഇംഗ്ലണ്ടിലെ വസതിയില്‍ വികാരിയും ഭാര്യയും എത്തിച്ചേര്‍ന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ജാമ്യത്തിലായിരുന്ന ഇയാള്‍ ജാമ്യ വ്യവസ്ഥ അനുസരിച്ച് പോലീസ് സ്‌റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ശിക്ഷാവിധി പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ ഇയാള്‍ നാടുവിട്ടതാണെന്നാണ് പോലീസ് നിഗമനം. വികാരിയെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്ത്യ ഇന്റര്‍പോളിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ചില്‍ഡ്രന്‍സ് ഹോം ആന്റ് ചാരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആയിരുന്നു ജോനാഥന്‍ റോബിന്‍സണ്‍. കുട്ടികളുമായി തലസ്ഥാന നഗരയില്‍ വിനോദ യാത്രയ്‌ക്കെത്തിയ വികാരി കുട്ടികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് 15കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. വികാരി തന്നെ രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 15കാരന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയ ശേഷം ലോക്കല്‍ അതോറിറ്റി അധികൃതരുടെ സഹായത്തോടെ കുട്ടി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വികാരി അറസ്റ്റിലാകുന്നത്.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പോലീസുമായി സഹകരിക്കാന്‍ റോബിന്‍സണ്‍ തയ്യാറായില്ല. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഇന്ത്യയിലെത്തി കേസിനെ നേരിടാന്‍ തയ്യാറല്ലെന്നും ഇയാള്‍ വാദിച്ചു. ഇതേതുടര്‍ന്ന് ഇന്ത്യ ഇന്റര്‍പോളിന്റെ സഹായം തേടി. നാല് വര്‍ഷം ഇയാള്‍ ഇന്റര്‍പോളിന്റെ വാണ്ടഡ് ലിസ്റ്റില്‍ ഉണ്ടായിട്ടും ഇന്ത്യയിലേക്ക് തിരികെ വന്നില്ല. എന്നാല്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചതോടു കൂടി 2015ല്‍ വികാരിക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നു. തമിഴ്‌നാട് പോലീസ് റോബിന്‍സണെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടു. നീണ്ട 7 വര്‍ഷത്തെ നിയമ യുദ്ധത്തിന് ഒടുവില്‍ ഇയാളെ ചെന്നൈ ഹൈക്കോടതി 3 വര്‍ഷത്തിന് ശിക്ഷിക്കുകയും ചെയ്തു. കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പ് റോവാന്‍ വില്യംസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് റോബിന്‍സണ്‍. എന്നാല്‍ വിഷയത്തില്‍ ബിഷപ്പ് പ്രതികരിച്ചിട്ടില്ല.
Leave a Reply