ഫാ. ബിജു കുന്നയ്ക്കാട്ട് പിആര്‍ഒ
ലിവര്‍പൂള്‍: ഇതുവരെ ലിവര്‍പൂള്‍ ലാറ്റിന്‍ അതിരൂപതയുടെ ഭാഗമായിരുന്ന ‘ഔര്‍ ലേഡി ഓഫ് പീസ്'(സമാധാനത്തിന്റെ രാജ്ഞി) ദേവാലയം ശനിയാഴ്ച്ച മുതല്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയ്ക്ക് സ്വന്തമാകുന്നു. ലിവര്‍പൂള്‍ കേന്ദ്രമാക്കി ജീവിക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളുടെ ആത്മീയതയും പ്രാര്‍ത്ഥനാ ജീവിതവും മനസിലാക്കി ലിവര്‍പൂള്‍ രൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മഹോന്‍ ഒ.പിയാണ് ഒരു ദേവാലയം സീറോ മലബാര്‍ വിശ്വാസികള്‍ക്കായി നല്‍കാന്‍ തീരുമാനമെടുത്തതും ഇക്കാര്യം രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെയും പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ: ഫാ. ജിനോ വര്‍ഗീസ് അരീക്കാട്ട് എംസിബിഎസിനെ അറിയിച്ചതും.
ദേവാലയം ഏറ്റെടുക്കല്‍ ചടങ്ങും ഉദ്ഘാടനവും ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികനാവുന്ന തിരുക്കര്‍മ്മങ്ങളില്‍ ലിവര്‍പൂള്‍ രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാല്‍ക്കം മക്മഹോന്‍ ഒപി വചന സന്ദേശം നല്‍കും. ലിവര്‍പൂള്‍ സഹായ മെത്രാന്‍ വിന്‍സെന്റ് മലോണ്‍ എന്നിവരുടെ സാന്നിധ്യം അനുഗ്രഹമാകും. വിവിധ രൂപതകളിലെ വികാരി ജനറാള്‍മാര്‍, ചാന്‍സിലര്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികള്‍ തുടങ്ങിയവരും തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിക്കും.
3 മണിക്ക് പ്രദക്ഷിണമായി കാര്‍മ്മികരും വിശിഷ്ടാതിഥികളും ദേവാലയത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് തിരി തെളിയിക്കല്‍ ശുശ്രൂഷയും നാലു ഭാരതവിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ സ്ഥാപിച്ച് തിരുശേഷിപ്പു പ്രതിഷ്ഠയും നടക്കും. ഇടവക പ്രഖ്യാപന വിജ്ഞാപനവും രണ്ടു കര്‍ദിനാള്‍മാരുടെ അനുഗ്രഹ സന്ദേശവും തുടര്‍ന്ന് വായിക്കപ്പെടും.
തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വി. കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വി. കുര്‍ബാനയ്ക്കിടയില്‍ ഏഴു കുഞ്ഞുങ്ങള്‍ക്ക് ആദ്യ കുര്‍ബാനയും സ്ഥൈര്യവേപനവും നല്‍കും. ദിവ്യബലിയുടെ സമാപനത്തില്‍ ഇടവകയുടെ വെബ്‌സൈറ്റ് പ്രകാശനവും അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് ആദരഫലകങ്ങളും നല്‍കപ്പെടും. വിവിധ വി. കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നായി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തുന്ന എല്ലാവര്‍ക്കുമായി ലഘുഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.
ഇടവക ഉദ്ഘാടത്തിന്റെ ചടങ്ങുകളുടെ നടത്തിപ്പിനായി പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ: ഫാ. ജിനോ വര്‍ഗ്ഗീസ് അരീക്കാട്ട് എംസിബിഎസ്, കൈക്കാരന്മാര്‍, കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം, ഗായക സംഘം, വളണ്ടിയേഴ്‌സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ചരിത്രത്തിലെ ഒരു പ്രധാന ദിനമാണിതെന്നും ഇതിന്റെ സന്തോഷത്തിലും അനുഗ്രഹത്തിലും പങ്കുചേരാനും സാധിക്കുന്ന എല്ലാവരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.
Leave a Reply