പള്ളികളിലെ ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമായി നടത്തേണ്ടതില്ലെന്ന് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനോഡിന്റെ തീരുമാനം. 17-ാം നൂറ്റാണ്ടില്‍ രൂപീകരിച്ച നിയമം എടുത്തു കളഞ്ഞുകൊണ്ടാണ് ഈ നിര്‍ദേശം സിനോഡ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ പള്ളികളിലും ഞായറാഴ്ച സര്‍വീസുകള്‍ നിര്‍ബന്ധമാക്കിക്കൊണ്ട് 1603ലാണ് കാനോന്‍ നിയമം കൊണ്ടുവന്നത്. 1964ല്‍ ഇത് പുനര്‍നിര്‍വചിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ ഗ്രാമീണ മേഖലയിലെ പള്ളിവികാരിമാരുടെ ആവശ്യ പ്രകാരമാണ് ഇതില്‍ മാറ്റം വരുത്താന്‍ തീരുമാനമായിരിക്കുന്നത്. 20ഓളം പള്ളികളുടെ ചുമതലയുള്ള വികാരിമാരാണ് തങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സിനോഡിനു മുന്നില്‍ അവതരിപ്പിച്ചത്.
പുരോഹിതരുടെ എണ്ണത്തില്‍ സാരമായ കുറവുണ്ടാകുന്നതിനാല്‍ എല്ലാ പള്ളികളിലും സര്‍വീസ് നടത്തുക എന്നത് അപ്രായോഗികമാണെന്നും നിയമം പാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് ലംഘിക്കേണ്ടി വരികയാണെന്നും അവര്‍ അറിയിച്ചു. നേരത്തേ ഓരോ പള്ളികളിലും സ്വതന്ത്രമായി കുര്‍ബാനകള്‍ നടത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ചില ഇടവകകള്‍ ഒരുമിച്ചു ചേര്‍ന്നാണ് ഞായറാഴ്ച കുര്‍ബാനകള്‍ നടത്തി വരുന്നത്. ഈ പ്രവണത വര്‍ദ്ധിച്ചു വരികയാണെന്നും വ്യക്തമായി. എന്നാല്‍ കാനോനിക നിയമം തെറ്റിച്ചതില്‍ ഇതുവരെ ഒരു വികാരിയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
വ്യാഴാഴ്ച പുറത്തുവന്ന പുതിയ നിര്‍ദേശം അനുസരിച്ച് വിവിധ കോണ്‍ഗ്രിഗേഷനുകള്‍ക്ക് രേഖാമൂലമുള്ള അനുമതിയില്ലാതെ തന്നെ ഒരുമിച്ചു ചേര്‍ന്ന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ സാധിക്കും. ഈ മാറ്റം നടപ്പില്‍ വരുത്തണമെന്ന് മൂന്നു വര്‍ഷം മുമ്പ് വില്ലെസ്‌ഡെന്‍ ബിഷപ്പ് റൈറ്റ് റവ. പീറ്റ് ബ്രോഡ്‌ബെന്റ് ആവശ്യപ്പെട്ടിരുന്നു. ജനങ്ങള്‍ സത്യസന്ധരായിരിക്കാന്‍ ഇത്തരം മാറ്റങ്ങള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
Leave a Reply