റോഷിൻ എ റഹ്‌മാൻ
പ്രിയപ്പെട്ട അമ്പിളീ, മാപ്പ്… നിന്റെ നിഷ്കളങ്കത തമാശയായി കണ്ട് ആർത്തു ചിരിച്ചതിന്; നിന്റെ മനസ്സു കാണാതെ, നീ പ്രകടമാക്കിയ ചേഷ്ടകളിൽ മാത്രം രസിച്ചതിന്; ഒക്കെയും മാപ്പ്… നീ എന്തിനാണ് അമ്പിളീ ഞങ്ങളൊക്കെ വെറും ചെറിയ മനുഷ്യ ജന്മങ്ങളാണെന്ന് പറയാതെ പറഞ്ഞുവച്ചത്? സ്നേഹക്കൂടുതലുള്ളവരൊക്കെ ഭ്രാന്തന്മാരാണെന്ന് പേരറിയാത്ത ആ സ്ത്രീ പറഞ്ഞത് എത്രയോ ശരി! ആ സ്നേഹക്കൂടുതൽ കൊണ്ടാവും, നീ സൗബിൻ ഷാഹിർ എന്ന പ്രതിഭയിലേക്ക് അത്രമേൽ ലയിച്ചു ചേർന്നത്, അല്ലേ? നീയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭ്രാന്തൻ എന്നു പറയുമ്പോൾ, അല്പം ജാള്യതയോടെ പറയട്ടെ, ഞങ്ങളൊക്കെയും ഈ ലോകത്ത് ഭ്രാന്തില്ലാതെ ജീവിക്കുന്നു എന്നത് എന്തോ, വലിയൊരു തെറ്റായി തോന്നുന്നു… ഡോക്ടർ ചൗധരി പറഞ്ഞതുപോലെ, നമ്മെ തേടി വരുന്ന സ്നേഹം മനസ്സിലാക്കുമ്പോഴേക്കും നമ്മുടെ കണ്ണു നിറഞ്ഞിരിക്കും… സത്യം, നീ ഞങ്ങളുടെ കണ്ണു നിറച്ചു – മനസ്സും..! ടീനയെപ്പോലൊരു പെൺകുട്ടിയും, കുര്യച്ചനെപ്പോലെയൊരു പിതാവും നമ്മുടെയിടയിൽ എവിടെയെങ്കിലുമൊക്കെ ഉണ്ടാവണേ എന്ന് അറിയാതെയെങ്കിലും ആഗ്രഹിച്ചുപോയെങ്കിൽ, പ്രിയ കഥാകൃത്തേ, അത് താങ്കളുടെ വിജയത്തിന്റെ പൂർണതയാണ്!
സാധാരണക്കാരന്റെ നിഷ്കളങ്കതയെയും നിസ്സഹായതയെയും ചൂഷണം ചെയ്യുന്ന കോർപറേറ്റ് ചിന്താഗതിയെ വെറുമൊരു നാട്ടിൻപുറത്തിന്റെ പച്ചനിറമുള്ള, ഏലയ്ക്കാ മണമുള്ള ക്യാൻവാസിൽ എത്ര തന്ത്രപരമായാണ് ജോൺ പോൾ ജോർജ്, താങ്കൾ വരച്ചിട്ടത്! ‘ഫ്ളക്സിലേക്ക്’ മാറാൻ താൽപര്യമില്ലാത്ത അമ്പിളിയെ ‘പൊട്ടൻ’ എന്ന് വിളിക്കുന്നവരെ ഷേവിംഗ് മിററിലൂടെ സ്വന്തം ഉള്ളു കാണിച്ചു കൊടുക്കുന്ന താങ്കളുടെ ബ്രില്യൻസ് അപാരം..! മിസ്റ്റർ ബീനിലേക്കും, ‘ദൈവ തിരുമകളിലെ’ കൃഷ്ണയിലേക്കുമൊക്കെ വഴുതി പോകാമായിരുന്ന ‘അമ്പിളി’യെ സ്വന്തം വ്യക്തിത്വത്തിൽ തന്നെ ഉറപ്പിച്ചു നിർത്തിയ സൗബിനെ എത്ര അഭിനന്ദിച്ചാലും മതിവരില്ല…
തയ്യൽക്കടക്കാരൻ ചേട്ടനും, പ്രസ്സ് മുതലാളിയും, പാൽക്കാരൻ തമിഴനും, ബൈക്ക് മെക്കാനിക്കുമെല്ലാം നമുക്കിടയിൽ ഇന്നും ജീവിക്കുന്നവരാണെന്നു നിസ്സംശയം പറയാം… ജോൺ പോൾ ജോർജ് എന്ന അതുല്യ പ്രതിഭ ജലാശയത്തിലെ ‘ഗപ്പി’യിൽ നിന്നും ആകാശത്തെ ‘അമ്പിളി’യിലേക്ക് ഉയർന്നു പൊങ്ങിയപ്പോൾ ഓരോ മലയാളി പ്രേക്ഷകനും ലഭിച്ചത് നേരിന്റെയും തിരിച്ചറിവുകളുടെയും നിലാവെളിച്ചമാണ്…
ചില നഷ്ടപ്പെടലുകളിലേക്കും, മറ്റു ചില തിരിച്ചറിവുകളിലേക്കും വെളിച്ചം വിതറുന്ന എന്തോ ഒരു മാന്ത്രികത ഈ ‘അമ്പിളി’യിലുണ്ട്, തർക്കമില്ല (ഇടയ്ക്കെപ്പോഴോ ഒരു ‘ലാഗ്’ അടിപ്പിച്ചു എന്നതൊഴിച്ചാൽ)… ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല എന്ന വസ്തുതയും ‘അമ്പിളി’ വെളിവാക്കുന്നു. അമ്പിളി എന്ന ചിത്രത്തെ ഏത് ഗണത്തിൽ പെടുത്തണം എന്ന് സത്യമായും അറിയില്ല; അല്ലെങ്കിലും ചിലതിനെ ഒരു ഗണത്തിലും പെടുത്താതെ സ്വതന്ത്രമായി വിടുന്നതാണ് ഉചിതം…
അമ്പിളിയുടെ യാത്രകൾ തുടരട്ടെ, കാലങ്ങളോളം, മണ്ണിലും മനസ്സിലും…
റോഷിൻ എ റഹ്‌മാൻ. കൊല്ലം ജില്ലയിലെ ഓച്ചിറ സ്വദേശി. ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം, ഹ്യൂമൻ റിസോഴ്‌സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. പാരലൽ കോളേജ് അധ്യാപകൻ. കവിത, സിനിമാ നിരൂപണം എന്നീ മേഖലകളിൽ സമൂഹമാധ്യമങ്ങളിലും ആനുകാലികങ്ങളിലും സജീവം.
Leave a Reply