ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ബിസിനസുകളുടെ വ്യാജ റിവ്യൂകൾക്കെതിരെ നടപടികൾ എടുക്കാൻ ഒരുങ്ങി ഗൂഗിൾ. കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി (സിഎംഎ) അറിയിച്ചത് പ്രകാരമാണ് ഗൂഗിളിൻെറ ഈ നീക്കം. കൃത്രിമമായി റേറ്റിംഗ് വർദ്ധിപ്പിക്കുന്ന കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുക, ഗുരുതരമായ കുറ്റവാളികൾക്കുള്ള അവലോകന പ്രവർത്തനങ്ങൾ പ്രവർത്തനരഹിതമാക്കുക, വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ അവലോകനങ്ങൾ ആവർത്തിച്ച് പോസ്റ്റ് ചെയ്യുന്ന വ്യക്തികളെ ആഗോളതലത്തിൽ നിരോധിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കും.
ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്? ഈ നീക്കത്തെ സ്വാഗതം ചെയ്‌തു. നടപടികൾ കർശനമായി പാലിക്കപെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അവർ പറയുന്നു. ഗൂഗിൾ നടപ്പിലാക്കാൻ പോകുന്ന ഇത്തരത്തിലുള്ള മാറ്റങ്ങൾ വിശ്വസനീയമായ അവലോകനങ്ങൾ ഉറപ്പാക്കാൻ സഹായിക്കുമെന്നും മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ ആളുകളെ അനുവദിക്കുമെന്നും സിഎംഎ ചീഫ് എക്‌സിക്യൂട്ടീവ് സാറാ കാർഡെൽ പറയുന്നു. നടപടികൾ ഗൂഗിൾ, ഗൂഗിൾ മാപ്സ് എന്നിവയിലെ ബിസിനസ്സ് അവലോകനങ്ങൾക്ക് മാത്രമേ ബാധകമാകൂ.
ഇത്തരം വ്യാജ അവലോകനങ്ങൾ കൈകാര്യം ചെയ്യുന്നതിനായുള്ള ആദ്യ നീക്കമല്ലിത്. കൃത്രിമബുദ്ധി (AI) യുടെ ഉപയോഗം വൻ തോതിൽ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഇത്തരം പ്രശ്‌നങ്ങൾ കുത്തനെ വർദ്ധിച്ച് വരികയാണ്. ആമസോണിലും ഗൂഗിളിലും നടക്കുന്ന വ്യാജ അവലോകനങ്ങളെ കുറിച്ച് 2021 ജൂൺ മുതൽ CMA അന്വേഷിച്ച് വരികയാണ്. ഇതിന് പിന്നാലെ ഗൂഗിൾ അതിൻ്റെ ബിസിനസ് ലിസ്റ്റിംഗുകൾക്കുള്ളിലെ വ്യാജ അവലോകനങ്ങളെ ചെറുക്കുന്നതിൽ വേണ്ടത്ര നീക്കങ്ങൾ സ്വീകരിക്കുന്നില്ലെന്ന് ഉപഭോക്തൃ ഗ്രൂപ്പായ വിച്ച്?കണ്ടെത്തിയിരുന്നു.
Leave a Reply