ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയെ ഞെട്ടിച്ച സൗത്ത് ലണ്ടനിലെ ആസിഡ് ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു . 35 വയസ്സുകാരനായ അബ്ദുൾ ഷക്കൂർ ആണ് പ്രതിയെന്ന് പോലീസ് തിരിച്ചറിഞ്ഞു. ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുടെ വലതു കണ്ണിന് സാരമായ പരുക്ക് പറ്റിയിട്ടുണ്ട്. ഇത് ആസിഡ് ആക്രമണത്തിന്റെ ഭാഗമായി സംഭവിച്ചത് തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പ്രതി അപകടകാരിയാണെന്നും ഇയാളെ കാണുകയാണെങ്കിൽ എത്രയും പെട്ടെന്ന് 999 എന്ന നമ്പറിൽ വിളിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2016 -ലാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് ഇയാൾ ഒരു ലോറിയിൽ അനധികൃതമായി യുകെയിലേയ്ക്ക് കുടിയേറിയത് എന്നാണ് റിപ്പോർട്ടുകൾ. 2018 -ൽ ഇയാളെ ലൈംഗിക കുറ്റകൃത്യത്തിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. വടക്കൻ ലണ്ടനിലെ കാലിഡോണിയൻ റോഡിലെ ടെസ്കോ എക്സ്പ്രസ് കടയിൽ ഇയാൾ എത്തിയതിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. ആക്രമണം നടത്തിയതിന് ഏകദേശം 5.4 മൈൽ അകലെയാണ് പ്രസ്തുത സ്ഥലം . ആക്രമണം നടത്തുന്നതിന് ഏകദേശം 70 മിനിറ്റുകൾക്ക് ശേഷമുള്ളതാണ് പോലീസ് പുറത്തുവിട്ടിരിക്കുന്ന ചിത്രം .
ആക്രമണത്തിൽ അമ്മയ്ക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായ പരുക്ക് പറ്റിയതായാണ് റിപ്പോർട്ടുകൾ . ഇവരടക്കം എട്ടുപേർ ഇപ്പോൾ ആശുപത്രിയിലാണ് . ആക്രമണത്തിന് ഇരയായവർക്ക് പ്രതിയെ മുൻപരിചയം ഉണ്ടെന്നാണ് പോലീസ് അനുമാനിക്കുന്നത്. എന്നാൽ ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അമ്മയെയും രണ്ട് പിഞ്ചു കുഞ്ഞുങ്ങളെയുമാണ് അക്രമി ലക്ഷ്യംവെച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . മൂന്ന് പോലീസുകാരുൾപ്പെടെ മറ്റ് 6 പേർക്കും ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് പൊള്ളലേറ്റിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോർട്ടുകൾ. ക്രൂരവും ഞെട്ടിക്കുന്നതുമായ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് അലക്സാണ്ടർ കാസിൽ പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ആശുപത്രി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അറിയിക്കുന്നതായിരിക്കും എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
Leave a Reply