ഭാര്യയുടെ സാന്നിധ്യത്തിൽ മക്കളുമായുള്ള അടിപിടിക്കിടെ പിതാവിന് ദാരുണാന്ത്യം. വെളിയങ്കോട് കിണർ ബദർ പള്ളിയ്ക്ക് സമീപം പള്ളിയകായിൽ ഹംസ (65) യാണ് മക്കളുടെ മർദ്ദനമേറ്റ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഹംസയുടെ മകൻ ആബിദ് (35), മകൾ ഫെബീന (26), ആബിദിന്റെ ഭാര്യ അസീത (27) എന്നിവരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റുചെയ്തു.

ഹംസയുടെ ഭാര്യ സൈനബയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ചു. വ്യാഴാഴ്ച രാവിലെ പത്തിനാണ് സംഭവം നടന്നത്. ഇതേകുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഹംസയുമായി ഭാര്യയും മക്കളും കുടുംബപ്രശ്‌നമുണ്ടായിരുന്നു. ഇതിനിടയിൽ മക്കൾ സംരക്ഷിക്കുന്നില്ലെന്നും ഇറക്കിവിടാൻ ശ്രമിക്കുന്നെന്നും കൊല്ലുമെന്ന് ഭീഷണിയുണ്ടെന്നും കാണിച്ച് മകൻ ആബിദിനെതിരെ ഹംസ പോലീസിൽ പരാതി നൽകിയിരുന്നു. ഒക്ടോബർ ഒന്നിനാണ് ഹംസ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്. ഇതിനിടയിൽ ഹംസ ഇറക്കിവിട്ടെന്ന് പറഞ്ഞ് ഭാര്യ സൈനബ ചെന്നൈയിലുള്ള മകളുടെ അടുത്തേക്കുപോയി. ആബിദ് ഭാര്യയുടെ വീട്ടിലും കഴിയുകയായിരുന്നു. ഇതിനിടയിൽ സൈനബ പൊന്നാനി മുൻസിഫ് കോടതിയെ സമീപിച്ചു. വീട്ടിൽ കയറുന്നതിന് ഇവർക്ക് മാത്രമായി കോടതി അനുമതി നൽകി.

ഈ ഉത്തരവുമായി വ്യാഴാഴ്ച സൈനബ വെളിയങ്കോട്ടെ വീട്ടിൽ എത്തിയപ്പോൾ കൂടെ രണ്ടുമക്കളും മരുമകളും ഉണ്ടായിരുന്നു. വീട്ടിലെത്തിയ ഭാര്യയും മക്കളും ഹംസയും തമ്മിൽ ബഹളമുണ്ടായി. തുടർന്നുണ്ടായ സംഘർഷത്തിൽ മക്കളുടേയും മരുമകളുടേയും അടിയേറ്റാണ് ഹൃദ്രോഗിയായ ഹംസ ബോധംകെട്ടു വീണത്. ഇതിനിടെ മകൻ ആബിദ് വീട്ടിൽ അടിനടക്കുന്നുവെന്ന് പറഞ്ഞ് പോലീസിനെ വിളിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പിഡിപി സ്ഥാനാർത്ഥി കുന്നത്ത് മൊയ്തുണ്ണിയും പ്രവർത്തകനും ഹംസയുടെ വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടപ്പോൾ വെള്ളം കൊടുക്കാൻ ഹംസയുടെ മക്കളോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്ന് സ്ഥാനാർത്ഥിയായ മൊയ്തുണ്ണി പറഞ്ഞു. പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.

മക്കളുടെ അടിയേറ്റ ഉടനെ മരിച്ചതാവാമെന്നാണ് പോലീസ് നിഗമനം. കൊല്ലപ്പെട്ട ഹംസയുടെ മുഖത്ത് പരിക്കുള്ളതായും പ്രതികൾക്കെതിരേ നരഹത്യയ്ക്ക് കേസെടുത്തതായും പെരുമ്പടപ്പ് സർക്കിൾ ഇൻസ്‌പെക്ടർ കേഴ്‌സൺ മാർക്കോസ് പറഞ്ഞു.