കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള ആഗോള സമരത്തിനു തുടക്കമായി. ലോകമെമ്പാടുമുള്ള നാലായിരത്തിലധികം സ്ഥലങ്ങളിൽ സമരം അലയടിക്കും. കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരത്തിന് തുടക്കം കുറിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്നത്. മുന്‍ വെള്ളിയാഴ്ച സമരങ്ങളില്‍നിന്നും വ്യത്യസ്തമായി മുതിര്‍ന്നവരും സമരത്തില്‍ പങ്കെടുക്കും.

150 ലധികം രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമായിരിക്കും ഇതെന്നാണ് ചിലര്‍ പറയുന്നത്. വെള്ളിയാഴ്ച സമരത്തിന് തുടക്കം കുറിച്ച പ്രമുഖ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഫോസിൽ ഇന്ധനം ഉത്പാദിപ്പിക്കുന്നവര്‍ അതിന്‍റെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളാണെന്നും അവര്‍ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സമരപരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ‘ക്ലൈമറ്റ് മാർച്ച്‌’ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽത്തന്നെ ആദ്യമായാകും ഇത്തരത്തിൽ ഒരു മാർച്ച് സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക, മാലിന്യരഹിത പരിസരം എന്നിവയാണ് കേരളത്തില്‍ നിന്നും ഉയരുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങള്‍. യു.എസിലും ചിലിയിലുമായി വരും ദിവസങ്ങളില്‍ നടക്കാന്‍പോകുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ചുവടുപിടിച്ചാണ് കുട്ടികളുടെ നേതൃത്വത്തില്‍ ആഗോള സമരത്തിന് തുടക്കം കുറിക്കുന്നത്.

അപകടകരമായ കാലാവസ്ഥാ മാറ്റത്തില്‍ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം എന്ന് ഗ്രെറ്റ തൻബെർഗ് പറയുന്നു. സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്താണ് എത്തിയിരിക്കുന്നത്.