ലണ്ടന്‍: കോള ഉല്‍പ്പന്നങ്ങളോടുള്ള ജനപ്രീതി ഇടിയുകയും വിപണി തകരുകയും ചെയ്ത സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ കോക്കകോള ഒരുങ്ങുന്നു. തങ്ങളുടെ ജീവനക്കാരുടെ എണ്ണത്തില്‍ 20 ശതമാനം കുറവ് വരുത്താനാണ് തയ്യാറെടുക്കുന്നതെന്ന് അമേരിക്കന്‍ ശീതള പാനീയ ഭീമന്‍ വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ 1200 കോര്‍പറേറ്റ് തസ്തികകള്‍ ഇല്ലാതാക്കും. 800 മില്യന്‍ ഡോളറിന്റെ ചെലവ് ഈ നടപടിയിലൂടെ കുറയ്ക്കാനാകുമെന്നാണ് കമ്പനി കണക്ക്കൂട്ടുന്നത്.
2019ഓടെ 3.8 ബില്യന്‍ ഡോളറിന്റെ ചെലവ്ചുരുക്കല്‍ നടപടികളാണ് കോക്കകോള നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. 5500 കോര്‍പറേറ്റ് ജീവനക്കാരെ ഒഴിവാക്കാനാണ് അടുത്ത പടിയായി ഉദ്ദേശിക്കുന്നത്. കോര്‍പറേറ്റ് ജീവനക്കാരുടെ 22 ശതമാനം വരും ഇത്. മൊത്തം ജീവനക്കാരില്‍ ഒരു ശതമാനം മാത്രമാണ് ഇത്. 100,300 ജീവനക്കാരാണ് കമ്പനിക്ക് ആകെയുള്ളത്. ആഗോളതലത്തില്‍ പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായാണ് കോക്കകോളയുടെ വിപണി വിഹിതത്തിലും കുറവുണ്ടായത്.
2017ന്റെ ആദ്യ മൂന്നു മാസങ്ങളില്‍ ആഗോള വിപണിയില്‍ കോക്കകോളയുടെ വിപണിവിഹിതം ഒരു ശതമാനം ഇടിഞ്ഞതായാണ് കണക്ക്. അമേരിക്കയിലും യൂറോപ്പിലും ജനങ്ങള്‍ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന തോതിലുള്ള ഇത്തരം പാനീയങ്ങള്‍ ഒഴിവാക്കുകയാണ്. ഇങ്ങനെയാണെങ്കില്‍ ഈ വര്‍ഷത്തെ ലാഭത്തില്‍ ഒന്ന് മുതല്‍ മൂന്ന് ശതമാനം വരെ ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നെസ്ലെ പോലുള്ള കമ്പനികള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഗവേഷണങ്ങളിലാണ്.
Leave a Reply