അതീവ ഗുരുതരമായ വൃക്കരോഗങ്ങളുള്ളവര്‍ക്ക് കാപ്പി രക്ഷകനാകുന്നുവെന്ന് പഠനം. രോഗികളുടെ മരണ സാധ്യത കുറയ്ക്കാന്‍ കാപ്പിക്ക് കഴിയുമെന്നാണ് പുതിയ പഠനം പറയുന്നത്. രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെയുള്ള വസ്തുക്കള്‍ കലരുന്നത് തടയാന്‍ കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന് സാധിക്കുമെന്നാണ് വ്യക്തമായിരിക്കുന്നത്. ഗുരുതരമായ വൃക്കരോഗം ബാധിച്ചവര്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ മരിക്കാനുള്ള സാധ്യത കാപ്പിയുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്. അമേരിക്കയിലാണ് പഠനം നടത്തിയത്. ക്ലാസ്, വംശം, വരുമാനം, പുകവലി തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചു നടത്തിയ പഠനത്തിലും കാപ്പിയുടെ ഗുണഫലം തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാപ്പി ഉപയോഗിക്കുന്നവര്‍ മിഡില്‍ ക്ലാസ് വൈറ്റ് പുരുഷന്‍മാരാണ്. 4680 മുതിര്‍ന്നവരുടെ 11 വര്‍ഷത്തെ ജീവിതശൈലിയാണ് പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സെന്‍ട്രല്‍ ഹോസ്പിറ്റല്‍ പഠനവിധേയമാക്കിയത്. അവരില്‍ കടുത്ത വൃക്ക രോഗമുള്ളവരില്‍ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറഞ്ഞതായിരുന്നുവെന്ന് കണ്ടെത്തി. പഠന റിപ്പോര്‍ട്ട് നെഫ്രോളജി ഡയാലിസിസ് ട്രാന്‍സ്പ്ലാന്റേഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 89 ശതമാനം പേര്‍ ദിവസവും കാപ്പി കുടിക്കുന്ന അമേരിക്ക തന്നെയാണ് ഈ പഠനം നടത്താന്‍ ഏറ്റവും അനുയോജ്യമായ സ്ഥലം. ഇവിടെ ജനസംഖ്യയില്‍ 14 ശതമാനം പേര്‍ വൃക്കരോഗികളുമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്രോണിക് കിഡ്‌നി ഡിസീസ് ഉള്ളവരില്‍ കോഫി ഉപയോഗം ഉണ്ടാക്കുന്ന ഗുണഫലങ്ങളെക്കുറിച്ച് പഠനം വ്യക്തമായ ധാരണ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. വൃക്കരോഗികള്‍ക്ക് കാപ്പി കുടിക്കാനുള്ള നിര്‍ദേശം നല്‍കാമെന്നും ഇത് മരണ സാധ്യത കുറയ്ക്കുമെന്നും ഗവേഷണം നയിച്ച മിഗ്വല്‍ ബിഗോട്ട് വെയ്‌റ പറഞ്ഞു. ഇതിന് ഒരു ക്ലിനിക്കല്‍ ട്രയലിന്റെ സ്ഥിരീകരണം ആവശ്യമുണ്ടെങ്കിലും വളരെ ചെലവ് കുറഞ്ഞതും ലളിതവുമായ സമ്പ്രദായമെന്ന നിലയില്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാവുന്നതാണെന്നും മിഗ്വല്‍ പറഞ്ഞു.