ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉയർന്ന ചെലവുകളും വർദ്ധിച്ചു വരുന്ന നിക്ഷേപ ആവശ്യങ്ങളും പരിഗണിച്ച് അടുത്ത 5 വർഷത്തിനുള്ളിൽ യുകെയിലെ വാട്ടർ ബില്ലുകളിൽ ആദ്യം പ്രതീക്ഷിച്ചതിലും കൂടുതൽ വർദ്ധനവ് വരുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. വാട്ടർ റെഗുലേറ്ററായ ഓഫ്വാട്ട് 2025-നും 2030-നും ഇടയിൽ 19 പൗണ്ട് വാർഷിക വർദ്ധനവ് ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പ്രാബല്യത്തിൽ വരുമ്പോൾ ഉണ്ടാകുന്ന വർദ്ധനവ് ഇതിൽ കൂടുതൽ ഉണ്ടാകുമെന്ന് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


വാട്ടർ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിനും ജനസംഖ്യാ വളർച്ചയെ നേരിടുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പരിഹരിക്കുന്നതിനും ഈ വർദ്ധനവ് ആവശ്യമാണെന്നാണ് വർദ്ധനവിന് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. 1930 കളുടെ അവസാനത്തോടെ നടന്ന സ്വകാര്യ വത്കരണത്തിന് ശേഷമുള്ള വാട്ടർ ഇൻഡസ്ട്രിയുടെ നവീകരണത്തിന് കമ്പനികൾ തയ്യാറെടുക്കുകയാണ്. ഇതിനായുള്ള പണചിലവ് കണ്ടെത്തുന്നതും വാട്ടർ ബില്ലുകളുടെ വർദ്ധനവിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. സതേൺ വാട്ടറിന്റെ 44 ശതമാനവും അഫിനിറ്റി വാട്ടർ 6 ശതമാനവും വർദ്ധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി, തുടക്കത്തിൽ അംഗീകരിച്ച 23% എന്നതിനേക്കാൾ 59% വർദ്ധനവ് തേംസ് വാട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.


ഓഫ് വാട്ട് വാട്ടർ ബില്ലുകളിലെ വർദ്ധനവ് പരിഗണിക്കുന്നതിന് ഒരു കാരണം ചെലവുകളിലെ വർദ്ധനവാണ് എന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. പക്ഷേ വാട്ടർ കമ്പനികളുടെ സേവനത്തിന്റെ കാര്യത്തിൽ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും കാര്യമായ അമർഷമുണ്ട് . മലിനീകരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് വാട്ടർ കമ്പനികൾ പിഴ അടയ്ക്കേണ്ടതായും വന്നിരുന്നു . ചുരുക്കത്തിൽ വാട്ടർ കമ്പനികളുടെ പ്രവർത്തനങ്ങളിൽ ഉപഭോക്താക്കൾ സന്തുഷ്ടരല്ലന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഈ ഒരു സാഹചര്യത്തിൽ ബില്ലുകളിൽ വരുത്തുന്ന വർദ്ധനവ് വൻ പ്രതിഷേധത്തിന് കാരണമാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.