ടോം ജോസ് തടിയംപാട്
എന്റെ പ്രിയ സുഹൃത്ത് സുഗതന്‍ തെക്കെപ്പുര കഴിഞ്ഞ ദിവസം ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ച കമ്മ്യൂണിസം എന്നാല്‍ ഫാസിസമാണ് എന്ന അഭിപ്രായത്തിനു വിശദമായ ഒരു മറുപടി മലയാളം യുകെ വഴി നല്‍കുകയുണ്ടായി. വളരെ ആദരവോടെ പറയട്ടെ ഞാന്‍ യുകെ യില്‍ കണ്ടു മുട്ടിയ ഏറ്റവും വിവേകിയും ചിന്താശക്തിയുള്ള നല്ല മനുഷ്യനുമാണ് സുഗതന്‍. എന്നാല്‍ പലപ്പോഴും അദേഹത്തിന്റെ ആശയങ്ങള്‍ യഥാസ്ഥിതിക യഹൂദരെ പോലെയാണ്. അവര്‍ ഭൂമിയില്‍ കാണുന്ന ഏകജീവി യഹൂദര്‍ മാത്രമണ് എന്നപോലെ സുഗതന്‍ കാണുന്നത് കമ്മ്യൂണിസ്റ്റ് സൂചിക്കുഴയില്‍ കൂടി മാത്രമാണ് എന്നു വിനയത്തോടെ പറയാതിരിക്കാന്‍ കഴിയുന്നില്ല.
മാര്‍ക്‌സ് അദ്ദേഹത്തിന്റെ ആശയങ്ങള്‍ രൂപീകരിക്കുന്നത് വ്യവസായ വിപ്ലവത്തിന് ശേഷമുണ്ടായ മുതലാളിത്ത ചൂഷണത്തിന് എതിരെ തന്നെയായിരുന്നു എന്നതില്‍ സുഗതനെപ്പോലെ എനിക്കും സംശയമില്ല. അതിലൂടെ ദിവസം എട്ടു മണിക്കൂര്‍ ജോലി, ആഴ്ചയില്‍ മാക്‌സിമം നാല്‍പ്പതു മണിക്കൂര്‍ മാത്രം ജോലി, സ്ത്രീകള്‍ക്ക് സീനിയര്‍ പോസ്റ്റുകളില്‍ നിയമനം, പാവപ്പെട്ടവര്‍ക്ക് പഠിക്കാന്‍ പണം ഇതെല്ലാം ആ ഭരണകൂടം ഉണ്ടാക്കിയ നേട്ടങ്ങള്‍ മാത്രമാണ് എന്നതിലും എനിക്കു സംശയമില്ല. എന്നാല്‍ ഇതെല്ലാം നല്‍കിയത് മനുഷ്യരുടെ കൈകള്‍ കെട്ടിയിട്ടു കൊണ്ടായിരുന്നു. അതോടൊപ്പം അവരുടെ എല്ലാ സ്വാതന്ത്ര്യവും നിഷേധിച്ചുകൊണ്ടായിരുന്നു എന്നും വിസ്മരിക്കരുത്
മാര്‍ക്‌സ് പറയുന്നത് ഒരു ഉല്‍പ്പന്നം രൂപപ്പെടുന്നതിനു വേണ്ട കാര്യങ്ങള്‍ എന്നു പറയുന്നത് മനുഷ്യാദ്ധ്വാനവും അതിനുവേണ്ട മെറ്റീരിയലും മാത്രമാണ്. അതുകൊണ്ട് തന്നെ ഒരു ഉല്‍പ്പാദനത്തിനും മുതലാളി എന്ന ഇടനിലക്കാരന്‍ ആവശ്യമില്ല എന്നാണ്. എന്നാല്‍ ഇവിടെ അദ്ദേഹം കാണാതെ പോകുന്നത് ആധുനിക ലോകത്തെ മാര്‍ക്കറ്റിംഗും മാനേജ്‌മെന്റുമാണ്.
ഈ അദ്ധ്വാന വര്‍ഗത്തെ ഉയര്‍ത്താന്‍ അദ്ദേഹം കണ്ടെത്തിയ ആശയപൂര്‍ത്തീകരണത്തിനുവേണ്ടി അദ്ദേഹം എഴുതി ഉണ്ടാക്കിയ മാനിഫെസ്റ്റോ തന്നെ ഫാസിസത്തില്‍ ഊന്നി നില്‍ക്കുന്നു. അതില്‍ പറയുന്നത് ഏക പാര്‍ട്ടിയെപ്പറ്റിയും ഏക ബാങ്കിംഗ്, ഏക പത്രം, മുതലായ പത്ത് ഓട്ടോക്രാറ്റിക് സ്ഥാപനങ്ങളെ പറ്റിയാണ്. ഒരു വശത്ത് കമ്മ്യൂണൂകളെ പറ്റിയും മനുഷ്യ സ്വാതന്ത്ര്യത്തെപ്പറ്റിയും പറയുമ്പോള്‍ മറുവശത്ത് തികഞ്ഞ ഏകാധിപത്യ പ്രവണതയാണ് കാണാന്‍ കഴിയുന്നത്.
സോവിയറ്റ് യുണിയനില്‍ ലെനിന്റെ നേതൃത്തില്‍ അധികാരത്തില്‍ വന്ന ബോള്‍ഷെവിക്ക് പാര്‍ട്ടിയില്‍ ലെനിന് എതിരെ നിന്ന ട്രോട്‌സ്‌ക്കി ഉള്‍പ്പെടെയുള്ള മെന്‍ഷെവിക്ക് ഗ്രൂപ്പിനെ തകര്‍ത്തു ലെനിന്റെ നേതൃത്വത്തില്‍ ഉള്ള ഗ്രൂപ്പ് അധികാരം കയ്യിലാക്കുകയും എതിരെ നിന്നവരെയെല്ലാം തകര്‍ക്കുകയും ചെയ്തത് വിവേകിയായ സുഗതന് അറിവില്ലാത്ത കാര്യമല്ല. ലെനിനെ തുടര്‍ന്നു അധികാരത്തില്‍ വന്ന കൊലയാളി നേതാവ് എന്നു പാര്‍ട്ടിയില്‍ അറിയപ്പെടുന്ന സ്റ്റാലിന്‍ ചെയ്തത് ട്രോട്‌സ്‌കി ഉള്‍പ്പെടെയുള്ളവരെ കശാപ്പു ചെയ്യുകയാണ്. ഇതിനെ ഫാസിസം എന്നല്ലാതെ എന്താണ് പറയുക. ഇതു തന്നെയല്ലേ ടി.പി.ചന്ദ്രശേഖരനോടും ജയകൃഷ്ണന്‍ മാസ്റ്ററോടും കേരളത്തിലെ സി പി എം കാണിച്ചതും. അതുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ ഫാസിസ്റ്റുകളാണ് എന്നതില്‍ എനിക്കു ലേശം പോലും സംശയമില്ല.
സുഗതന്‍ റൂസോയുടെ സോഷ്യല്‍ തിയറിയെപ്പറ്റി പറഞ്ഞു. എന്നാല്‍ വോള്‍ട്ടയര്‍ പറഞ്ഞ ഏറ്റവും ശ്രദ്ധേയ വാക്കുകളാണ് ഇത് Judge of a man by his questions rather than by his answers.I disapprove of what you say, but will defend to the death your right to say it.. മനുഷ്യ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്ന ഈ വാക്കുകള്‍ ലോകത്ത് എവിടെയെങ്കിലും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ അംഗീകരിച്ചിട്ടുണ്ട് എന്നു താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?
ഹിറ്റ്‌ലര്‍ കിഴടക്കിയ പോളണ്ടില്‍ ഹിറ്റ്‌ലര്‍ക്ക് എതിരെ റഷ്യയുടെയും പോളണ്ടിന്റെയും അതിര്‍ത്തിയില്‍ യുദ്ധം ചെയ്തിരുന്ന ഇരുപത്തിരായിരം പോളിഷ് പട്ടാളക്കാരെ പിടിച്ചു KTYN FOREST ല്‍ കൊണ്ടുപോയി കൊന്നുകളഞ്ഞത് സ്റ്റാലിന്‍ ആയിരുന്നു. ഈ മഹാക്രൂരത ചെയ്യാന്‍ സ്റ്റാലിന്റെ പോളിറ്റ് ബ്യൂറോ അനുവദിച്ചിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ട്. ഹിറ്റ്‌ലര്‍ക്ക് എതിരെ ജനവികാരം ഉയര്‍ത്താന്‍ വേണ്ടിയുള്ള സ്റ്റാലിന്റെ തന്ത്രമായിരുന്നു ഇതെന്നു ചരിത്രം പറയുന്നു. ഇതിനെ ഫാസിസം എന്നല്ലാതെ എന്താണ് വിളിക്കുക. ഇതിന്റെ ഭീകരത അറിയാന്‍ KTYN FOREST എന്നു ഗൂഗിള്‍ ചെയ്താല്‍ മതി.
ലോകത്ത് കമ്മറ്റി കൂടി ആളെകൊല്ലാന്‍ തീരുമാനിക്കുന്ന ഗ്രൂപ്പുകള്‍ എന്നു പറയുന്നത് കൊള്ളക്കാരും കമ്മ്യൂണിസ്റ്റുകളും മാത്രമാണ്. കമ്മ്യൂണിസ്റ്റുകള്‍ ഭരിച്ച ഒരു സ്ഥലത്തും ബഹുസ്വരത അംഗീകരിച്ചിരുന്നില്ല എന്നത് നിഷേധിക്കാന്‍ കഴിയുമോ? ബംഗാളില്‍ നിങ്ങള്‍ കാണിച്ച ക്രൂരതകൊണ്ട് നിങ്ങള്‍ക്ക് അവിടെ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയായില്ലേ? വിപ്ലവത്തിലൂടെ നിങ്ങള്‍ ഭരിച്ച ലോകത്തെ ഏതു രാജ്യത്തു നിന്നാണ് നിങ്ങളെ തിരസ്‌കരിക്കാത്തത്? കാരണം നിങ്ങള്‍ നടത്തിയ ഫാസിസം തന്നെയാണ്.. എന്നു സുഗതന്‍ മറക്കുന്നു
ഫാസിസം എന്നാ ഫിലോസഫി ഉടലെടുക്കാന്‍ തന്നെ കാരണം ഒരു സമൂഹം വളരണമെങ്കില്‍ അവിടെ തികഞ്ഞ അച്ചടക്കം വേണം എന്ന കാഴ്ചപ്പാടില്‍ നിന്നുമാണ്. ഇറ്റാലിയന്‍ വേര്‍ഡ് fascismo യില്‍ നിന്നും രൂപപ്പെട്ട fascio എന്നതിന്റെ അര്‍ത്ഥം എന്നുപറയുന്നത് a bundle of rods, എന്നാണ് ജോര്‍ജ് സൊറല്‍ എന്ന ഫ്രാന്‍സ് കാരന്റെ revolutionary syndicalism എന്ന രാഷ്ട്രിയ ചിന്തയില്‍ നിന്നുമാണ് ഫാസിസത്തിന്റെ ബീജാവാഹം നടന്നത് എന്നാണ് പറയപ്പെടുന്നത്. ഇത് ഒരു ജന്മി മതാധിഷ്ഠിത ബൂര്‍ഷ്വാ ആശയമായിരുന്നു. 1920ല്‍ ലെനിന്റെ നേതൃത്വത്തില്‍ സോവിറ്റ് യൂണിയനില്‍ രൂപപ്പെട്ട കേന്ദ്രീകൃത ഏകാധിപത്യ ഭരണകൂടത്തെ നേരിടാന്‍ ഇത്തരം ഒരു ആശയം അനിവാര്യമാണ് എന്ന ചിന്തയില്‍ നിന്നും ഉരുത്തിരിഞ്ഞതാണ് ഫാസിസം.
പിന്നിട് ഫാസിസം വളര്‍ന്നു പന്തലിച്ചത് ക്രിസ്ത്യന്‍ രാജ്യമായ ഇറ്റലിയില്‍ മുസോളിനിയുടെ നേതൃത്വത്തിലാണ്. അത് പിന്നീട് ജര്‍മ്മനിയിലേക്ക് വളര്‍ന്നു പന്തലിച്ചു. ഫാസിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട് എന്നുപറയുന്നത് സ്റ്റേറ്റ് എല്ലാത്തിനും മുകളിലാണ്, എല്ലാവരും സ്റ്റേറ്റിനെ അനുസരിച്ചേ മതിയാകു എന്നതിലാണ്. സ്റ്റേറ്റ് ഭരിക്കുന്ന ആരോ അവര്‍ക്ക് അടിമയായി ജീവിക്കുക മാത്രമേ ജനങ്ങള്‍ക്ക് വഴിയുള്ളൂ. ഫാസിസത്തിന്റെ ചിഹ്നം തന്നെ അതിന്റെ ഭീകരത സൂചിപ്പിക്കുന്നു. ഒരു കെട്ട് കമ്പിയും ഒരു മഴുവുമാണ് ചിഹ്നം. ഇതിനര്‍ത്ഥം സ്റ്റേറ്റിന് അല്ലെങ്കില്‍ സ്റ്റേറ്റ് ഭരിക്കുന്നവന് എതിര് നില്‍ക്കുന്നവനെ ഈ കമ്പികൊണ്ട് അല്ലെങ്കില്‍ മഴുകൊണ്ട് അടിച്ചമര്‍ത്തും എന്നതായിരുന്നു.
കമ്മ്യൂണിസം ഫാസിസവും ഭയപ്പെടുന്നത് ലിബറല്‍ ജനാധിപത്യ രാഷ്ട്രിയ സംഹിതകളെയായിരുന്നു. ഇവര്‍ രണ്ടും രാഷ്ട്രീയ ശക്തികളെ കൊന്നൊടുക്കുന്നതില്‍ ഒരേ തൂവല്‍ പക്ഷികള്‍ തന്നെയായിരുന്നു. അസഹിഷ്ണുതയും വെറുപ്പും ആയിരുന്നു ഇവര്‍ രണ്ടുപേര്‍ക്കും എതിരാളികളോട്. അതുകൊണ്ട് തന്നെ ഇവര്‍ രണ്ടുപേര്‍ക്കും ഫാസിസത്തിന്റെ തിവ്രതയുടെ കാര്യത്തില്‍ ഉള്ള വ്യത്യാസം മൂര്‍ഖനും അണലിയും തമ്മിലുള്ള വ്യത്യാസം മാത്രം.
Also read :
കമ്മ്യൂണിസം ഫാസിസമോ; ടോം ജോസിന് മറുപടിയുമായി സുഗതന്‍ തെക്കെപ്പുര
Leave a Reply